കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്തു. ബസ് വെള്ളക്കെട്ടിലിറക്കിയതു വഴി കേടുപാടുകളുണ്ടായതു മൂലം 5,33,000 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായതായാണ് പരാതി. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ഇരാറ്റുപ്പേട്ട പോലീസാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി എന്നാരോപിച്ച് ജയദീപിനെ നേരത്തെ തന്നെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തിരുന്നു. തനിക്കെതിരായ കെഎസ്ആര്‍ടിസിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ജയദീപ് സാമൂഹിക മാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രതികരണം നടത്തിയിരുന്നു.

ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ഗതാഗത വകുപ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയദീപിനോട് വിശദീകരണം തേടിയിരിക്കുകയാണ്.