മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി. ജലീലും| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. വ്യാഴാഴ്ച കാലത്ത് ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എ.ആര്.നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ ഉന്നയിച്ച ആരോപണത്തെ തള്ളിക്കളഞ്ഞതിന് തൊട്ടുപിറകേയാണ് മുഖ്യമന്ത്രി ജലീലിനെ വിളിപ്പിച്ചത്. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ വിവാദത്തില്‍ ഇ.ഡിക്ക് മുന്നില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പോകുന്നതിന്റെ മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത് എന്നതും ശ്രദ്ധേയമാണ്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ജലീല്‍ കൊച്ചിയിലേക്ക് തിരിച്ചു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ.ഡിക്ക് മുമ്പാകെ തെളിവുകള്‍ ഹാജരാകാനാണ് ജലീല്‍ കൊച്ചിയിലേക്ക് പോയത്. നാലു മണിയോടെ ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തും.
മുഖ്യമന്ത്രിയെ കണ്ടെന്നും വിശദമായി കാര്യങ്ങള്‍ സംസാരിച്ചെന്നും ജലീല്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ-ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ല്‍ കച്ചമുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണുമെന്നും ജലീല്‍ പറഞ്ഞു.
'സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. 'ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്തേനെ' എന്ന വരികള്‍ എത്ര പ്രസക്തം! ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എ.ആര്. നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്ജിന്' മതിയാകാതെ വരും!??' ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
'എ.ആര് നഗര്‍ പൂരം ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുളള ഇടപെടലിനാല്‍ വളാഞ്ചേരി നിലയത്തില്‍ നിന്നുളള വെടിക്കെട്ടുകള്‍ താല്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നു' എന്ന മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനുള്ള മറുപടി കൂടി ചേര്‍ത്തായിരുന്നു ജലീലിന്റെ പോസ്റ്റ്.
Content Highlights: KT Jaleel met Chief Minister Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..