കൊണ്ടോട്ടി: 1,10,000 രൂപ ശമ്പളം വാങ്ങുന്ന ഒരാൾ 86,000 രൂപയ്ക്ക് ജോലി എടുക്കാന്‍ വേണ്ടി വരുമ്പോള്‍ ആ ചെറുപ്പക്കാരനെ അഭിനന്ദിക്കാന്‍ തയ്യാറാവണമെന്ന് മന്ത്രി കെ.ടി ജലീല്‍. വിവാദ ബന്ധു നിയമനം സംബന്ധിച്ച് പ്രതികരിക്കുയായിരുന്നു മന്ത്രി.

കൂടിയ ശമ്പളം ലഭിക്കുന്ന ജോലി വേണ്ടെന്ന് വെച്ചാണ് അദീപ് ഈ ജോലി സ്വീകരിച്ചത്. ഇത് ബന്ധു നിയമനമല്ല. ജോലിയില്ലാത്ത ആളെ കൊണ്ടു വന്ന് സ്ഥാനത്തിരുത്തിയതല്ല. താല്‍ക്കാലിക നിയമനം മാത്രമാണിതെന്നും ജലീല്‍ വ്യക്തമാക്കി. 

അഭിമുഖത്തില്‍ പങ്കെടുത്ത് ലീഗ് അനുഭാവിക്ക് പോലും തന്നെ അവഗണിച്ചു എന്ന പരാതിയില്ല. മൂന്നാം ഏജന്‍സിയെ കൊണ്ടുള്ള അന്വേഷണം മാധ്യമങ്ങള്‍ക്ക് നടത്താം. മാധ്യമങ്ങളാണിപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മാധ്യമങ്ങളാണ് യോഗ്യതകള്‍ പോലും തീരുമാനിക്കുന്നത്. ഈ പദവിയിലേക്ക് സ്ഥിരനിയമനം നടത്താന്‍ കഴിയില്ല. ഏതെങ്കിലും ആളുകളെ ഈ പദവിയിലേക്ക് നിയമിക്കാനും കഴിയില്ല. ഈ വിവാദവുമായി ബന്ധപ്പെട്ട സി.പി.എം നിലപാട് കോടിയേരി ബാലകൃഷ്ണന്‍ ശക്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.