ഒന്നുകില്‍ ശമ്പളം മുടങ്ങുക അല്ലെങ്കില്‍ ഡീസല്‍ മുടങ്ങുക; ആനവണ്ടികൾ ഒടുവിൽ കട്ടപ്പുറത്ത്


സ്വന്തം ലേഖകന്‍

10 കോടി രൂപയോളം എണ്ണക്കമ്പനികള്‍ക്ക്  കുടിശ്ശികയുണ്ട്

ഡീസൽ ഇല്ലാത്തതിനാൽ കൽപ്പറ്റ ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്ന കെ.എസ്.ആർടി.സി ബസ്സുകൾ

തിരുവനന്തപുരം: ഒന്നുകില്‍ ശമ്പളം മുടങ്ങുക അല്ലെങ്കില്‍ ഡീസല്‍ മുടങ്ങുക. വല്ലാത്ത ഗതികേടിലാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടികൾ. വണ്ടി ഓടിയ പണം കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തപ്പോള്‍ വണ്ടിക്കുള്ള ഇന്ധനത്തിനുള്ള പണമില്ലാതായി.

കുടിശ്ശികയായ പണം നല്‍കാതെ കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം നല്‍കുന്നത് കമ്പനികള്‍ ചവിട്ടിപ്പിടിച്ചതോടെ ഓട്ടംനിലച്ച്‌ കട്ടപ്പുറത്തായിരിക്കുകയാണ് സംസ്ഥാനത്തെ മിക്ക ജില്ലകളിലേയും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍. ബുധനാഴ്ച വടക്കന്‍, മധ്യ മേഖലകളില്‍ നിന്ന് മാത്രം ഇന്ധനമില്ലാത്തതിനാല്‍ 250 ബസുകള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഡീസല്‍ കുറവുണ്ടെങ്കില്‍ വരുമാനമില്ലാത്ത റൂട്ടുകള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചിരുന്നു. മഴയും പ്രകൃതിക്ഷോഭവും കാരണം ദിവസവരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 4.6 കോടി രൂപയാണ് ചൊവ്വാഴ്ചത്തെ വരുമാനം.

ബാങ്ക് ഓവര്‍ഡ്രാഫ്റ്റായി ലഭിച്ച 50 കോടിക്കുശേഷം ബാക്കിയുള്ള ശമ്പളം ദിവസവരുമാനത്തില്‍നിന്നാണ് നല്‍കിയത്. 10 കോടി രൂപയോളം എണ്ണക്കമ്പനികള്‍ക്ക് കുടിശ്ശികയുണ്ട്. സര്‍ക്കാരിനോട് അടിയന്തരസഹായധനമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായത്.

കടുത്ത പ്രതിസന്ധിയിലേക്കാണ് സ്ഥാപനം നീങ്ങുന്നത്. ജൂണിലെ ശമ്പളം പൂര്‍ണമായി നല്‍കിയിട്ടില്ല. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജില്ലതിരിച്ചാണ് ശമ്പളം നല്‍കുന്നത്. ഇനി രണ്ടു ജില്ലകളിലെ ശമ്പളം നല്‍കാനുമുണ്ട്. ഇതിനുശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും ശമ്പളം നല്‍കേണ്ടതുണ്ട്. ശമ്പളക്കുടിശ്ശിക തീര്‍ക്കാന്‍ 10 കോടി രൂപയോളം വേണം.

