മകൻ മരിച്ചത് പോലുമറിയാതെ കൊച്ചു ജോസഫ്, കണ്ണീരായി നേര്യമംഗലം; ദൈവത്തിന്റെ കരങ്ങൾപോലെ ആ രണ്ട് മരങ്ങൾ


സ്വകാര്യ ബസിലെ യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്. പരിക്കേറ്റ യാത്രക്കാരെ ചുമന്ന് റോഡിൽ എത്തിച്ചു. ആദ്യംകണ്ട വാഹനങ്ങളിൽ പരിക്കേറ്റവരെ കയറ്റി അയച്ചുകൊണ്ടിരുന്നു. കൂടുതലും കോളേജ് കുട്ടികളായിരുന്നു. ബസിൽനിന്നു കൂട്ട നിലവിളിയും കരച്ചിലും കേൾക്കാമായിരുന്നു. ചിലർ ബസിൽനിന്നു പുറത്തേക്ക് വീണുകിടക്കുകയായിരുന്നു.

• കോതമംഗലം ബസേലിയസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മരിച്ച സജീവിന്റെ പിതാവ് കൊച്ചു ജോസഫ്. മകൾ ദീപ രാജു സമീപം, അപകടത്തിൽപ്പെട്ട ബസ് മരത്തിൽ തട്ടി നിൽക്കുന്നു

അടിമാലി: നേര്യമംഗലം വനമേഖല എന്നും ഹൈറേഞ്ചുകാരുടെ മനസ്സിലെ തീയാണ്. അതുകൊണ്ടുതന്നെ ചാക്കോച്ചിവളവിൽ കെ.എസ്.ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞുവെന്ന വാർത്ത നെഞ്ചിടിപ്പോടെയാണ് നാട്ടുകാർ കേട്ടത്. ഓണം അവധിക്കുശേഷം സ്കൂളുകളും ഓഫീസുകളും തുറക്കുന്ന ദിവസമായതിനാൽ സാധാരണ ദിവസത്തിന്റെ ഇരട്ടി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നുയെന്ന വാർത്ത കൂടുതൽ പേരിൽ ആശങ്ക പരത്തി. സാധാരണ 20 പേരിൽ താഴെ യാത്രക്കാരുണ്ടാകാറുള്ള ബസിൽ തിങ്കളാഴ്ച അറുപത് പേരാണ് ഉണ്ടായിരുന്നത്.

ദുരന്തയാത്ര

അടിമാലിയിൽനിന്ന്‌ രാവിലെ 6.10-നാണ് ബസ് പുറപ്പെട്ടത്. ചാക്കോച്ചിവളവിൽ എത്തുമ്പോൾ 6.50. കോതമംഗലം ഭാഗത്തുനിന്നു അമിത വേഗത്തിൽ വന്ന സ്വകാര്യ ബസിന് അപ്രതീക്ഷിതമായി സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ബസിലെ യാത്രക്കാരനായ അഫ്സൽ പറയുന്നു. റോഡിൽ നിന്നു ഏകദേശം പത്തടി താഴ്ചയിലേക്ക് വട്ടംമറിഞ്ഞ് ബസ് രണ്ട് വലിയ മരങ്ങളിൽ തങ്ങിനിൽക്കുകയായിരുന്നു.

സ്വകാര്യ ബസിലെ യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്. പരിക്കേറ്റ യാത്രക്കാരെ ചുമന്ന് റോഡിൽ എത്തിച്ചു. ആദ്യംകണ്ട വാഹനങ്ങളിൽ പരിക്കേറ്റവരെ കയറ്റി അയച്ചുകൊണ്ടിരുന്നു. കൂടുതലും കോളേജ് കുട്ടികളായിരുന്നു. ബസിൽനിന്നു കൂട്ട നിലവിളിയും കരച്ചിലും കേൾക്കാമായിരുന്നു. ചിലർ ബസിൽനിന്നു പുറത്തേക്ക് വീണുകിടക്കുകയായിരുന്നു.

