കെഎസ്ആർടിസി ഇലക്ട്രിക് ബസ്, മന്ത്രി ആന്റണി രാജു ആദ്യ യാത്ര നടത്തുന്നു
തിരുവനന്തപുരം: നഷ്ടക്കണക്ക് മാത്രം പറയുന്ന കെ.എസ്.ആര്.ടി.സിയെ കരകയറ്റാന്‍ ഇലക്ട്രിക് ബസുകള്‍ കൂടുതല്‍ നിരത്തിലിറക്കി പരീക്ഷിക്കാനൊരുങ്ങുകയാണ് മാനേജ്മെന്റ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് വേണ്ടി ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങാന്‍ പോകുന്നു. ഇതിനായി കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡല്‍ഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യല് നിന്നുള്ള ബസുകളാണ് കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് വാങ്ങിയത്.
കെ.എസ്.ആര്.ടി.സിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാര്ത്ഥമായതായി ഇലക്ട്രിക് ബസില്‍ ആദ്യ യാത്ര നടത്തിയ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ കാലക്രമേണ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റും. നിലവില്‍ ഡീസല്‍ ബസുകള്‍ സിറ്റി സര്‍വ്വീസിന് 37 രൂപയാണ് ഒരു കിലോമീറ്റര്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ചിലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോള്‍ 20 രൂപയില്‍ താഴെയാകും ചിലവ് വരുക. നിലവിലെ ഇന്ധന വിലവര്‍ദ്ധനവിന്റെ സാഹചര്യത്തില്‍ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുക. തമ്പാനൂര്‍, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിന്റെ ചാര്‍ജിംഗ് സ്റ്റേഷനുകളും ഉണ്ടാകും.
ആദ്യഘട്ടത്തില്‍ 50 ബസുകള്‍ക്കുള്ള ടെന്‍ഡര്‍ ആണ് നല്‍കിയത്. അതില്‍ 25 ബസുകള്‍ തയ്യാറായതില്‍ ആദ്യ അഞ്ച് ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്. അഞ്ച് ബസുകള്‍ കൂടെ ശനിയാഴ്ച എത്തിച്ചേരും, ബാക്കി 15 ബസുകള്‍ തിങ്കളാഴ്ച ഹരിയാനയില്‍ നിന്നും തിരിക്കും. രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് ഈ ബസുകള്‍ ഉടന്‍ സര്‍വ്വീസിന് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. സിറ്റി സര്‍ക്കുലറില്‍ ദിനം പ്രതി 1000 യാത്രക്കാരില്‍ നിന്നും 28,000 യാത്രക്കാര്‍ ആയി മാറിയത് പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.
സിഎന്‍ജി ബസുകള്‍ വാങ്ങുന്നതിനുള്ള നടപടിക്ക് ശേഷം ഒരു വര്‍ഷത്തിനിടയില്‍ ഇരട്ടിയിലധികം രൂപയാണ് സിഎന്‍ജിക്ക് വിലവര്‍ദ്ധിച്ചത്. ഈ സാഹചര്യത്തില്‍ സിഎന്‍ജി ബസുകള്‍ വാങ്ങിയാല്‍ ലാഭകരമാകില്ലെന്നും മന്ത്രി പറഞ്ഞു. 27 ന് നടത്താനിരുന്ന കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനുകളുമായുള്ള ചര്‍ച്ച് 29 ന് നടത്തുമെന്നും കെഎസ്ആര്‍ടിസിയുടെ സമഗ്ര വികസനത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ യോഗം നടത്തുമെന്നും മന്ത്രി അറിയിച്ചു.
നഗരത്തിന്റെ എല്ലാ റോഡിലും നിലവില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് നടത്തി വരുന്നു. ഇടറോഡില്‍ പോലും സൗകര്യ പ്രദമായ രീതിയില്‍ ഇലക്ട്രിക് ബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെന്നുള്ളത് ഗതാഗത സൗകര്യത്തിന് കൂടുതല്‍ ഗുണകരമാകും. ഒമ്പത് മീറ്റര്‍ നീളമാണ് ഇലക്ട്രിക് ബസുകള്‍ക്ക് ഉള്ളത്. രണ്ട് മണിക്കൂര്‍ കൊണ്ടുള്ള ഒറ്റ ചാര്‍ജിങ്ങില്‍ തന്നെ 120 കിലോ മീറ്റര്‍ മൈലേജാണ് ഈ ബസുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 92,43,986 രൂപയാണ് ഒരു ബസിന്റെ വില. 30 സീറ്റുകളാണ് ഉള്ളത്. യാത്രക്കാര്‍ക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവും, അഞ്ച് സിസിടിവി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാര്‍ക്ക് എമര്‍ജന്‍സി അലര്‍ട്ട് ബട്ടന് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ബസില്‍ ഉണ്ട്.
നിലവില്‍ ജൂണ്‍ 30 വരെയാണ് 10 രൂപയ്ക്ക് ഒരു സര്‍ക്കിള്‍ യാത്ര ചെയ്യാനാകുന്നത്. അത് 3 മാസം കൂടി നീട്ടിയതായും മന്ത്രി അറിയിച്ചു. കൂടാതെ എല്ലാ സര്‍ക്കുലറിലും ഒരു മാസം യാത്ര ചെയ്യാവുന്ന സീസണ് ടിക്കറ്റും ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..