തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധിച്ച് ചോദ്യപേപ്പര്‍ തട്ടിയെടുത്ത് വലിച്ചെറിഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് സംഭവം. പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് കെ.എസ്.യു നേരത്തെ പറഞ്ഞിരുന്നു. കെ.എസ്.യു ജില്ലാ ഭാരവാഹികളാണ് കോളേജിലെ പരീക്ഷാ വിഭാഗത്തില്‍ കയറി ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തട്ടിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞത്.

രാവിലെ പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചോദ്യപേപ്പര്‍ ഫയല്‍ പരീക്ഷയ്ക്ക് മുമ്പ് പൊട്ടിച്ചതിനാല്‍ അധികൃതര്‍ പരീക്ഷ റദ്ദാക്കി. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായി പരീക്ഷാ ഹാളുകളിലേക്ക് വിതരണം ചെയ്തതിന് പിന്നാലെയാണ് മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പരീക്ഷാ വിഭാഗത്തിലേക്ക് അതിക്രമിച്ചു കയറി ചോദ്യപേപ്പര്‍ തട്ടിയെടുത്തത്. 

വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിന് മുമ്പ് ചോദ്യപേപ്പര്‍ പുറത്തുവന്നതിനാലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. ഗ്രാഫ് പേപ്പറുകളാണ് ഇവര്‍ വലിച്ചെറിഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.

മുന്‍കരുതലെന്ന നിലയിലാണ് പരീക്ഷ റദ്ദാക്കിയത്. ഇതിന് പിന്നാലെ കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഒടുവില്‍ പോലീസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്. സ്ഥലത്ത് പോലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

Content Highlights: KSU activists threw away question papers prior to exam