ഈ സമയത്താണ് അഗ്നിരക്ഷാസേനയും, പോലീസും, ഹൈവേ ജാഗ്രതാ സമിതി പ്രവർത്തകരും എത്തിയത്. ഇതോടെ രക്ഷാപ്രവർത്തനത്തിന് വേഗംകൂടി.

അവസാനത്തെ ആളെയും ആശുപത്രിയിലേക്ക് കയറ്റിവിടുമ്പോൾ സമയം 7.10.

അപകടം നടന്ന സ്ഥലത്ത് റോഡിന് വീതി വളരെ കുറവാണ്. ഇതാണ് സൈഡ് കൊടുത്തപ്പോൾ ബസിന്റെ മുൻവശത്തെ ടയർ കൊക്കയിലേക്ക് വീഴുവാൻ കാരണം. സാധാരണയിലും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ ഏഴ്‍മിനിറ്റ് താമസിച്ചായിരുന്നു ബസിന്റെ യാത്ര. 7.40-ന് കോതമംഗലം സ്റ്റാൻ‍ഡ് പിടിക്കണം. ഇതിനാൽ സാധാരണയേക്കാൾ വേഗം കെ.എസ്.ആർ.ടി.സിക്കും ഉണ്ടായിരുന്നു.

നേര്യമംഗലം വനമേഖലയിൽ നിരവധി വലിയ ബസ് അപകടങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. 1992-ൽ മൂന്നാം മൈലിൽ ടി.എം.എസ്. ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചതാണ് മേഖലയിലെ ഏറ്റവും വലിയ അപകടം. ഈ അപകടങ്ങൾക്കെല്ലാം മൂകസാക്ഷിയാണ് ഹൈറേഞ്ചുകാർ.

അപകടത്തിന് കാരണമായ സംരക്ഷണഭിത്തിയുടെ കാട്ടുകല്ലുകൊണ്ടുള്ള നിർമാണം

അപകടത്തിന് കാരണം സംരക്ഷണഭിത്തി ഇടിഞ്ഞത്‌- മോട്ടോർ വാഹന വകുപ്പ്

അടിമാലി: നേര്യമംഗലത്ത് അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞതെന്നും കലുങ്കിൽ തട്ടിയപ്പോൾ വാഹനത്തിന്റെ ടയർ പൊട്ടിയതായും എൻഫോഴ്സ്‍മെൻറ് ആർ.ടി.ഒ. പി.എ.നസീർ പറഞ്ഞു. വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ബിനോയി ജോസഫ്, സതീഷ് ഗോപി, ബിനു കൂറപ്പിള്ളി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

മകന്റെ വേർപാടറിയാതെ...

കോതമംഗലം: മാനസിക വെല്ലുവിളി നേരിടുന്ന സജീവ് ചികിത്സയുടെ ഭാഗമായി പിതാവ് കൊച്ചു ജോസഫിനൊപ്പം (79) തൃശ്ശൂരിലേക്ക് പോകുമ്പോഴാണ് ചാക്കോച്ചി വളവിലുണ്ടായ ബസ് അപകടത്തിൽ മരിച്ചത്. കൊച്ചു ജോസഫിനെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാരിയെല്ലിന് പൊട്ടലും തലയ്ക്കും കൈക്കും പരിക്കുമുണ്ട്. മകന്റെ മരണം കൊച്ചു ജോസഫിനെ അറിയിച്ചിട്ടില്ല. നാല് കിലോമീറ്റർ അപ്പുറത്തുള്ള സ്റ്റോപ്പിൽനിന്നു ബസിൽ കയറിയ ഇരുവരും മുൻഭാഗത്തായി നിന്നാണ് യാത്ര ചെയ്തിരുന്നത്. ലോട്ടറി വില്പനക്കാരനാണ് സജീവ്. ആശുപത്രി കിടക്കയിൽ അത്യാസന്ന നിലയിൽ കഴിയുന്ന പിതാവിനെ മകന്റെ അന്ത്യകർമത്തിൽ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച രാവിലെ വീട്ടിൽ എത്തിക്കുമെന്ന് മകളും പഞ്ചായത്ത് മെമ്പറുമായ ദീപ രാജു പറഞ്ഞു.

