കെ.എം. അഭിജിത്ത്, അഭിജിത്ത് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വ്യാജകത്ത് | Photo: Mathrubhumi and facebook.com|KMAbhijithINC
തിരുവനന്തപുരം: കാവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് സമ്മതപത്രം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും കോവിഡ് പോസിറ്റീവായതിന്റെ പേരില്‍ കഴിഞ്ഞ 24 മണിക്കൂറായി വേട്ടയാടുന്നുവെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്.
വ്യാജ കത്തിന്റെ പേരില്‍ പ്രചരണം നടത്തുന്നവര്‍ നാളെ തന്റെ പേരില്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ വരെ ഉണ്ടാക്കിയേക്കാമെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഭിജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കെ.എം. അഭിജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സുഹൃത്തുക്കളേ, ഞാന്‍ നല്‍കിയതെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും, ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന സമ്മതപത്രമാണ് ചുവടെ. ഞാനോ സഹപ്രവര്‍ത്തകന്‍ ബാഹുലോ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സമ്മതപത്രം ആര്‍ക്കും നല്‍കിയിട്ടില്ല. മാത്രവുമല്ല എന്റെയോ, ബാഹുലിന്റെയോ കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ല. പിന്നെ ആര്‍ക്കു വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നത്?
ശരിയാണ്, എനിക്ക് കോവിഡ് പോസിറ്റീവാണ്. അതിന് കഴിഞ്ഞ 24 മണിക്കൂറായി നിങ്ങള്‍ ഒരുപാട് വേട്ടയാടി. ഇന്ന് വ്യാജ കത്തിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ നാളെ ഒരുപക്ഷേ എന്റെ പേരില്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ വരെ ഉണ്ടാക്കിയേക്കാം. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
രാഷട്രീയമായ ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ നിങ്ങളില്‍നിന്ന് ആദ്യമായല്ല എനിയ്‌ക്കേറ്റുവാങ്ങേണ്ടി വരുന്നത്. അപ്പോഴൊന്നും തളരാതെ മുന്നോട്ടു വന്നത് കൂടെ എന്റെ പ്രസ്ഥാനവും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്ളതുകൊണ്ടാണ്. പറഞ്ഞല്ലോ ഞാന്‍ കോവിഡ് രോഗം പിടിപെട്ട് ചികിത്സയില്‍ ആണ്, എങ്കിലും നാളിതുവരെ കടന്നുവന്ന അതേ കരുത്തില്‍ ഈ കുപ്രചരണങ്ങളെയും നേരിടും.
Content Highlights: KSU president k m abhijith , false identity during COVID
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..