കെഎസ്ആർടിസി സ്വിഫ്റ്റ് ജീവനക്കാർ യൂണിഫോമിൽ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് സർവ്വീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. വൈകുന്നേരം 5.30 മുതൽ തമ്പാനൂർ കെ.എസ്.ആർ.ടി.സി സെൻട്രൽ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിർവ്വഹിക്കും.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിർവ്വഹിക്കും. ഡോ. ശശി തരൂർ എം.പിയും, മേയർ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും.
ആദ്യ സർവ്വീസുകളിൽ ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് നൽകുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് ലഭിച്ച ഗജരാജയുടെ യാത്രക്കാരായ ജോസഫ് സ്കറിയ (പൂഞ്ഞാർ), അരുൺ.എം (ബാഗ്ലൂർ), അനൂബ് ജോർജ് (പത്തനംതിട്ട, പുല്ലാട്) അരുൺ എം (തിരുവനന്തപുരം, പൂജപ്പുര), എന്നിവർക്ക് മടക്ക ടിക്കറ്റിനുള്ള സൗജന്യ കൂപ്പൻ സമ്മാനിക്കുക.
ഓൺലൈൻ ടിക്കറ്റ് റിസർവേഷന്‍ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ചെയ്യാവുന്നതാണ്.
കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് ബസിന്റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറമുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റുമാണ് യൂണിഫോമായി ബസിലെ ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർക്ക് നൽകുക. ഇതിൽ ബസ് ഡ്രൈവ് ചെയ്യുന്നവർ പി - ക്യാപ്പും ധരിക്കും. ജീവനക്കാരുടെ നെയിം ബോർഡിനൊപ്പം, കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റിന്റെ ചിഹ്നവും യൂണിഫോം സ്പോൺസർ ചെയ്ത കമ്പനിയുടെ ലോഗോയും പതിപ്പിച്ചിട്ടുണ്ട്.
വിഷു, ഈസ്റ്റർ പ്രമാണിച്ച് കെ.എസ്.ആർ.ടി.സി.യും, കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റും സ്പെഷ്യൽ സർവ്വീസുകൾ നടത്തും. സംസ്ഥാനത്തിനകത്തും അന്തർ സംസ്ഥാന റൂട്ടുകളിലുമാണ് യാത്രക്കാരുടെ ആവശ്യാർത്ഥം യഥേഷ്ടം സർവ്വീസുകൾ നടത്തുന്നത്. ആകെ 34 സൂപ്പർ ക്ലാസ് ബസ്സുകൾ സാധാരണ സർവ്വീസ് നടത്തുന്നതിൽ അധികമായി ഈ അവധികാലത്ത് കൂടുതൽ സർവ്വീസുകളും നടത്തും. ഏപ്രിൽ 11 മുതൽ 18 വരെ ഈ സർവ്വീസുകൾക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ വഴി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന റൂട്ടുകളിൽ അധിക സർവ്വീസുകളും, ഹ്രസ്വ ദൂര - ദീർഘ ദൂര സർവ്വീസുകൾ യാത്രക്കാരുടെ ബാഹുല്യം അനുസരിച്ചും ഏപ്രിൽ 12,13 തീയതികളിലും 17,18 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്.
പ്രധാന റൂട്ടുകൾ
എ.സി സ്ലീപ്പർ സർവ്വീസുകൾ:
- കണിയാപുരം- തിരുവനന്തപുരം- ബാഗ്ലൂർ ( നാഗർകോവിൽ- തിരുനെൽവേലി- ഡിൻഡിഗൽ-വഴി)
- തിരുവനന്തപുരം- ബാഗ്ലൂർ (ആലപ്പുഴ- വൈറ്റില- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി)
- ബാഗ്ലൂർ- തിരുവനന്തപുരം (സേലം, കോയമ്പത്തൂർ, തൃശ്ശൂർ- വൈറ്റില, ആലപ്പുഴ വഴി)
- എറണാകുളം - ബാഗ്ലൂർ (സേലം,കോയമ്പത്തൂർ , തൃശ്ശൂർ വഴി)
- പത്തനംതിട്ട - ബാഗ്ലൂർ (കോട്ടയം- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി)
- കോഴിക്കോട്- ബാഗ്ലൂർ
- കോഴിക്കോട്- മൈസൂർ
- തിരുവനന്തപുരം- കണ്ണൂർ
- മാനന്തവാടി- തിരുവനന്തപുരം
- സുൽത്താൻ ബത്തേരി - തിരുവനന്തപുരം
- തിരുവനന്തപുരം-വൈറ്റില- ആലപ്പുഴ വഴി സുൽത്താൻബത്തേരി
- തിരുവനന്തപുരം കോട്ടയം -തൃശ്ശൂർ- കോഴിക്കോട്
- തിരുവനന്തപുരം - എറണാകുളം- കോഴിക്കോട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..