വലിയ ശബ്ദത്തോടെ ബസ് മറിഞ്ഞു

കോതമംഗലം: ബസ് സാധാരണ വേഗത്തിലായിരുന്നുവെന്ന് പരിക്കേറ്റ് ധർമഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള തോക്കുപാറ മക്കോളിൽ റെജി (46) പറഞ്ഞു. ഓണാവധി കഴിഞ്ഞുവന്ന തിങ്കളാഴ്ച ആയതുകൊണ്ട് യാത്രക്കാരും കൂടുതലായിരുന്നു.

റെജി

എതിരേ വന്ന അപ്പൂസ് ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. റോഡ് സൈഡിലെ പാരപ്പെറ്റിൽ ഇടിച്ച്‌ വലിയ ശബ്ദത്തോടെ ബസ് മറിഞ്ഞു. ഇത് ടയർ പൊട്ടിയ ശബ്ദമായിരുന്നുവെന്ന് പറയുന്നുണ്ട്. ബസ് രണ്ട് കരണം മറിഞ്ഞ് മരത്തിൽ തങ്ങിയതുകൊണ്ടാണ് അപകടത്തിന്റെ ആഘാതം കുറഞ്ഞത്. രാവിലെ ആയതിനാലും മഴ ഉണ്ടായിരുന്നതിനാലും മിക്കവാറും യാത്രക്കാർ ഉറക്കത്തിലായിരുന്നു. എറണാകുളം വരാപ്പുഴയിലെ ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരനായ റെജി ഈ ബസിലെ സ്ഥിരം യാത്രക്കാരനാണ്.

ആശ്വാസത്തിൽ റംല

റംല

കോതമംഗലം: രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തോക്കുപാറ വലിയപറമ്പിൽ വി.എം. റംല (43). തൃശ്ശൂരിലെ ഗവൺമെന്റ് നഴ്‌സിങ് സ്‌കൂൾ ജീവനക്കാരിയാണ്. ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് അപകടത്തിൽ പെട്ടത്. കഴുത്തിനും തലയ്ക്കും പരിക്കേറ്റ് ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച റംല അപകടനില തരണം ചെയ്തതിന്റെ ആശ്വാസത്തിലാണ്. ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് കുറേ കഴിഞ്ഞാണ് ബോധം തെളിഞ്ഞത്.

അപകടത്തിൽ വില്ലനായത് സംരക്ഷണഭിത്തി നിർമാണത്തിലെ അപാകം

അടിമാലി: ദേശീയപാതയുടെ സംരക്ഷണഭിത്തി നിർമാണത്തിലെ അപാകമാണ് തിങ്കളാഴ്ച ചാക്കോച്ചിവളവിൽ ഉണ്ടായ ബസ് അപകടത്തിന് കാരണം. റോഡിന്റെ സൈഡ് ഇടിഞ്ഞതുമൂലമാണ് ബസ് കൊക്കയിൽ വീണത്. റോഡിന് വീതി വളരെ കുറവുള്ള മേഖലയാണിത്. എതിരേവന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് റോഡിന്റെ സൈഡ് ഇടിഞ്ഞത്. ഇതാണ് നിർമാണത്തിലെ അപാകം എന്ന ആക്ഷേപം ഉയരുവാൻ കാരണം.

