കെ.ടി.ജലീൽ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: കോവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരുടെ ചിത്രം അടക്കം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് മാധ്യമം പത്രത്തിനെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുല്‍ ജനറലിന്റെ പി.എയ്ക്ക് കത്തയച്ചതെന്ന് മുന്‍മന്ത്രി കെ.ടി. ജലീല്‍. പത്രം നിരോധിക്കുന്നതിന് ജലീല്‍ സഹായം ആവശ്യപ്പെട്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഫോട്ടോ വെച്ചുകൊണ്ട് മാധ്യമം ദിനപ്പത്രം ഫീച്ചര്‍ പ്രസിദ്ധീകരിച്ചു. അത് ഇവിടെയുള്ള പ്രവാസികള്‍ക്കിടയില്‍ വല്ലാത്ത അങ്കലാപ്പും ധാര്‍മിക രോഷവും ഉണ്ടാക്കി- ജലീല്‍ പറഞ്ഞു.
പത്രം ചെയ്തതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിച്ചുകൊണ്ട് അന്നത്തെ കോണ്‍സുല്‍ ജനറലിന്റെ പി.എയ്ക്ക് വാട്ട്‌സ് ആപ്പ് സന്ദേശം
അയച്ചിരുന്നു. സ്വപ്‌നയായിരുന്നു അന്ന് പി.എ. പേഴ്‌സണല്‍ മെയില്‍ ഐഡിയില്‍നിന്ന് കോണ്‍സല്‍ ജനറലിന്റെ ഒഫിഷ്യല്‍ ഐഡിയിലേക്ക് ഇതിന്റെ കോപ്പി അയക്കുകയും ചെയ്തു. ഇതില്‍ എവിടെയും ഏതെങ്കിലും പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടേയില്ല. ഇക്കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ഉചിതമായ നടപടി എടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗികമായി ആര്‍ക്കും കത്തെഴുതിയിട്ടില്ല. നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല. പത്രം നിരോധിച്ചാല്‍ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നേട്ടം തനിക്ക് ഉണ്ടാകുമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെയെന്നും ജലീല്‍ പറഞ്ഞു. കത്തെഴുതിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലെന്നും ജലീല്‍ അവകാശപ്പെട്ടു.
ഒരു ചെറിയ കാലയളവ് ഒരു ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ജീവിതത്തില്‍ ഇന്നുവരെ ഒരു ബിസിനസിലും പങ്കാളിത്തം ഉണ്ടായിട്ടില്ല. ഗള്‍ഫിലെന്നല്ല, ലോകത്ത് ഒരിടത്തും ബിസിനസ് ഇല്ല. കോണ്‍സുല്‍ ജനറലുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്രത്തെ യു.എ.ഇയില്‍ നിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് തന്നോടും യു.എ.ഇ. കോണ്‍സുല്‍ ജനറലിനോടും ജലീല്‍ ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഈ പത്രത്തെ നിരോധിക്കാനായാല്‍ രാഷ്ട്രീയമായും പാര്‍ട്ടിയിലും തനിക്ക് ഏറെ മൈലേജ് ഉണ്ടാക്കിത്തരുന്ന കാര്യമായിരിക്കും ഇതെന്നും ജലീല്‍ പറഞ്ഞതായി സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: KT Jaleel's replay to Swapna Suresh's allegations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..