തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഇനി വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഇന്‍ട്രൊഡക്ടറി ഓഫറിലാണ് പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനാവുക. ഡിസംബര്‍ ആറ് മുതല്‍ 2022 ജനുവരി 15 വരെ സര്‍ക്കുലര്‍ സര്‍വ്വീസില്‍ 10 രൂപ ടിക്കറ്റില്‍ നഗരത്തില്‍ ഒരു സര്‍ക്കിളില്‍ യാത്ര ചെയ്യാം. 

തിരുവനന്തപുരം നഗരത്തില്‍ എവിടെ നിന്നും കയറി ഒരു ബസില്‍, ഒരു ട്രിപ്പില്‍ എവിടെയും ഇറങ്ങുന്നതിനോ, ഒരു സര്‍ക്കിള്‍ പൂര്‍ത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. ക്രിസ്മസ്, പുതുവത്സര, ശബരിമല സീസനോട് അനുബന്ധിച്ചാണ് സര്‍ക്കുലര്‍ യാത്രക്ക് 10 രൂപ മാത്രം ഈടാക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. 

നേരത്തെ മിനിമം ചാര്‍ജ് 10 രൂപയില്‍ തുടങ്ങി  30 വരെയായിരുന്നു ഒരു സര്‍ക്കുലര്‍ ടിക്കറ്റ് ചാര്‍ജ്. എന്നാല്‍ പദ്ധതി നഗര വാസികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ക്രിസ്മസ്- പുതുവത്സര- ശബരിമല സീസനോട് അനുന്ധിച്ച് കൂടുല്‍ പേരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയത്. അതേ സമയം 50 രൂപയുടെ ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എല്ലാ സര്‍ക്കിളുകളിലും ടിക്കറ്റ് എടുത്ത സമയം മുതല്‍  24 മണിക്കൂര്‍ സമയം യാത്ര ചെയ്യാവുന്ന ഗുഡ് ഡേ ടിക്കറ്റ് തുടരുകയും ചെയ്യും.

തലസ്ഥാനത്തെ വ്യാവസായിക- സാംസ്‌കാരിക പ്രമുഖര്‍ സിറ്റി സര്‍ക്കുലറില്‍ യാത്ര ചെയ്തു

വിദേശ രാജ്യങ്ങളിലെ പ്രധാന പട്ടണങ്ങളില്‍ മാത്രം യാത്ര ചെയ്തിരുന്ന സര്‍ക്കുലര്‍ സര്‍വ്വീസില്‍ തിരുവനന്തപുരം നഗരത്തില്‍ യാത്ര ചെയ്തതിന്റെ സന്തോഷത്തിലാണ് നഗരത്തിലെ വ്യാവസായിക- സാംസ്‌കാരിക പ്രമുഖകര്‍. ബിസിനസ് ആവശ്യങ്ങള്‍ക്കും , സിനിമാ ചിത്രീതകരണത്തിനുമൊക്കെയായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടത്തെ പബ്ലിക് യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്ന ചേമ്പര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ എസ്.എന്‍ .രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസ്, നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജും, ടൂറിസം രംഗത്തെ പ്രമുഖന്‍ ഇ.എം. നജീബ്,  ആര്‍ക്കിടെക് എന്‍. മഹേഷ്, ടിഎടിഎഫ് സെക്രട്ടരി  കെ. ശ്രീകാന്ത്, ബേബി മാത്യു മുളമൂട്ടില്‍ ഫിനാന്‍സ്, മുത്തൂറ്റ് ജോണി എന്നിവരോടൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി ഫിനാന്‍സ് ആര്‍.കെ. സിംഗ് ഐഎഎസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഗതാഗത സെക്രട്ടറിയും, കെഎസ്ആര്‍ടിസി സിഎംഡിയുമായ ബിജുപ്രഭാകര്‍ ഐഎഎസ് എന്നിവരോടൊപ്പം സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസില്‍ യാത്ര ചെയ്തത് പ്രത്യേക അനുഭവമായി. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ്  ഇവര്‍ കനകക്കുന്നിന് മുന്നില്‍ നിന്നും ബസിന് കൈകാണിച്ച് യാത്ര ചെയ്തത്.  ബസില്‍ കയറിയ എല്ലാവരും 50 രൂപയുടെ ഗുഡ് ഡേ ടിക്കറ്റ് എടുക്കുയും ചെയ്തു. തുടര്‍ന്ന് നഗരം ചുറ്റിക്കണ്ടു. 

തിരുവനന്തപുരം നഗരത്തിനാണ് ഇത്തരം ഒരു സര്‍വ്വീസ് അത്യാവശ്യമമെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു.  സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതല്‍ എത്തുന്ന ഇവിടെ ജീവനക്കാര്‍ക്കും, ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും കൂടുതല്‍ പ്രയോജനകരമാകും. കെഎസ്ആര്‍ടിസി വികസനത്തിന്റെ പാതയിലാണ്. ഇനി മുതല്‍ ബസുകള്‍ കട്ടപ്പുറത്തിറക്കാതെ കറങ്ങിക്കൊണ്ടേയിരിക്കുമെന്നും മെട്രോ ഇല്ലാത്ത തലസ്ഥാന നഗരത്തിന്റെ മെട്രോ സര്‍വ്വീസാണ് ഇതെന്നും രാജു പറഞ്ഞു. 

ലോകത്തെ പ്രധാന സിറ്റികളില്‍ എല്ലാം ഇത്തരം സര്‍വ്വീസ് ഉണ്ടെന്നും ഇത് നഗരത്തിന് പുറത്തോട്ടും വ്യാപിപ്പിക്കുമെന്നും കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് പറഞ്ഞു. നഗരത്തിലെത്തുന്ന ഏവര്‍ക്കും സീസണ്‍ ടിക്കറ്റുകളും, മന്തിലി ടിക്കറ്റുകളും ഉപയോഗിച്ച് ഇതില്‍ യാത്ര ചെയ്യാവുന്ന പദ്ധതികള്‍ ഉള്‍പ്പെടെ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും സിഎംഡി അറിയിച്ചു.