ഉറപ്പില്ലാത്ത മണ്ണിനുമുകളിൽ ടാർചെയ്ത് തട്ടിപ്പ്

നേര്യമംഗലം മുതൽ വാളറ വരെ 20 കിലോമീറ്റർ വനമേഖലയും, ഒരു വശം അഗാധ ഗർത്തവുമാണ്. റോഡ് വീതികൂട്ടി ടാറിങ് നടത്തുമ്പോൾ ഗർത്തമുള്ള ഭാഗത്തെ സംരക്ഷണഭിത്തി ബലമുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

എന്നാൽ കരാറുകാർ ഈ മേഖലയിൽ ഇത് ചെയ്യാറില്ല. റോഡിന്റെ ഗർത്തമുള്ള ഭാഗത്തെ മണ്ണ് നീക്കും. പിന്നീട് ഈ മണ്ണിന്റെ മുകളിൽ കല്ലുപാകി റോഡിന് സമാന്തരമാക്കും. അടിത്തറ കോൺക്രീറ്റിട്ട് ഉറപ്പിക്കാതെയാണ് മണ്ണിന് മുകളിൽ കല്ല് കെട്ടുന്നത്. പിന്നീട് ഇതിന് മുകളിൽ ടാറിങ്ങും നടത്തും. ഇതിന്റെ വീതി അളന്ന് കരാറുകാർ പണവും കൈക്കലാക്കും. എന്നാൽ ഈ ചതിക്കുഴി അറിയാതെ ബസുകളും ഭാരവാഹനങ്ങളും ഇതിന് മുകളിൽ കയറുമ്പോൾ റോഡിന്റെ അടിഭാഗം ഇടിഞ്ഞുപോകുകയും വാഹനങ്ങൾ കൊക്കയിൽ പതിക്കുകയുംചെയ്യും. ഈ രീതിയിലുള്ള അപകടമാണ് തിങ്കളാഴ്ച ചാക്കോച്ചി വളവിലും സംഭവിച്ചത്.

എതിരേവന്ന ബസിന് സൈഡ് കൊടുത്തപ്പോഴാണ് കെ.എസ്.ആർ.ടി.സി.ബസ് റോഡിന്റെ സൈഡ് ഇടിഞ്ഞ് കൊക്കയിൽ വീണത്. ഈ വിഷയം വർഷങ്ങളായി ദേശീയപാത ഉദ്യോഗസ്ഥരെ അറിയിക്കുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥർ കരാറുകാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

തിങ്കളാഴ്ച അപകടം നടന്ന സ്ഥലത്ത് റോഡിന് വീതി വളരെ കുറവാണ്. വനമേഖലയിൽ പലയിടത്തും സംരക്ഷണഭിത്തി നിർമിച്ച് റോഡിന് വീതികൂട്ടൽ നടക്കുന്നുണ്ട്. എന്നാൽ വീതി കൂടുതലുള്ളതും നിർമാണച്ചെലവ് കുറവുള്ളതുമായ മേഖലയിലാണ് കരാറുകാരൻ വീതികൂട്ടുന്നത്. ഇത് കരാറുകാരനും ലാഭമാണ്. എന്നാൽ വീതികുറഞ്ഞ മേഖലയിൽ നിരന്തരമായി അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

അപകടങ്ങളെ മാടിവിളിക്കുന്ന ചാക്കോച്ചിവളവ്

അടിമാലി: ശ്രദ്ധ തെല്ലുപാളിയാൽ അപകടം മാടിവിളിക്കുന്നതിൽ കുപ്രസിദ്ധമാണ് ചാക്കോച്ചി എസ് വളവ്. ചെറുതും വലുതുമായി നിരവധി അപകടങ്ങൾക്ക് സാക്ഷി. എങ്കിലും 2002 ഡിസംബറിലെ സ്വകാര്യ ബസ് അപകടമാണ് വളവിന് ചാക്കോച്ചിയെന്ന പേര് നേടിക്കൊടുത്തത്. മാമലക്കണ്ടത്തുനിന്ന്‌ കോതമംഗലത്തിന് പോയ ചാക്കോച്ചി എന്ന സ്വകാര്യ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അഞ്ച് ജീവനുകൾ എടുത്ത ആ അപകടത്തോടെ ചാക്കോച്ചി വളവ് ഭീതിയോടെ മാത്രം നാട്ടുകാർ ഓർക്കുന്ന പേരായി. 55 പേർക്കാണ് അന്ന് അപകടത്തിൽ പരിക്കേറ്റത്.

