തലശ്ശേരി: ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ കെ.ടി ജലീലിനെതിരെ പുതിയ ആരോപണം ഉന്നയിച്ച ലീഗ് നേതാവ് കെ.എം ഷാജിയെ തള്ളി മന്ത്രി. ഷാജിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ ജലീല്‍ താന്‍ ചട്ടപ്രകാരം മാത്രമേ പ്രവര്‍ത്തിക്കു എന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

തദ്ദേശസ്വയംഭരണ വകുപ്പ് താന്‍ ഒഴിഞ്ഞിട്ട് ഏറെ നാളുകളായി. താന്‍ അനധികൃതമായി തിരിച്ചെടുത്തു എന്ന് ആരോപിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനായ രാമകൃഷ്ണനെ തനിക്കറിയില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവാദമായ നിയമനം താല്‍ക്കാലിക നിയമനമാണ്. അതിനാല്‍ വിജിലന്‍സ് പരിശോധന ആവശ്യമില്ലെന്നും കെ.ടി ജലീല്‍ തലശ്ശേരിയില്‍ വ്യക്തമാക്കി. 

ഗുരുതര നിയമലംഘനങ്ങളെത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ട ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനെ മന്ത്രി അനധികൃതമായി ആറുദിവസത്തിനകം തിരിച്ചെടുത്തു എന്നതായിരുന്നു കെ.എം ഷാജി ഉയര്‍ത്തിയ ആരോപണം. തദ്ദേശവകുപ്പ് ഉദ്യോഗസ്ഥനായ വി. രാമകൃഷ്ണന്‍ എലപ്പുള്ളി പഞ്ചായത്തില്‍ യു.ഡി. ക്ലാര്‍ക്ക് ആയിരിക്കേ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതുമൂലം പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലേക്ക് സ്ഥലംമാറ്റപ്പെട്ടു. അന്വേഷണത്തില്‍ 146 തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയതായി വ്യക്തമായതിനെത്തുടര്‍ന്ന് 2017 ജൂണ്‍ എട്ടിന് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു.

എന്നാല്‍, ഇദ്ദേഹം മന്ത്രി ജലീലിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താതെ ആറുദിവസത്തിനകം തിരിച്ചെടുത്തു. ഇതിനായി മന്ത്രി തന്നെയാണ് തദ്ദേശവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയത്. കച്ചവട മാഫിയക്ക് വേണ്ടി കൃത്യമായ താത്പര്യങ്ങളോടെയാണിത് ചെയ്തതെന്നും ഈ വിഷയത്തില്‍ നിയമനടപടി തേടി ഹൈക്കോടതിയെ സമീപിച്ചതായും ഷാജി പറഞ്ഞു

അതേസമയം ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ യൂത്ത് ലീഗ്‌ പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.