Photo: Mathrubhumi
കോഴിക്കോട്: ലോകായുക്തയ്‌ക്കെതിരെ വിമര്‍ശനവുമായി വീണ്ടും കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും' എന്ന തലക്കെട്ടിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ടി. ജലീല്‍ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.
തനിക്കെതിരായ കേസില്‍ അസാധാരണ വേഗത്തിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫ് വിധി പറഞ്ഞതെന്ന് ജലീല്‍ ആരോപിച്ചു. പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വിധി പറഞ്ഞു. വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചുവെന്നും കെ.ടി ജലീല്‍ പരിഹസിക്കുന്നു.
'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും' എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. 'എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുന്‍കൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല- ജലീല്‍ കുറിച്ചു.
ജസ്റ്റിസ് സിറിയക് ജോസഫിനെ പരോക്ഷമായി ലക്ഷ്യം വെച്ചുകൊണ്ട് നേരത്തെയും ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. മുമ്പ് യു.ഡി.എഫ്. നേതാവിനെ പ്രമാദമായ ഒരു കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദരഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍ എന്നാണ് പേരെടുത്തുപറയാതെ ജലീല്‍ വിശേഷിപ്പിച്ചിരുന്നത്. ഈ ഏമാന്‍ തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും ജലീല്‍ ആരോപിച്ചിരുന്നു.
ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന വിധിന്യായം പുറപ്പെടുവിച്ചത് സിറിയക് ജോസഫ് ലോകായുക്തയായി ഇരിക്കുമ്പോഴാണ്. ലോകായുക്തയുടെ അധികാരം ദുര്‍ബലപ്പെടുത്തുന്ന ഭേദഗതികളോടെ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിവാദമായിരിക്കുന്ന ഘട്ടത്തിലാണ് ജലീല്‍ ആരോപണവുമായി രംഗത്തുവരുന്നത്.
Content Highlights: KT Jaleel's Facebook post against Lokayukta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..