കെഎസ്ആർടിസി ബസിലെ കണ്ടക്ടർ ഷാജിയും ഡ്രൈവർ സുനിൽ കുമാറും, യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ കുഴഞ്ഞുവീണ യാത്രക്കാരിക്ക് കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോചിത ഇടപെടലിലൂടെ പുതുജീവന്‍. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ പാലോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലായിരുന്നു സംഭവം.
തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ബസ്സിലെ യാത്രക്കാരിയായ ചാത്തന്നൂര്‍ സ്വദേശിയും ഐഎസ്ആര്‍ഒ ജീവനക്കാരിവുമായ 34 വയസ്സുള്ള ബബിതയാണ് ബസ്സില്‍ കുഴഞ്ഞു വീണത്. ഈ ബസിലെ കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറുമാണ് ട്രിപ്പ് പോലും വേണ്ടെന്നുവെച്ച് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്തത്.
ബസ് ആറ്റിങ്ങല്‍ കഴിഞ്ഞപ്പോള്‍ യുവതി തല ബസ്സിനു പുറത്തേക്കിടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ സീറ്റില്‍ നേരെ ഇരുത്തി. പിന്നീട് ഇവര്‍ സീറ്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
അപ്പോഴേക്കും ബസ് സമീപത്തെ ഒരു സ്വകാര്യ ആശുപത്രി പിന്നിട്ട് കല്ലമ്പലത്ത് എത്താറായി കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഡ്രൈവറുടെയും കണ്ടക്ടറുടെയും തീരുമാനപ്രകാരം ബസ് തിരിച്ച് വീണ്ടും കെടിസിടി ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് യുവതിയെ ഉടന്‍തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ആശുപത്രി മാനേജ്മെന്റ് ജീവനക്കാരും യുവതിക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിച്ചു.
ബസ്സിലെ അത്യാവശ്യ യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റിവിട്ട് കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറും ആശുപത്രിയില്‍ത്തന്നെ തുടര്‍ന്നു. യുവതി അപകടനില തരണംചെയ്തതിനുശേഷമാണ് ഇവര്‍ ആശുപത്രിയില്‍നിന്ന് പോയത്. ബസ്സിലെ മറ്റു യാത്രക്കാരുടെ സഹകരണവും ഇവര്‍ക്ക് ലഭിച്ചു. കെഎസ്ആര്‍ടിസി പാലോട് ഡിപ്പോയില്‍ നിന്നുള്ള 712 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണത്.
Content Highlights: ksrtc bus driver and conductor rushed the woman to the hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..