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാഡിപ്പോകള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവയെ ഓപ്പറേറ്റിങ് സെന്ററാക്കി മാറ്റി ജീവനക്കാരേയും വാഹനത്തേയും കുറച്ചിരുന്നു. ഇതിനിടെയാണ് ഡീസല്‍ പ്രതിസന്ധിയും വന്നിരിക്കുന്നത്. ഡീസല്‍ തീര്‍ന്നതോടെ കോഴിക്കോട്ട് ഇന്നലെ മാത്രം ദീര്‍ഘദൂര ബസുകളടക്കം 15 കെ.എസ്.ആര്‍.ടി.സി. ബസുകളാണ് വൈകിയത്. മാനന്തവാടിയിലേക്ക് രാവിലെ 9.30-ന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ബസ് ഒരുമണിയോടെയാണ് പോയത്. രാവിലെ 9.10-ന് തൃശ്ശൂരിലേക്ക് പോവേണ്ട ബസും 9.45-ന് എറണാകുളത്തേക്ക് പോവേണ്ട ബസും മണിക്കൂറുകളോളം വൈകി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് വ്യാഴാഴ്ച ഡീസല്‍ നല്‍കിയത് അന്തസ്സംസ്ഥാന സര്‍വീസുകള്‍ക്ക് മാത്രമാണ്. ഇന്ധനം ലഭിക്കുമെന്ന് കരുതി മറ്റുഡിപ്പോകളില്‍നിന്ന് കോഴിക്കോട്ടെത്തിയ ബസുകള്‍ സര്‍വീസ് നടത്താനാവാതെ നിര്‍ത്തിയിടേണ്ടിവന്നു. തൊട്ടില്‍പ്പാലം, മാനന്തവാടി എന്നിവിടങ്ങളിലേക്കുള്ള ചില ബസുകള്‍ മുടങ്ങി. വ്യാഴാഴ്ച രാവിലെതന്നെ ഡീസല്‍ പ്രതിസന്ധിയുണ്ടായിരുന്നു. പണമടയ്ക്കാത്തതു കൊണ്ട് ഐ.ഒ.സി.യില്‍നിന്ന് ഇന്ധനം കിട്ടിയില്ല.

ഊറ്റിയെടുക്കാന്‍ പോലും എണ്ണയില്ലാതെ വയനാട്ടിലെ ഡിപ്പോകള്‍

ഇന്ധനക്ഷാമം രൂക്ഷമായപ്പോഴും റിസര്‍വേഷന്‍ അടക്കമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കരുതെന്നാണ് ജില്ലയിലെ ഡിപ്പോകള്‍ക്ക് ലഭിച്ച നിര്‍ദേശം. ഓടാത്ത ബസുകളില്‍നിന്ന് ഡീസലെടുത്ത് സര്‍വീസ് നടത്താനാണ് നിര്‍ദേശം. യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലെ സര്‍വീസ് താല്‍കാലികമായി റദ്ദാക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇന്ധനക്ഷാമം രണ്ടാംദിവസത്തിലേക്ക് കടന്നപ്പോഴേക്കും ഊറ്റിയെടുക്കാന്‍പോലും എണ്ണയില്ലാത്ത അവസ്ഥയായിപ്പോയി വയനാട്ടിലെ ഡിപ്പോകള്‍.

ചൊവ്വാഴ്ച വൈകീട്ട് മുതലാണ് ഡീസല്‍ക്ഷാമം രൂക്ഷമായത്. വ്യാഴാഴ്ചയായപ്പോഴേക്ക് ഭൂരിഭാഗം സര്‍വീസുകളും നിര്‍ത്തിയിടേണ്ടിവന്നു. അതിരാവിലെയുള്ള സര്‍വീസുകള്‍ക്കായി ജീവനക്കാര്‍ ഡിപ്പോകളില്‍ എത്തിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഇടയ്ക്ക് ഒന്നോ, രണ്ടോ ബസുകള്‍ ഓടിയതൊഴിച്ചാല്‍ ബാക്കിബസുകള്‍ വ്യാഴാഴ്ച പകല്‍ ഡിപ്പോകളില്‍ തന്നെയായിരുന്നു.

കല്‍പറ്റ, മാനന്തവാടി ഡിപ്പോകളില്‍നിന്ന് വിവിധഭാഗങ്ങളിലേക്ക് ഓരോട്രിപ്പുകള്‍ ഓടിയശേഷം ബസുകള്‍ ഡിപ്പോയില്‍ തന്നെ നിര്‍ത്തിയിടേണ്ടി വന്നു. സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലും ഇന്ധനക്ഷാമം ഉണ്ടെങ്കിലും സര്‍വീസുകള്‍ മുടങ്ങുന്ന അവസ്ഥയിലെത്തിയിട്ടില്ല. കല്‍പറ്റ ഡിപ്പോയില്‍നിന്ന് വ്യാഴാഴ്ചയും കാഞ്ഞങ്ങാട്, കോഴിക്കോട് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂരസര്‍വീസുകള്‍ മുടങ്ങി.

