കണ്ടക്ടറുടെ ഫോണിൽ പകർത്തിയ ദൃശ്യങ്ങളിൽ നിന്ന്
കോട്ടയം: ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് മരണം മുഖാമുഖം കണ്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാവിലെ പുല്ലുപാറയ്ക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായി പാറകളും മണ്ണും റോഡിലേക്ക് പതിച്ചിരുന്നു. ഇവിടെയാണ് വിനോദ സഞ്ചാരികള്‍ അകപ്പെട്ടത്. എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടി ബസിലെ ജീവനക്കാരാണ് രക്ഷകരായത്.
റോഡ് ബ്ലോക്ക് ആയത് കാരണം അരമണിക്കൂറോളം ബസ് ഇവിടെ നിര്‍ത്തിയിട്ടിരിരുന്നു. വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കണ്ടക്ടര്‍ ജെയ്‌സണ്‍ ജോസഫ് ശബ്ദം കേള്‍ക്കുന്നത്. ഒരു കുട്ടിയും മറ്റൊരാളും ഒഴുകി വന്ന് ബസിന്റെ സമീപം പിടിച്ച് നിന്ന് ശബ്ദം ഉയര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ കണ്ടക്ടര്‍ വെള്ളത്തിലേക്കിറങ്ങി ഇവരെ രക്ഷിച്ചു. തുടര്‍ന്ന് ഇവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് സഞ്ചരിച്ച കാറില്‍ നിന്നും മറ്റുമായി രണ്ടുപേരെ കൂടി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവരെന്നാണ് വിവരം. സാരമായ പരിക്കേറ്റ ഇവര്‍ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ കനത്ത നാശം വിതച്ചിരിക്കുകയാണ് മഴയും ഉരുള്‍പൊട്ടലും. ശക്തമായ മഴയിലും മണ്ണിടിച്ചിലുംമൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാകാത്തവിധമാണ് പല പ്രദേശങ്ങളും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..