കെ.ടി. ജലീൽ | Photo: Mathrubhumi
തിരുവനന്തപുരം: ഗുണ്ടാ നേതാവും മുന്‍ എം.പിയുമായ അതീഖ് അഹമ്മദിനേയും സഹോദരനേയും പോലീസ് സാന്നിധ്യത്തില്‍ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കെ.ടി ജലീല്‍ എംഎല്‍എ. അതീഖ് അഹമ്മദ് കുറ്റവാളിയെങ്കില്‍ വിചാരണ നടത്തി തൂക്കുകയര്‍ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നതെന്ന് ജലീല്‍ ചോദിച്ചു. അതിന് കഴിയില്ലെന്ന ബോധ്യമാണോ യു.പി മന്ത്രിമാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പ്രകൃതി നിയമം' നടപ്പിലാക്കിയതിന് പിന്നിലെ രഹസ്യമെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യോഗിക്കും ബി.ജെ.പിക്കും എതിര് നില്‍ക്കുന്നവരെ കൊന്നുതള്ളുന്ന 'ജംഗിള്‍രാജ്' എവിടെച്ചെന്ന് അവസാനിക്കുമെന്നും ജലീല്‍ ചോദിച്ചു.
കൊലപാതക കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ ഉണ്ട് എന്നതാണ് അതീഖ് അഹമ്മദിനെയും സഹോദരനേയും തെരുവില്‍ പോലീസ് അകമ്പടിയില്‍ കൈകള്‍ ചങ്ങലയില്‍ പൂട്ടിയിട്ട് വെടിവെച്ച് കൊല്ലാന്‍ പ്രചോദനമെങ്കില്‍ അതിനെക്കാള്‍ ഗുരുതര കേസുകള്‍ ആരോപിക്കപ്പെടുന്ന അമിത്ഷാക്കെതിരെ ഏതുതരം നീതിയാണ് നടപ്പിലാക്കേണ്ടതെന്നും ജലീല്‍ ചോദിച്ചു. അമിത്ഷാ മാസങ്ങളോളം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ല. കൊലപാതക കേസുകളില്‍ പിടിക്കപ്പെട്ടതിന്റെ പേരില്‍. അദ്ദേഹത്തെ വിചാരണ ചെയ്ത ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട കേസുകളിലെ സാക്ഷികള്‍ 'പ്രകൃതി നിയമത്തിന്' പലപ്പോഴായി വിധേയരായിട്ടുണ്ട്. കുറ്റാരോപിതരെ തെരുവിലിട്ട് ആളുകള്‍ കാണ്‍കെ വെടിവെച്ച് കൊല്ലാന്‍ തുടങ്ങിയാല്‍ ഉത്തരേന്ത്യയിലെ എത്ര രാഷ്ട്രീയ നേതാക്കള്‍ ജീവനോടെ അവശേഷിക്കുമെന്നും ജലീല്‍ ചോദിച്ചു.
അതീഖ് അഹമ്മദിന് 1,400 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ആരോപണം. അതീഖിനെക്കാളധികം അനധികൃത സമ്പാദ്യങ്ങളുള്ള എത്ര പേര്‍ ഇന്ത്യയിലുണ്ട്? എന്തൊക്കെ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്കെതിരെ സ്വീകരിച്ചത്? അത്തരക്കാരുടെ അവിഹിത സ്വത്ത് നിയമാനുസരണം കണ്ടുകെട്ടുകയല്ലേ ചെയ്യേണ്ടത്? രണ്ട് ദിവസം മുമ്പാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ മകന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയത്. അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയല്ലല്ലോ ചെയ്തത്? ഒരേസമയം ഇഡിയുടെ 15 അംഗ സംഘമാണ് അതീഖ് അഹമ്മദിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചത്.