ഭൂരിഭാഗം പ്രാദേശികസര്‍വീസുകളും ഓടിയില്ല. മുണ്ടക്കൈ, കോട്ടത്തറ, പടിഞ്ഞാറത്തറ വൈപ്പടി തുടങ്ങിയസ്ഥലങ്ങളില്‍ രാവിലെയും ഓരോട്രിപ്പുകള്‍ നടത്തിയശേഷം ബസുകള്‍ ഡിപ്പോയില്‍ നിര്‍ത്തിയിട്ടു. യാത്രക്കാരുടെ തിരക്ക് നോക്കിയാണ് ഗ്രാമീണമേഖലകളിലേക്ക് ഓരോട്രിപ്പുകള്‍ നടത്തിയത്. മാനന്തവാടി ഡിപ്പോയില്‍നിന്ന് ദീര്‍ഘദൂരസര്‍വീസുകള്‍ ഓടിയെങ്കിലും കോഴിക്കോട് സര്‍വീസുകള്‍ മുഴുവന്‍ നടത്താനായില്ല.

പ്രാദേശികസര്‍വീസുകള്‍ രാവിലെയുള്ള തിരക്കുകള്‍ പരിഹരിക്കാനായി ഓടിച്ചശേഷം നിര്‍ത്തിയിട്ടു. ഒട്ടേറെ പ്രദേശങ്ങളില്‍ രാവിലെയും വൈകീട്ടും സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം കെ.എസ്.ആര്‍.ടി.സി. ബസുകളെ ആശ്രയിക്കുന്നുണ്ട്. സര്‍വീസ് മുടങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി.യെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിലെ യാത്രക്കാര്‍ പ്രയാസത്തിലാവും. ഈ പ്രശ്‌നം ഒഴിവാക്കാനാണ് ഇത്തരം റൂട്ടുകളില്‍ രാവിലെയും വൈകീട്ടും സര്‍വീസ് നടത്തിയത്. അതുതന്നെ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ട ബസുകളില്‍നിന്ന് ഡീസല്‍ എടുത്താണ് ഓടിക്കുന്നത്.

യാത്രാക്ലേശം; നഷ്ടക്കണക്ക്
കെ.എസ്.ആര്‍.ടി.സി. ഓടാതായതോടെ ജില്ലയില്‍ പലഭാഗത്തും യാത്രക്ലേശവുംകൂടി. ഇന്ധനം എപ്പോള്‍ എന്നതിനെക്കുറിച്ചുള്ള അറിയിപ്പൊന്നും ഡിപ്പോകള്‍ക്ക് വ്യാഴാഴ്ച പകല്‍ കിട്ടിയില്ല. മാനന്തവാടി, ബത്തേരി, പടിഞ്ഞാറത്തറ, നിരവില്‍പ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ പകല്‍ യാത്രാക്ലേശം ഉണ്ടായില്ല. എന്നാല്‍ രാവിലെയും വൈകീട്ടുമടക്കുള്ള കോഴിക്കോട് സര്‍വീസുകള്‍ മുടങ്ങിയത് ജനങ്ങളെ ബാധിച്ചു. രണ്ടുദിവസം സര്‍വീസുകള്‍ മുടങ്ങിയതുകാരണം കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനവും കുറഞ്ഞു.

ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് മാത്രമാണുള്ളത്. ദീര്‍ഘദൂരയാത്രകള്‍ക്ക് ആശ്രയവും കെ.എസ്.ആര്‍.ടി.സി. ബസുകള്‍മാത്രമാണ്. നിലവില്‍ ജില്ലയിലെ സര്‍വീസുകള്‍ ഒരുദിവസം മുടങ്ങാതെ മുന്നോട്ട് പോകണമെങ്കില്‍ 15,000 ലിറ്ററോളം ഡീസല്‍വേണം. രണ്ടു ദിവസത്തിലധികമായി ജില്ലയിലെ കെ.എസ്.ആര്‍.ടി.സിയുടെ പല സര്‍വീസുകളും നിലച്ചിരിക്കുകയാണ്. രണ്ടുമാസമായി ശമ്പളവും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡീസല്‍ പ്രതിസന്ധിയും. ഇതിനുമുമ്പും സമാനമായസംഭവം ഉണ്ടായിട്ടുണ്ട്.

കോഴിക്കോട് വ്യാഴാഴ്ച മുടങ്ങിയത് ഒമ്പത് സര്‍വീസുകള്‍

ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. തൊട്ടില്‍പ്പാലം ഡിപ്പോയിലെ ഒമ്പത് സര്‍വീസുകള്‍ വ്യാഴാഴ്ച മുടങ്ങി. കോഴിക്കോട് സര്‍വീസുകളാണ് മുടങ്ങിയതില്‍ ഏറെയും. വയനാട്ടിലേക്കുള്ള ബസുകള്‍ മിക്കതും ഓടിയിരുന്നു. വയനാട്ടിലേക്ക് മറ്റ് യാത്രാ സൗകര്യമില്ലാത്തതിനാല്‍ ഡിപ്പോയിലെ മറ്റ് ചില ബസുകളിലെ ഡീസല്‍ ഊറ്റി മാറ്റിനിറച്ചാണ് വയനാട് സര്‍വീസ് നടത്തിയത്. ആകെയുള്ള 34 ബസുകളില്‍ ഒമ്പതെണ്ണമാണ് മുടങ്ങിയത്.

