എ.ആര്‍.നഗര്‍ ബാങ്കില്‍ 1021 കോടിയുടെ ക്രമക്കേട്; സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടി- ആരോപണവുമായി ജലീല്‍


കെ.ടി. ജലീൽ | ഫൊട്ടൊ: അജിത് ശങ്കരൻ മാതൃഭൂമി

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി കെ.ടി.ജലീല്‍. മലപ്പുറം എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ജലീല്‍ ആരോപിച്ചു. ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. തട്ടിപ്പിന്റെ സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് പറഞ്ഞ ജലീല്‍ ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലക്കുട്ടിയില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു.

പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ 50,000ല്‍ പരം അംഗങ്ങളും 80,000ല്‍ പരം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമര്‍ ഐഡികളില്‍ മാത്രം 862 വ്യജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ.ഹരികുമാര്‍ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് 862 വ്യാജ ബിനാമി അക്കൗണ്ടുകള്‍.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകള്‍ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്‍കം ടാക്‌സ് വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 257 കസ്റ്റമര്‍ ഐഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടുപാട് കണ്ടെത്തിയിരിക്കുന്നത്. എആര്‍ നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐഡിയും പരിശോധിച്ചാല്‍, കള്ളപ്പണ ഇടപാടില്‍ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകല്‍ക്കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി.

കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും നടന്നുവരികയാണ്. ടൈറ്റാനിയം അഴിമതിയിലൂടെ ആര്‍ജിച്ച പണമാകണം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ വ്യാജ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് തീയതിയും വര്‍ഷവും പരിശോധിക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കുക. മലബാര്‍ സിമിന്റ്‌സ്, കെ.എം.എം.എല്‍. തുടങ്ങിയ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ നിന്ന് സമാഹരിക്കപ്പെട്ട തുകയും ഈ ബാങ്കില്‍ നിക്ഷേപിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കുഞ്ഞാലിക്കുട്ടിയുടെ മകന്‍ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് എആര്‍ നഗര്‍ ബാങ്കില്‍ നടത്തിയ മൂന്ന് കോടിയുടെ നിക്ഷേപം ആര്‍ബിഐയുടെ അന്വേഷണ പരിധിയിലാണുള്ളത്. മുന്‍ താനൂര്‍ എംഎല്‍എയും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയുടെ 50 ലക്ഷം അടക്കം പല ലീഗ് നേതാക്കള്‍ക്കും യഥേഷ്ടം വാരിക്കോരി നല്‍കിയിട്ടുള്ള അനധികൃത വായിപ്പകളുടേയും ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ബാങ്കിന്റെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ കസ്റ്റമര്‍ മേല്‍വിലാസങ്ങള്‍ വ്യാപകമായി മായിച്ചുകളഞ്ഞ് കൃത്രിമം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെ 12 ജീവനക്കാരുടെ പേരില്‍ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപമുള്ളതായി അന്വേണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തിരുവനന്തപുരം കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരം സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കുന്ന പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ പരിശോധിക്കാന്‍ എആര്‍ നഗര്‍ ബാങ്കിലെ ഹരികുമാറും സംഘവും സമ്മതിച്ചിരുന്നില്ല. ദേശദ്രോഹ - സ്വര്‍ണ്ണ കള്ളക്കടത്ത് സംബന്ധിച്ച് വിവരത്തിലേക്കും ഇത് വിരല്‍ചൂണ്ടുന്നുണ്ട്. രാജ്യത്ത് കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിന് വേണ്ടികൊണ്ടുവന്ന ഇന്‍കം ടാക്‌സ് നിയമം 269 ടിക്ക് വിരുദ്ധമായിട്ടാണ് എആര്‍ നഗര്‍ ബാങ്കിലെ ഇടപാടുകളെല്ലാം നടന്നിട്ടുള്ളത്.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ ഈ ബാങ്കില്‍ നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഹരികുമാര്‍ ജോലി ചെയ്ത 40 വര്‍ഷത്തെ ഇത്തരം ഇടപാടുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഭയാനകമാകും പുറത്തുവരുന്ന വസ്തുതകള്‍. 2012-13 കാലഘട്ടത്തില്‍ 2.5 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ അഴിമതിയാണ് ബാങ്കില്‍ നടന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവിയുടെ പേരില്‍ മാത്രം വിവിധ കസ്റ്റമര്‍ ഐഡികളിലെ വ്യത്യസ്ത അക്കൗണ്ടുകളിലായി 2 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ഇന്‍കം ടാകാസ് ആക്റ്റിന് വിരുദ്ധമായി നടത്തിയ ഇടപാടുകളെന്ന് കണ്ടെത്തിയ 1021 കോടി രൂപ സാധാരണഗതിയില്‍ ബാങ്കിന് പിഴ ഒടുക്കേണ്ടിവരും. ബാങ്കിന്റെ അല്ലാത്ത കാരണത്താല്‍ 1021 കോടി പിഴ ഒടുക്കേണ്ടിവരുമ്പോള്‍ തകരുന്നത് ഒരു സഹകരണ സ്ഥാപനമാണ്. ബാങ്കിലെ 50,000ല്‍ പരം വരുന്ന അംഗങ്ങളില്‍ ഭൂരിഭാഗവും ലീഗിന്റെ സാധാരണ പ്രവര്‍ത്തകരും അനുയായികളുമാണ്. ബാങ്കില്‍ നടന്ന തീവെട്ടിക്കൊള്ളക്ക് ഉത്തരവാദി കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍ ഹരികുമാറും മറ്റുചില ലീഗ് നേതാക്കളുമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പിഴയിനത്തില്‍ നഷ്ടമാകുന്ന 1021 കോടി ഇവരില്‍ നിന്ന് ഈാടാക്കി ബാങ്കിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

Content Highlights: KT Jaleel against P K Kunhalikutty, AR Nagar Service Co-Operative Bank

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented