തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തുമെന്ന മുസ്ലിംലീഗ് നിലപാടിനെതിരെ ആഞ്ഞടിച്ച് കെ.ടി.ജലീല്‍ എംഎല്‍എ.

വിവിധ മുസ്ലിം സംഘടനകളിലെ ലീഗുകാരായ രണ്ടാം നിരക്കാരായവരാണ് കോഴിക്കോട് ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതെന്ന് ജലീല്‍ ആരോപിച്ചു. പള്ളികള്‍ രാഷ്ട്രീയ ദുര്‍ലാക്കോടെയുള്ള സമരങ്ങള്‍ക്ക് വേദിയാക്കിയാല്‍ അമ്പലങ്ങളും ചര്‍ച്ചുകളും സമാനമായി  ദുരുപയോഗം ചെയ്യില്ലേ? അപ്പോള്‍ ലീഗിന്റെ അഭിപ്രായം എന്താകുമെന്നും ജലീല്‍ ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ.ടി.ജലീലിന്റെ ഫെയ്‌സ്ബുക്ക് പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം...

ലീഗിനിത് എന്തുപറ്റി? 
പള്ളികള്‍ രാഷ്ട്രീയ ദുര്‍ലാക്കോടെയുള്ള സമരങ്ങള്‍ക്ക് വേദിയാക്കിയാല്‍ അമ്പലങ്ങളും ചര്‍ച്ചുകളും സമാനമായി  ദുരുപയോഗം ചെയ്യില്ലേ? അപ്പോള്‍ ലീഗിന്റെ അഭിപ്രായം എന്താകും? മുസ്ലിം സമുദായത്തിലെ എല്ലാ സംഘടനകളും ഒരുപോലെ യോജിക്കുന്ന വിഷയങ്ങളില്‍ (ശരീഅത്ത്‌, പൗരത്വം, മുത്തലാഖ്) പള്ളികളില്‍ വെച്ച് ഉല്‍ബോധനങ്ങള്‍ നടന്നിട്ടുണ്ട്. 

എന്നാല്‍ ലീഗ്  ഇപ്പോള്‍ പറയുന്ന കാരണങ്ങള്‍ തീര്‍ത്തും രാഷ്ട്രീയ വിരോധത്തോടെയുള്ളതാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നിരവധി പള്ളികളുടെ നിയന്ത്രണമുള്ള ശൈഖുനാ എ.പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗം ലീഗ് തട്ടിപ്പടച്ചുണ്ടാക്കിയ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് വിട്ട് നിന്നതും ലീഗിന്റെ നിലപാടിനോട് വിയോജിച്ചതും. 

ഏറ്റവുമധികം പള്ളികളുള്ള സമസ്തയുടെ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളോ ജനറല്‍ സെക്രട്ടറി പ്രൊ: ആലിക്കുട്ടി മുസ്ല്യാരോ കോഡിനേഷന്‍ കമ്മിറ്റിയില്‍ പങ്കെടുത്തിട്ടില്ല. ദക്ഷിണ കേരള ജംഇയ്യത്തും ഉലമയുടെ പ്രധാനികളാരും ലീഗ് ഉപഗ്രഹ യോഗത്തില്‍ സംബന്ധിച്ചതായി അറിവില്ല. വിവിധ മുസ്ലിം സംഘടനകളിലെ ലീഗുകാരായ രണ്ടാം നിരക്കാരായവര്‍ പങ്കെടുത്ത യോഗമാണ് കോഴിക്കോട്ട് നടന്നത്‌.

രാഷ്ട്രീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരിക. പള്ളികള്‍ മുസ്ലിം ലീഗിന്റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കണം. കേരളത്തിലെ  മഹല്ലുകമ്മിറ്റികളില്‍ (കരയോഗം/ഇടവക) കാലങ്ങളായി നിലനില്‍ക്കുന്ന ഐക്യത്തിന്റെ കടക്കാണ് ലീഗ് പുതിയ നീക്കത്തിലൂടെ കത്തിവെക്കുന്നത്. വെള്ളിയാഴ്ച പള്ളികളില്‍ ലീഗനുകൂല ഇമാമുമാര്‍ പ്രസംഗിക്കുമ്പോള്‍ എതിരഭിപ്രായമുള്ളവര്‍ അതിനോട് പ്രതികരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സ്വാഭാവികമായും അത് തര്‍ക്കങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ഇടവെച്ചേക്കും. നിരവധി പള്ളികളുടെ 'ഖാളി' സ്ഥാനം അലങ്കരിക്കുന്ന ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈ തീക്കളിയില്‍ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.