തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി എ കെ ബാലന് നേരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡില്‍ വെച്ചായിരുന്നു മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചത്. രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. 

നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിയെ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കരിങ്കൊടി കാണിച്ചത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടു. ബാക്കി മൂന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ksu protest
മന്ത്രി എ കെ ബാലന്റെ വാഹനത്തിന്  നേരെ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കുന്നു. ഫോട്ടോ: എസ് ശ്രീകേഷ്

പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ സ്ത്രീയ്ക്ക് പരിക്കേറ്റു. നിലത്തു വീണതിനെ തുടര്‍ന്ന് ഇവരുടെ കൈയ്ക്ക് പരിക്കേറ്റതായാണ് സൂചന. ഇവരെ പോലീസ് പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോയി. 

വാളയാര്‍ സംഭവത്തില്‍ മന്ത്രി എ കെ ബാലന് നേരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ടാഗോര്‍ ഹാളിന് സമീപം മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ എബിവിപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

 

Content Highlights: KSU workers arrested as waved black fag against Minister A K Balan