Screengrab: Mathrubhumi News
ആലത്തൂര്‍: ബൈക്കുയാത്രക്കാരായ രണ്ടുയുവാക്കള്‍ ദേശീയപാതയിലെ വെള്ളപ്പാറയില്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്.ടി.സി. ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കെ.എസ്.ആര്.ടി.സി. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറാണ് ഔസേപ്പ്. കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു അപകടം. പാലക്കാട്ടുനിന്ന് വടക്കഞ്ചേരിയിലേക്ക് സര്‍വീസ് നടത്തിയ ഫാസ്റ്റ്പാസഞ്ചര്‍ ബസ് അപകടകരമാംവിധം ഓടിച്ചതാണ് ബൈക്ക് യാത്രക്കാരുടെ മരണത്തിനിടയാക്കിയത്. സംഭവത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് നടപടി.
കെ.എസ്.ആര്.ടി.സി. നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 10-ന് ഔസേപ്പിനെ സസ്പെന്‍ഡുചെയ്തിരുന്നു. മുന്‍പും പലതവണ ഇദ്ദേഹം ഓടിച്ച ബസ് അപകടത്തില്പ്പെട്ടതുകൂടി പരിഗണിച്ചാണ് പിരിച്ചുവിടാനുള്ള തീരുമാനം.
നടപടി കോടതിവിധി വരാനിരിക്കെ
വാഹനാപകടക്കേസ് പാലക്കാട് സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. കേസില്‍ കോടതിവിധി വരാനിരിക്കെയാണ് കെ.എസ്.ആര്.ടി.സി.യുടെ നടപടി. മനപ്പൂര്‍വമുള്ള നരഹത്യക്കുറ്റമാണ് ചുമത്തിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കുഴല്‍മന്ദം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. പോലീസന്വേഷണം നീതിപൂര്‍വകമല്ലെന്ന വിമര്‍ശനമുയര്‍ന്നതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
അപകടം നടന്നിട്ട് 11 മാസം
2022 ഫെബ്രുവരി ഏഴിന് രാത്രി 10-നുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശി സാബിത്തും കാവശ്ശേരി സ്വദേശി ആദര്‍ശുമാണ് മരിച്ചത്. പാലക്കാട്ടുനിന്ന് ആലത്തൂരിലേക്കുള്ള യാത്രാമധ്യേ കുഴല്‍മന്ദം വെള്ളപ്പാറയിലായിരുന്നു അപകടം. ലോറിയില്‍ തട്ടിയ ബൈക്ക് ബസിന് അടിയിലേക്ക് വീഴുകയായിരുന്നെന്ന നിഗമനത്തിലാണ് ആദ്യം പോലീസ് കേസെടുത്തത്.
വഴിത്തിരിവായത് വീഡിയോദൃശ്യം
അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പിന്നില്വന്നിരുന്ന കാറിന്റെ മുന്‍ക്യാമറയില്‍ പതിഞ്ഞ ദൃശ്യം പുറത്തുവന്നതോടെയാണ് ലോറിയല്ല ബസാണ് അപകടകാരണമെന്ന് പുറംലോകം അറിയുന്നത്. ഇരട്ടവരിപ്പാതയില്‍ ബൈക്ക് ലോറിയെ ഇടതുവശത്തുകൂടി മറികടക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി. ബസ് വലതുവശത്തേക്ക് ചേര്ത്തുകൊണ്ടുവന്ന വീഡിയോദൃശ്യമാണ് പുറത്തുവന്നത്. മുന്നോട്ടുപോകാന്‍ കഴിയാതെ ബൈക്ക് ലോറിക്കും ബസിനും ഇടയില്‍പ്പെട്ട് മറിയുകയും ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങുകയും ചെയ്തു. പാലക്കാട്ടുനിന്ന് ആലത്തൂരിലേക്കുള്ള യാത്രക്കിടെ ഡ്രൈവറും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. വീഡിയോദൃശ്യവും ദൃക്സാക്ഷികളുടെ പ്രതികരണവും പുറത്തുവന്നതോടെ യുവാക്കളുടെ ബന്ധുക്കള്‍ കുഴല്‍മന്ദം പോലീസിന്റെ അന്വേഷണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി. 'മാതൃഭൂമി'യടക്കമുള്ള മാധ്യമങ്ങളുടെ ശക്തമായ ഇടപെടലുമുണ്ടായി. ഇതിനെല്ലാം ഒടുവിലാണ് പ്രത്യേക അന്വേഷണസംഘത്തെ കേസ് ഏല്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി തീരുമാനമെടുത്തത്.
Content Highlights: ksrtc sacks driver who killed two people in accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..