ആൻമേരി കോലഞ്ചേരി മെഡിക്കൽ കോളേജിൽ
കൊച്ചി: അപകടത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തയായിട്ടില്ലെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ആന്‍മേരി. ദൈവകൃപയും ഭാഗ്യവുമാണ് തനിക്ക് ജീവന്‍ തിരികെ നല്‍കിയതെന്ന് അവിനാശിയില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരിയായ ഈ വിദ്യാര്‍ഥിനി പറയുന്നു.
ബെംഗളൂരുവില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയായ ആന്‍മേരി ബെംഗളൂരുവില്‍ നിന്ന് യാത്ര തുടങ്ങിയത് ഡ്രൈവര്‍ക്ക് തൊട്ടുപിന്നിലെ സീറ്റിലിരുന്നായിരുന്നു. എന്നാല്‍, പിന്നീട് മറ്റൊരു യാത്രക്കാരന് സീറ്റ് നല്‍കുന്നതിനായി കണ്ടക്ടര്‍ ആന്‍മേരിയെ ഇടതുവശത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി.
പുലര്‍ച്ചെ കോയമ്പത്തൂരിന് സമീപം അപകടത്തില്‍ പെട്ട ബസിന്റെ വലതുഭാഗത്താണ് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയത്. ആന്‍മേരി ആദ്യം യാത്രചെയ്തിരുന്ന സീറ്റിലിരുന്ന യാത്രക്കാരനും കണ്ടക്ടറും ഡ്രൈവറും ഉള്‍പ്പെടെ 19 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.
ഇടിയുടെ ആഘാതത്തില്‍ വലതു വശത്തിരുന്ന ഒരാള്‍ ആന്‍മേരി ഇരുന്ന ഇടതുഭാഗത്തെ വിന്‍ഡോയുടെ ചില്ല് തകര്‍ത്തുകൊണ്ട് പുറത്തേക്ക് തെറിച്ചുവീണു. വിന്‍ഡോ പൊട്ടിയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍, തന്നെ കണ്ടെത്താനും ബസിന് പുറത്തെത്തിക്കാനുമായെന്ന് ആന്‍മേരി പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
സാരമായ പരിക്കുകളില്ലെന്ന് വ്യക്തമായതോടെ ആന്‍മേരിയെ രക്ഷാപ്രവര്‍ത്തകര്‍ മറ്റൊരു ബസില്‍ കയറ്റി വിടുകയായിരുന്നു. നാട്ടിലെത്തിയ ആന്‍മേരിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആഘാതത്തില്‍ തോളെല്ലിനേറ്റ ക്ഷതമൊഴികെ ആന്‍മേരിക്ക് സാരമായ പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്.
Content Highlights: KSRTC Volvo Accident- ann mary who escaped from the accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..