തന്റെ എതിരാളിയായ അതീഖിന്റെ കുടുംബത്തെ എത്ര ക്രൂരമായാണ് യോഗി ആദിത്യനാഥ് കൈകാര്യം ചെയ്തത്! ഒരു മകനെ വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊന്നു. രണ്ടു ആണ്‍മക്കളെ നേരത്തെ തന്നെ പല കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഭാര്യയെ കേസുകളില്‍ കുടുക്കി അറസ്റ്റിന് ശ്രമിച്ചു. അവര്‍ ഒളിവില്‍ പോയി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കളെ പോലീസ് പിടിച്ച് ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി. എല്ലാ പഴുതുകളും അടച്ച ശേഷം കയ്യാമം വെച്ച് പോലീസ് അകമ്പടിയില്‍ കൊണ്ടുപോകവെ അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊല്ലാന്‍ 'സ്വന്തക്കാര്‍ക്ക്' സാഹചര്യമൊരുക്കി. ഒരു ഏകാധിപത്യ രാജ്യത്ത് പോലും നടക്കാത്ത കിരാത സംഭവങ്ങളാണ് യു.പി യില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ജലീല്‍ ആരോപിച്ചു.
യോഗിയുടെ ആറുവര്‍ഷ ഭരണകാലയളവില്‍ പോലീസ് ഏറ്റുമുട്ടലുകളില്‍ മരിച്ചത് 184 പേരാണ്. ഇതില്‍ മഹാഭൂരിഭാഗവും മുസ്ലിങ്ങളാണ്. വിചാരണ ശരിയാംവിധം നടന്നാല്‍ കെട്ടിച്ചമച്ച കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയില്ലെന്ന ശങ്കയാണോ ഇവരെയൊക്കെ വെടിവെച്ച് കൊല്ലുന്ന 'ജംഗിള്‍രാജി'ലേക്ക് യോഗിയെ നയിച്ചത്? യു.പി യിലെ മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളും ദളിതുകളും വലിയ ഭയപ്പാടിലാണ് ജീവിക്കുന്നത്. വസ്തുതകള്‍ നേരിട്ടറിയാന്‍ ഇന്ത്യയിലെ മതനിരപേക്ഷ പാര്‍ട്ടികള്‍ ഒരു പ്രതിനിധി സംഘത്തെ യു.പിയിലേക്കയക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
കേരളത്തിലും ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്നരെയും വ്യാപാരികളെയും ലക്ഷ്യമിട്ട് സംഘി സംഘടനകള്‍ ഇറങ്ങിയിട്ടുണ്ട്. ലക്ഷങ്ങള്‍ സംഭാവന ചോദിക്കുക. കൊടുത്തില്ലെങ്കില്‍ ഭീഷണിപ്പെടുത്തുക. വഴങ്ങിയില്ലെങ്കില്‍ വിവിധ അന്വേഷണ സംഘങ്ങളെ വരുത്തി റെയ്ഡ് ചെയ്യിക്കുക. തുടര്‍ന്ന് കേസ് ഒതുക്കിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരായി എത്തുക. ലക്ഷങ്ങളും കോടികളും തന്നാല്‍ രക്ഷപ്പെടുത്തിത്തരാം എന്ന് ഓഫര്‍ വെക്കുക. തികച്ചും സംസ്‌കാര ശൂന്യമായ നെറികെട്ട പ്രവര്‍ത്തനമാണ് നാട്ടിന്‍പുറങ്ങളില്‍ പോലും വിവിധ പേരുകളില്‍ അറിയപ്പെടുന്ന സംഘി പ്രസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മറ്റുള്ളവര്‍ക്കൊക്കെ കൊടുക്കുന്ന സംഭാവനയേ അവനവന്റെ കഴിവനുസരിച്ച് ബി.ജെ.പിക്കും കൊടുക്കാവൂ. ഭീഷണിക്ക് വഴങ്ങി ഒരു രൂപ പോലും അധികം കൊടുത്തുപോകരുത്. ഓരോരുത്തരും സാമ്പത്തിക ഇടപാടുകള്‍ക്ക് കൃത്യമായ കണക്കും കയ്യും സൂക്ഷിക്കുക. ശരിയായി നികുതി കൊടുത്ത് കേന്ദ്ര ഭരണക്കാരുടെ ഭയപ്പെടുത്തലുകളില്‍ നിന്ന് മോചനം നേടുക. സംഘികള്‍ക്ക് 'കപ്പം' കൊടുത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാണെന്നും ജലീല്‍ വിമര്‍ശിച്ചു.
Content Highlights: kt jaleel criticism against up government over atique ahmed murder


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..