പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് പുതിയതായി 700 ബസുകള്‍ വാങ്ങാന്‍ തീരുമാനം. ഇന്ധനവിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗതമായി വാങ്ങിയിരുന്ന ഡീസല്‍ എന്ജിന് ബസുകള്‍ക്ക് പകരം സി.എന്‍.ജി. ബസുകളാണ് വാങ്ങുന്നത്.
455 കോടി രൂപ മുതല്‍ മുടക്കിയാണ് ബസുകള്‍ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശ നിരക്കില്‍ കെ.എസ്.ആര്.ടി.സിക്ക് കിഫ്ബി അനുവദിക്കും. ബസുകള്‍ വാങ്ങാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഉണ്ടായത്.
700 സി.എന്‍.ജി. ബസുകളും കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റിന് വേണ്ടിയാണ് വാങ്ങുന്നത്. ഇപ്പോള്‍ കെ.എസ്.ആര്.ടി.സിയുടെ ഭാഗമായ 700 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ റൂട്ടാണ് ഇങ്ങനെ സ്വിഫ്റ്റിലേക്ക് പോകുന്നത്. സ്വിഫ്റ്റിന് വഴിമാറുന്ന ബസുകള്‍, പുതിയ ബസുകള്‍ വരുന്ന മുറയ്ക്ക് ഓര്‍ഡിനറി സര്‍വീസിന് വേണ്ടി ഉപയോഗിക്കും. ജീവനക്കാരെ പുനഃക്രമീകരിച്ചാണ് സര്‍വീസ് നടത്തുക.
പ്രവര്‍ത്തന ചിലവില്‍ സിംഹഭാഗവും ഇന്ധനത്തിന് വേണ്ടി വിനിയോഗിക്കേണ്ടി വരുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സി.എന്‍.ജി. ബസിലേക്ക് മാറുന്നത്. ഇതുവഴി ചിലവ് കുറച്ച് ലാഭം കൂട്ടാനാണ് കെ.എസ്.ആര്.ടി.സി. ലക്ഷ്യമിടുന്നത്.
കെഎസ്ആര്‍ടിസി-സ്വിഫ്റ്റിന് 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചു. കിഫ്ബിയില്‍നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍ വാങ്ങുമെന്നും മന്ത്രി പറഞ്ഞു കെഎസ്ആര്‍ടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്.
2017-ന് ശേഷം ഈ വര്‍ഷമാണ് 116 പുതിയ ബസുകള്‍ വാങ്ങി കെഎസ്ആര്‍ടിസി-സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകള്‍ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്ആര്‍ടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. പുതിയ ബസുകള്‍ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..