കൊച്ചി: ലോകായുക്തയുടെ ഉത്തരവില്‍ അടിയന്തിര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള കെ.ടി. ജലീലിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയില്‍ ഹര്‍ജി മാറ്റിവെച്ചത്. കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നുണ്ടോ എന്ന് വാദത്തിനിടയില്‍ ഹൈക്കോടതി ആരാഞ്ഞിരുന്നു.

ലോകായുക്ത ഉത്തരവ് നിയമപരമല്ല എന്നാണ് കെ.ടി.ജലീലിന്റെ പ്രധാന ആരോപണം. ലോകായുക്ത ഉത്തരവിലേക്ക് നയിച്ച നടപടിക്രമങ്ങള്‍ ശരിയായ രീതിയിലുള്ളതല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. പ്രാഥമിക അന്വേഷണവും അതിന് ശേഷം നടത്തേണ്ട വിശദമായ അന്വേഷണവും നിയമപ്രകാരം നടത്താതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നാണാണ് അദ്ദേഹം ആരോപിച്ചത്. 

ഇരുവിഭാഗത്തിന്റെയും സത്യവാങ്മൂലം പരിഗണിച്ചുള്ള വിധിന്യായമാണ് ലോകായുക്തയുടെ ഭാഗത്തുനിന്നുണ്ടായത്. അത് നിയമപരമായി ശരിയല്ല. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കിയില്ലെന്നും സ്വാഭാവിക നീതിയുടെ നിഷേധമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പം സ്റ്റേ അവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. 

എന്നാല്‍ ഇക്കാര്യങ്ങളില്‍ പിന്നീട് വിധിപറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നുണ്ടോ എന്ന് വാദത്തിനിടയില്‍ ഹൈക്കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ആരാഞ്ഞു. തുടരുന്നില്ല, രാജിവെച്ചു എന്ന് അഭിഭാഷകന്‍ മറുപടി പറഞ്ഞു. അതുകൊണ്ട് കൂടിയാണ് സ്റ്റേ ആവശ്യത്തില്‍ അടിയന്തിര തീരുമാനത്തിലേക്ക് ഹൈക്കോടതി പോകാതിരുന്നത്. 

Content Highlights: KT Jaleel, Lokayukta, kerala high court