പ്രതീകാത്മക ചിത്രം | Photo: AP Photo|Rajesh Kumar Singh
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ഓക്സിജന്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം നാളെ ( മേയ് 13) മുതല്‍ ലഭ്യമാക്കും.
ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിലെ 35 പേര്‍ക്ക് നാളെ പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാരുടെ സേവനം രാത്രിയോടെ ഇനോക്സ് (INOX) കമ്പനിയുടെ ഓക്സിജന്‍ ടാങ്കറില്‍ ലഭ്യമാക്കും.
സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാനായി പരമാവധി ഓക്സിജന്‍ സിലണ്ടറുകള്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വാര് റൂമില്‍ രാപകല്‍ കേരളത്തിലുടനീളം ഡ്രൈവര്‍മാരുടെ സേവനം ആവശ്യമുണ്ട്. ചില സമയങ്ങളില്‍ ഡ്രൈവര്‍മാരുടെ കുറവ് കാരണം വാര് റൂമില്‍ നിന്നും കെഎസ്ആര്‍ടിസിയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
തുടര്‍ന്നാണ് സിഎംഡി ടാങ്കര്‍ ലോറികള്‍ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്താന്‍ താല്പര്യമുള്ള ഡ്രൈവര്‍മാര്‍ അറിയിക്കണമെന്നുള്ള സര്‍ക്കുലര്‍ ഇറക്കിയത്. ഇതിന് പിന്നാലെ 450 തില്‍ അധികം പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നും സന്നദ്ധ സേവനത്തിലായി താല്പര്യം അറിയിച്ചത്.
അതില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവര്‍മാര്‍ക്കാണ് നാളെ പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് മേയ് 14 ന് കൊച്ചിയില്‍ നിന്നുള്ള 25 ഡ്രൈവര്‍മാരെ പരിശീലനം നല്കി റിസര്‍വായി വെയ്ക്കും. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തില്‍ ഉപയോഗിക്കും.
ഇതിന് പുറമെ വിവിധ ജില്ലകളിലെ കളക്ടര്‍മാരുടെ ആവശ്യപ്രകാരം കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ പല കളക്ടറേറ്റുകളിലും ഡ്രൈവര്‍മാരായും മറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സേവനം അനുഷ്ടിച്ച് വരികയുമാണ്. ഇത് കൂടാതെ കൂടുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സന്നദ്ധ സേവനത്തിനായി താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.
Content Highlights: KSRTC drivers, oxygen tanker truck
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..