
മുഖ്യമന്ത്രി പിണറായി വിജയൻ, കെടി ജലീൽ | ഫൊട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മന്ത്രി ജലീല്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിക്കെതിരെ പരാതികള്‍ വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ അതില്‍ വ്യക്തത തേടും. അത് സ്വാഭാവികമാണ്. അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ. തെറ്റുചെയ്തെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെടി ജലീലിന്റെ ഇടപെടലില്‍ ഖുറാന് വിതരണം ചെയ്തതാണല്ലോ പരാതിക്കിടയാക്കിയത്. ഖുറാന് വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിട്ടില്ല. സക്കാത്ത് വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. ഖുറാന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജലീലിനെയാണ് യുഎഇ കോണ്‍സുലേറ്റ് അധികൃതര്‍ ബന്ധപ്പെട്ടത്. അദ്ദേഹം അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ല.
ഖുറാന് ഒളിച്ചുകടത്തി വന്നതല്ല. സാധാരണ മാര്‍ഗത്തിലൂടെ വന്നതാണ്. അത് ക്ലിയര്‍ ചെയ്ത് കൊടുത്തവരുണ്ട്. ഇവിടെ അത് സ്വീകരിച്ചവരുണ്ട്. അത് കഴിഞ്ഞതിനു ശേഷം ഖുറാന് കുറച്ച് ബാക്കിയുണ്ട് അത് വിതരണം ചെയ്യാന്‍ സഹായിക്കണമെന്നാണ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത്. ജലീല്‍ ആണ് സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയിലാണ് കെടി ജലീലിനെ അവര്‍ സമീപിച്ചത്. അതില്‍ തെറ്റില്ല. എന്നിരുന്നാലും ഇക്കാരണത്താല്‍ കോണ്‍ഗ്രസും ബിജെപിയുമെല്ലാം അദ്ദേഹത്തിനെതിരെ പരാതി കൊടുത്തു. കോണ്‍ഗ്രസും ബിജെപിയും പരാതി കൊടുത്തത് മനസ്സിലാക്കാം. എന്നാല്‍ ലീഗ് എന്തിനാണ് ഇവര്‍ക്കൊപ്പം ഒത്തുചേര്‍ന്ന് പരാതി കൊടുത്തത് എന്ന് മനസ്സിലാവുന്നില്ല.
റമദാന് കാലത്ത് ഖുറാന് നല്കുന്നതില് അസ്വഭാവികതയില്ല. മടിയില്‍ കനമില്ല എന്നതുകൊണ്ടാണ് നേരെ പോയി ചോദ്യം ചെയ്യാന്‍ ഹാജരാവുന്നത്. ഓഫീസ് സമയം ആരംഭിക്കുന്നതിന് മുന്‍പ് ജലീല്‍ എന്‍ഐഎ ഓഫീസില്‍ ഹാജരായത് നിലവിലെ പ്രതിഷേധസാഹചര്യം കണക്കിലെടുത്താണ്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അറിയാനാണ് എന്‍ഐഎ വിളിപ്പിച്ചതാണ്. ചോദ്യം ചെയ്തത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബുധനാഴ്ച രാവിലെ മുതലാണ് കെടി ജലീലിനെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്തത്. രാവിലെ 9 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറോളം നീണ്ടു.
Content Highlights: KT Jaleel need not to move from ministers position says CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..