തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ മീനുമായി യാത്ര ചെയ്തയാളെ കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. തലയ്ക്ക് പരിക്കേറ്റ യാത്രക്കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആലപ്പുഴ സ്വദേശി ജോസഫിനാണ് കണ്ടക്ടറുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍നിന്നു മീനുമായി ബസില്‍ കയറിയ ജോസഫിനെ പ്രകോപനം ഒന്നും കൂടാതെ കണ്ടകര്‍ അരവിന്ദ് മര്‍ദ്ദിച്ചു എന്നാണ് പരാതി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 

സംഭവം കണ്ട് ബസില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് പ്രദേശത്ത് ഉണ്ടായിരുന്നവര്‍ ഓടിക്കൂടിയാണ് ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചത്. കണ്ടക്ടര്‍ ജോസഫിനെ മര്‍ദ്ദിക്കുന്നത് കണ്ടതായി സ്ഥലത്ത് ഉണ്ടായിരുന്ന ഓട്ടോ തൊഴിലാളികള്‍ പറയുന്നു. 

കേസെടുത്ത തമ്പാനൂര്‍ പോലീസ് കണ്ടക്ടര്‍ അരവിന്ദിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ  മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. മദ്യപിച്ചെത്തിയ ജോസഫ് തന്നോടാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് അരവിന്ദ് പറയുന്നത്. 

സംഭവം നടന്ന സ്ഥലത്ത് ഓടിക്കൂടിയവരില്‍ ആരോ എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തലയ്ക്ക് അടിയേറ്റ ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ജോസഫിനെയും കണ്ടക്ടര്‍ അരവിന്ദിനെയും ദൃശ്യങ്ങളില്‍ കാണാം.

content highlights: KSRTC Conducter hits Passenger in Thiruvananthapuram