തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഗുണനിലവാരം കൂടിയതും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങള്‍ നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തുടനീളം പെട്രോള്‍-ഡീസല്‍ പമ്പുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. 

കെ.എസ്.ആര്‍.ടി.സിയുടെ, നിലവില്‍ ഉള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത്. ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. ഇത് കെ.എസ്.ആര്‍.ടി.സിയെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകള്‍ നൂറു ദിവസത്തിനകം തുടങ്ങും. ഇതിനുള്ള അനുമതി ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്പുകള്‍ തുടങ്ങുക.

മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂര്‍, കോഴിക്കോട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസല്‍ പമ്പുകളോടൊപ്പം പെട്രോള്‍ പമ്പുകളും തുടങ്ങും. കെ.എസ്.ആര്‍.ടി.സിക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ലെന്നും മുഴുവന്‍ ചെലവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് മുടക്കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Content Highlights: KSRTC to set up petrol pumps at 67 depots to supply fuel to private vehicles