പ്രതീകാത്മകചിത്രം| Photo: Mathrubhumi
കൊല്ലം: പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍പ്പെട്ട ജീവനക്കാരില്‍നിന്ന് വിഹിതമായി മാസംതോറും പിടിക്കുന്ന പണവും കെ.എസ്.ആര്.ടി.സി. വകമാറ്റുന്നു. ഇതുവരെ 275 കോടി രൂപയാണ് നാഷണല്‍ പെന്ഷന് സിസ്റ്റം (എന്‍.പി.എസ്.) ട്രസ്റ്റില്‍ അടയ്ക്കാനുള്ളത്.
2013 ഏപ്രില്‍ ഒന്നിനുശേഷം സര്വീസില്കയറിയ 10,395 ജീവനക്കാരില്‍നിന്ന് ആകെ ശമ്പളത്തിന്റെ 10 ശതമാനമാണ് എല്ലാ മാസവും പിടിക്കുന്നത്. മാനേജ്മെന്റ് വിഹിതമായ 10 ശതമാനവും ചേര്‍ത്ത് എന്‍.പി.എസ്. ട്രസ്റ്റില്‍ അടയ്ക്കണമെന്നാണ് വ്യവസ്ഥ. കടുത്ത സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് ഈ തുക വകമാറ്റുകയാണിപ്പോള്.
2014 ഓഗസ്റ്റ്മുതല്‍ 2022 ജനുവരിവരെ കെ.എസ്.ആര്.ടി.സി.യിലെ എന്‍.പി.എസ്. അംഗങ്ങളുടെ പക്കല്‍നിന്നു 142.68 കോടി രൂപ പ്രതിമാസ വിഹിതമായി പിടിച്ചിട്ടുണ്ട്. മാനേജ്മെന്റ് വിഹിതവും ചേര്‍ത്ത് 285.36 കോടി രൂപ എന്‍.പി.എസ്. ട്രസ്റ്റില്‍ അടയ്ക്കണം. ഇക്കാലയളവില്‍ 81.08 കോടി രൂപമാത്രമാണ് അടച്ചത്. നവംബര്‍ ആയപ്പോഴേക്കും കുടിശ്ശിക 275 കോടിയായി ഉയര്‍ന്നു. തുടര്‍ച്ചയായി ശമ്പളം മുടങ്ങിയതോടെ, വിഹിതം അടയ്ക്കല്‍ ഒഴിവാക്കി ശമ്പളവിതരണത്തിന് ഊന്നല്‍ നല്കാന് മാനേജ്മെന്റ് നിലപാടെടുക്കുകയായിരുന്നു.
ആധികാരിക രേഖയായ 'പ്രാണ്‍' (പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) തിരിച്ചറിയല്‍ കാര്‍ഡ് ഇപ്പോഴും ലഭിച്ചിട്ടില്ലാത്ത ജീവനക്കാരുമുണ്ട്. പങ്കാളിത്ത പെന്ഷന് സംവിധാനത്തിലുള്ളവര്‍ 2026 മുതല്‍ വിരമിച്ചുതുടങ്ങും.
യഥാസമയം നിയമനം ലഭിച്ചിരുന്നെങ്കില്‍ പങ്കാളിത്ത പെന്ഷന് സംവിധാനം നിലവില്‍ വരുന്നതിനുമുമ്പ് സര്‍വീസില്‍ കയറേണ്ടവരാണ് ദുരിതത്തിലായിരിക്കുന്നത്.
2010-ലെ റിസര്‍വ് ഡ്രൈവര്‍ വിജ്ഞാപനപ്രകാരം ഗ്രൗണ്ട്-റോഡ് ടെസ്റ്റും എഴുത്തുപരീക്ഷയും പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് 2013 ഫെബ്രുവരി 26-ന് അഡൈ്വസ് മെമ്മോ അയച്ചിരുന്നു. എന്നാല്‍, പങ്കാളിത്ത പെന്ഷന് നടപ്പാക്കിയതിനുശേഷം, അഡൈ്വസ് മെമ്മോ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുമ്പ് മേയ് 15-നാണ് ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയത്.
Content Highlights: KSRTC pension NPS
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..