ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
തിരുവനന്തപുരം: ജീവനക്കാരുടെയെന്ന പേരിൽ കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തേയും ചിലവിനേയും സംബന്ധിച്ച് പ്രചരിക്കുന്ന കണക്കുകൾ തെറ്റിദ്ധാരണയുണ്ടാക്കുകയും ജീവനക്കാരിൽ ആശങ്ക ഉണ്ടാക്കുന്നതിനും ജീവനക്കാരെയും മാനേജ്മെന്റിനേയും തെറ്റിക്കുന്നതിന് വേണ്ടി സ്ഥാപിത താത്പര്യക്കാർ പുറത്തിറക്കിയ പോസ്റ്ററുമാണെന്ന് കെ.എസ്.ആര്.ടി.സി. എം.ഡി. കെ.എസ്.ആര്.ടി.സിയിൽ ഒരു മാസം 250 കോടി രൂപയ്ക്ക് മേൽ ചെലവ് ഉണ്ടായിരിക്കെ ഒരു മാസത്തെ ചെലവ് 162 കോടിരൂപയും വരവ് 164 കോടി രൂപയുമെന്ന തരത്തിൽ ജീവനക്കാരുടെതെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ തെറ്റാണെന്നും എം.ഡി. കൂട്ടിച്ചേര്‍ത്തു.
കോവിഡ് കാലത്തിന് ശേഷം വരുമാനത്തിൽ കാര്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. നവംബർ മാസത്തിന് മുൻപ് വരെയുള്ള വരുമാനവുമായി താരതമ്യപ്പെടുത്തിയാൽ ജനുവരി മാസത്തിന് ശേഷം വരുമാനത്തിൽ കാര്യമായ വർധനവാണ് കാണുന്നത്. നവംബർ മാസത്തിൽ കേവലം 1.55 കോടി രൂപയായിരുന്നു നോൺ ഓപ്പറേറ്റിങ് ഇനത്തിൽ ലഭിച്ചത്. അത് 2022 ഏപ്രിൽ മാസമായപ്പോൾ 8.43 കോടി രൂപയായി വർധിച്ചു. ബജറ്റ് ടൂറിസം, ലോജിസ്റ്റിക്സ്, ഇന്ധനപമ്പുകൾ, ബസിലും സ്റ്റേഷനുകളിൽ നിന്നുമുള്ള പരസ്യവരുമാനം എന്നിവയിൽ നിന്നുള്ള വരുമാനം പ്രതിമാസം 25 കോടി എത്തിക്കുകയാണ് ലക്ഷ്യം.
2021 നവംബർ മാസത്തെ വരുമാനം 121 കോടിയിൽ നിന്നും 2022 ഏപ്രിൽ മാസം എത്തിയപ്പോൾ അത് 167.71 കോടി രൂപയിലെത്തി. എന്നാൽ നവംബർ മാസം 66.44 കോടി രൂപയായിരുന്ന ഡീസൽ വില ഏപ്രിൽ മാസത്തിൽ 97.69 കോടി രൂപയിലെത്തി. ഇന്ധനത്തിൽ മാത്രം 33.25 കോടി രൂപയുടെ വർദ്ധനവാണ് നവംബറിനും- ഏപ്രിലിനും ഇടയിൽ ഉണ്ടായത്. ശമ്പള പരിഷ്കരണം നടപ്പിലാക്കിയ ജനുവരി മാസം മുതൽ ശമ്പള ഇനത്തിലും കാര്യമായ വർധനവ് ഉണ്ടായി. ഡിസംബർ മാസം വരെ 64 കോടി (നെറ്റ് സാലറി) രൂപയായിരുന്ന ശമ്പളം ജനുവരി മുതൽ 82 കോടി രൂപയായി. ഇതിലും പ്രതിമാസം 18 കോടി രൂപ വർധിച്ചു. രണ്ടിനത്തിലുമായി പ്രതിമാസം 50 കോടി രൂപയിലധികം വർധനവ്. ഇതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം.
