തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി എംഡി ബിജു പ്രഭാകര്‍. ആക്ഷേപിച്ചത് കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്‍ക്കാണ്. പ്രശ്‌നമുണ്ടാക്കാനല്ല, പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും കെ.എസ്.ആര്‍.ടി.സിയില്‍ കുറച്ചു പേര്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ബിജു പ്രഭാകര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാം എന്ന് പ്രതീക്ഷയുണ്ടെന്നും താന്‍ സ്‌നേഹിക്കുന്ന സ്ഥാപനമാണിതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ ആദ്യം എന്നതല്ല, ജീവനക്കാര്‍ക്ക് മുന്‍ഗണന എന്നതാണ് തന്റെ നയം. ശമ്പള പരിഷ്‌കരണം നടക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ജീവനക്കാര്‍ ജനങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ജപ്തി നേരിടുന്ന ഒരു ഡ്രൈവര്‍ എങ്ങനെ മന:സമാധാനമായി വണ്ടി ഓടിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജീവനക്കാര്‍ സന്തുഷ്ടരായി ഇരുന്നാല്‍ മാത്രമേ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിക്കുമെന്ന് ആര്‍ക്കെങ്കിലും കരുതാനാകുമോ. ഞാന്‍ ആക്ഷേപിച്ചത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്‍ക്കാണ്. അവരായിരിക്കാം ആക്ഷേപിച്ചു എന്ന് മാധ്യമങ്ങളില്‍ വിളിച്ചുപറഞ്ഞതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
ജീവനക്കാരെ ആക്ഷേപിച്ച് താന്‍ എങ്ങനെ ഇത് മുന്നോട്ട് നടത്തിക്കൊണ്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു. മുപ്പതിനായിരം ആള്‍ക്കാരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരുമോയെന്നും അദ്ദേഹം ചോദിച്ചു. ചീഫ് ഓഫീസില്‍ ഇരിക്കുന്ന കഴുവുകെട്ട അഞ്ചാറ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആള്‍ക്കാരെ കൊണ്ടുവന്നാല്‍ സ്ഥാപനം നന്നായി മുന്നോട്ട് പോകും.
സാമൂഹനീതി വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ സാമൂഹിക നീതി നടപ്പാക്കേണ്ട ഒരു ഉദ്യോഗസ്ഥന്‍ ജീവനക്കാരെ അടച്ചാക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിഫ്റ്റ് എന്ന കമ്പനിയുണ്ടാക്കി കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്ത് ജീവനക്കാരെ വഴിയാധാരമാക്കിയിട്ട് പോയ ആളാണ് എന്ന് വിരമിച്ച ശേഷം ആളുകള്‍ പറഞ്ഞാല്‍ അത് മോശമാണ്. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തവന്‍ എന്ന പേര് ലഭിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: KSRTC CMD Biju Prabhakar