കെടി ജലീൽ, പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസിനെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ രേഖകള്‍ പുറത്തുവിട്ട് കെ.ടി ജലീല്‍. എം.ജി സര്‍വകലാശാല വി.സിയായി ഡോ.ജാന്‍സി ജെയിംസിന്റെ നിയമനത്തിന് വേണ്ടി പ്രമാദമായ കേസില്‍ നിന്ന് കോണ്‍ഗ്രസ് നേതാവിനെ രക്ഷപ്പെടുത്തിയെന്നായിരുന്നു കെ.ടി ജലീലിന്റെ ആരോപണം. ഇത് സാധൂകരിക്കുന്നതിനായി 2005ലെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ വിധിപകര്‍പ്പും അതുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന എംജി സര്‍വകലാശാലയിലെ വി.സി നിയമനത്തിന്റെ രേഖയുമാണ് ഫെയ്സ്ബുക്കിലൂടെ ജലീല്‍ പുറത്തുവിട്ടത്.
ലോകായുക്ത ജസ്റ്റിസിനെതിരെ നിശിതമായ വിമര്‍ശനമാണ് കെടി ജലീല്‍ ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ചത്. തക്കപ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്ത് കടുംകൈയും ആര്‍ക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്ത എന്നായിരുന്നു ജലീലിന്റെ ആരോപണം. ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു ആരോപണം.
മഹാത്മാഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദരഭാര്യയ്ക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ഫെയ്സ്ബുക്കില്‍ പറഞ്ഞു.
അതേസമയം ജലീലിന്റെ വിമര്‍ശനം അതിരുവിട്ടുപോയെന്നും ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണ് ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..