കോഴിക്കോട് സര്‍വീസ് മുടങ്ങിയത് സ്ഥിരമായി കെ.എസ്.ആര്‍.ടി.സി.യെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് തിരിച്ചടിയായി. കോഴിക്കോട് ജില്ലാ ഡിപ്പോയിലും ഡീസല്‍ കുറവായതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവിടെനിന്നും പരിമിതമായ തോതിലേ ബസുകള്‍ക്ക് ഡീസല്‍ ലഭിച്ചിരുന്നുള്ളൂ. ഡീസല്‍ക്ഷാമം ഇതേപടി തുടര്‍ന്നാല്‍ അടുത്തദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ജൂണ്‍മുതലുള്ള ശമ്പളം നല്‍കാനുണ്ട്. ഇപ്പോള്‍ ഇന്ധനത്തിനുള്ള പണമാണ് ശമ്പളം നല്‍കാനുപയോഗിക്കുന്നത്. അതുകൊണ്ട് ഇന്ധനപ്രതിസന്ധി ഇനിയും തുടരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

അതേസമയം പണമില്ലാത്തതുകൊണ്ടല്ല ഐ.ഒ.സി.യിലെ തൊഴിലാളിയൂണിയനുകളുടെ സമരം കാരണമാണ് ഡീസല്‍ പ്രതിസന്ധിയുണ്ടായതെന്ന് കെഎസ്ആര്‍ടിസി. അധികൃതര്‍ പറഞ്ഞു.

കോഴിക്കോട് ഡിപ്പോയില്‍ മറ്റു സ്വകാര്യവാഹനങ്ങള്‍ക്ക് പെട്രോള്‍ നിറയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒരുമാസത്തോളമായി അത് നിര്‍ത്തിവെച്ചിരിക്കയാണ്.

ലാഭകരമല്ലാത്തവ ഓടേണ്ടെന്ന് എം.ഡി

ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുടെ ഉത്തരവുണ്ട്. ഓര്‍ഡിനറി സര്‍വീസുകള്‍ക്കാണ് നിയന്ത്രണം. ഇതനുസരിച്ച് വെള്ളിയാഴ്ച അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച പൂര്‍ണമായും സര്‍വീസ് ഒഴിവാക്കും. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് വരും.

നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്പോള്‍ ഏതാണ്ട് പൂര്‍ണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

തിങ്കളാഴ്ച്ച ലഭ്യമായ ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ട്രിപ്പുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്.

അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീംകോടതിയില്‍
പ്രതിദിനം നാല് ലക്ഷത്തി പതിനായിരം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടി വാങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്ന് മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് പൊതുമേഖല എണ്ണ കമ്പനികള്‍ ഡീസല്‍ വില്‍ക്കുന്നത്. കൂടുതല്‍ തുകയ്ക്ക് ഡീസല്‍ വാങ്ങേണ്ടി വരുന്നതോടെ പ്രതിദിനം പത്തൊമ്പത് ലക്ഷം രൂപ അധികമായി നല്‍കേണ്ടിവരും. ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലുള്ള കോര്‍പറേഷന്റെ അടച്ചുപൂട്ടലിന് ഇത് വഴിവെക്കുമെന്ന് കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

സ്വകാര്യ ബസുകള്‍ക്ക് 91.42 രൂപയ്ക്ക് ഡീസല്‍ ലഭിക്കുമ്പോള്‍ ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്കുണ്ടാകുന്നത്. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണ്. ലോകത്ത് എല്ലാ ഇടങ്ങളിലും ബള്‍ക് പര്‍ച്ചെയ്‌സര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്കാണ് ഡീസല്‍ ലഭിക്കുന്നത്. ലാഭം ഉണ്ടാക്കുന്നതിന് എണ്ണക്കമ്പനികള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പിഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ലാഭത്തിന് വേണ്ടിയല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Content Highlights: ksrtc crises stop services

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented