തിരുവനന്തപുരം: നഗരത്തിൽ കെ.എസ്.ആർ.ടി.സി.യുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ കെ.ടി.ഡി.എഫ്.സി. വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിൽനിന്ന് ബസ്‌സ്റ്റാൻഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണിത്.

രണ്ടാംഘട്ടത്തിൽ 500 ഇലക്ട്രിക് ഓട്ടോകൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ വാങ്ങും. മൂന്നാംഘട്ടത്തിൽ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സർക്കാർവകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങും.

തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതിബസുകൾ വാങ്ങും. ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും ഇ.ടി. ടൈസന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ഇരുചക്രവാഹനം ഉപയോഗിച്ച് തൊഴിലുകളിൽ ഏർപ്പെടുന്നവർക്കായി ഈ സാമ്പത്തികവർഷം 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും വാങ്ങാൻ 200 കോടിയുടെ വായ്പപ്പദ്ധതി ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് രൂപംനൽകിയിട്ടുണ്ട്. പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുന്നതിന് 15 കോടി വകയിരുത്തി.