മാർച്ച് മാസത്തിൽ മാത്രം ദീർഘദൂര ബസുകൾക്ക് വേണ്ടി അടച്ച ഇൻഷുറൻസ് പ്രീമിയം തുക 9.75 കോടി രൂപയാണ്. കൺസോർഷ്യം ബാങ്കിന് സർക്കാർ വിഹിതമായി ലഭ്യമായ 90 കോടി രൂപയും അടച്ചു. എംഎ സിറ്റിയിൽ മാത്രം മാർച്ച് മാസത്തിൽ 2.29 കോടി രൂപയും ഏപ്രിൽ മാസം 4.05കോടി രൂപയാണ് നൽകിയത്. ഈ പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ വിഹിതം അടയ്ക്കാൻ മാനേജ്മെന്റ് തയ്യാറായി എന്നതും ശ്രദ്ധിക്കണം.. ജീവനക്കാരിൽ നിന്നും പിടിച്ച പി.എഫ്., റിക്കവറി തുടങ്ങിയ ഇനങ്ങളിൽ മാർച്ച് മാസം അടച്ചത് 5.57 കോടി രൂപയാണ്. ശരാശരി 40 - 45 കോടിയോളം രൂപയുടെ വ്യത്യാസമാണ് മാസാമാസം വരവ് - ചെലവ് കണക്കിൽ ഇപ്പോൾ ഉണ്ടാകുന്നത്.
മാർച്ച് 28, 29 ദിവസങ്ങളിലെ പണിമുടക്ക് കാരണം ഉണ്ടായ വരുമാനനഷ്ടം 17 കോടിയോളം രൂപയായി കണക്കാക്കുന്നു. 3 ദിവസം കാര്യമായ വരുമാനം ലഭിച്ചിരുന്നെങ്കിൽ ആ മാസം നല്ല വരുമാനം ലഭിക്കുമായിരുന്നു. പണിമുടക്കുമൂലം മേയ് 6 ന് സർവ്വീസ് നടത്താതിരുന്നതിനും 10 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇങ്ങനെ 27 കോടിയോളം രൂപയാണ് കഴിഞ്ഞ 2 മാസത്തിനിടയിൽ വരുമാനത്തിൽ നഷ്ടം വന്നത്. 27 കോടി രൂപയിൽ ചിലവ് പോയ ശേഷം 5 - 7 കോടി രൂപയോളം മിച്ചം ലഭിക്കേണ്ട സ്ഥാനത്താണ് ഇങ്ങനെ നഷ്ടം സംഭവിച്ചിരിക്കുന്നത്. നഷ്ടം ഉണ്ടാകുകയും, യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുതെന്നുമാണ് സർക്കാരും മാനേജ്മെന്റും ജീവനക്കാരോട് അഭ്യർഥിക്കുന്നത്. ജോലി ചെയ്യുന്ന ജീവക്കാർക്ക് യഥാസമയം ശമ്പളം നൽകാൻ തന്നെയാണ് ശ്രമം.
30 കോടി രൂപ ( ഒരു ദിവസം 1 കോടി രൂപ വെച്ച് ബാങ്ക് സ്വമേധയാ തിരിച്ച് പിടിക്കുന്ന ലോൺ) വിവരം ജീവനക്കാരുടെ പേരിൽ ഇറക്കിയ പോസ്റ്ററിൽ കാണിച്ചിട്ടില്ല. സർക്കാർ നൽകുന്ന 30 കോടി രൂപ ബാങ്കിലെ തിരിച്ചടവിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള വരുമാനം ശമ്പളം, ഡീസൽ, മറ്റ് ചെലവുകൾക്കും മറ്റുമായി തികയുന്നില്ല. ഇത്തരം കാര്യങ്ങൾ മറച്ചുവെച്ചാണ് ജീവനക്കാരുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നത്. ഇത് ഈ സ്ഥാപനത്തിനെ നശിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണ് എന്ന് ജീവനക്കാർ മനസ്സിലാക്കി ഒന്നിച്ചുനിന്നു ഈ പ്രതിസന്ധി നമുക്ക് തരണം ചെയ്യാൻ കഴിയും എന്ന് മനസ്സിലാക്കണമെന്നും സി.എം.ഡി. അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..