മുമ്പ് ഉണ്ടായ അപകടത്തെക്കുറിച്ച് വന്ന വാർത്തകൾ

ഒരു കൈക്ക്‌ സ്വാധീനമില്ലാത്ത ജിനിലാ(മാർട്ടിൻ-22) ണ് അന്ന് ബസ് ഓടിച്ചിരുന്നത്. ലൈസൻസ്‌പോലും ഇല്ലാതെയായിരുന്നു ഡ്രൈവിങ്. മാമലക്കണ്ടത്തുനിന്ന്‌ ആരംഭിക്കുന്ന ബസിലെ സ്ഥിരം ഡ്രൈവർ എത്താത്തതിനെ തുടർന്ന് പകരം െെഡ്രവറായി കയറിയതാണ് ബസ് ഉടമയുടെ സഹോദരനായ ജിനിൽ. ഇതിന് മുന്പ് രണ്ടുതവണ ചാക്കോച്ചി ബസ് അപകടത്തിൽപ്പെട്ടപ്പോൾ െെഡ്രവർ ജിനിലായിരുന്നു.

ഇയാൾക്കും സഹോദരനുമെതിരേ കർശനമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. േകസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ചാക്കോച്ചി വളവിൽ വീണ്ടും അപകടമരണമുണ്ടായതോടെ പഴയ ദുരന്തമോർത്തെടുക്കുകയാണ് നാട്ടുകാർ.
ബസപകടത്തിൽ പരിക്കേറ്റവർ

കോതമംഗലം ബസേലിയസ് ആശുപത്രിയിൽ കഴിയുന്നവർ

നെല്ലിമറ്റം കൊച്ചുകുടിയിൽ റിയാസ് (36), കോട്ടയം മണക്കാട് പുത്തൻവീട്ടിൽ മനോജ് (50), ആവോലിച്ചാൽ നയൻമാക്കൽ റെഷീദ് (38), കോതമംഗലം വലിയപറമ്പിൽ ജയൻ (44), നേര്യമംഗലം നിരവത്ത് പ്രജൻ (47), ചാറ്റുപാറ കുളത്തായീൽ അഫ്സൽ കെ. നാസർ (21), വാളറ പാലയ്ക്കൽ കൊച്ചുജോസഫ് (40), അടിമാലി കുട്ടിയത്ത് സാബു (53), മൂന്നാർ ചിറയത്ത് അബ്ബാസ് (38), വാളറ കൊളിയത്ത് അഭിജിത്ത് (19), അടിമാലി കരിക്കിൻകുടിയിൽ അൽഫിയ സമദ് (19), ചാറ്റുപാറ പുതിയത്ത് അൽജോ റോയി (18), ശല്യംപാറ പുല്ലാട്ട് ക്ലിൻറ് (23), ദേവിയാർ ഇല്ലതൊട്ടിയിൽ ബിനോയി (29), നെടുങ്കണ്ടം പുല്ലാട്ട് ആഷിക് (24), അടിമാലി പുത്തൻപുരയിൽ ഹരികൃഷ്ണൻ (24), ശല്യാംപാറ പുല്ലാട്ട് അസീസ് (43)

കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയവർ

ഡ്രൈവർ മൂന്നാർ ലോവർ ഡിവിഷൻ പെരിയവര എസ്റ്റേറ്റ് പരമേശ്വരൻ (48), കണ്ടക്ടർ കൊല്ലം കൊടുവിള പള്ളിവിളചെരുവിൽ സുബാഷ് (46), പെരുമ്പാവൂർ അല്ലപ്ര പറയൻചാലിൽ ആദർശ് (19), ഇടുക്കി മുതുവാൻകുടി പാത്തിപ്പറമ്പിൽ ഷാമോൻ (36), അടിമാലി കല്ലുവിളയിൽ സാജു (30), അടിമാലി ചൂണ്ടക്കുളം പ്രവീൺ (24), കോടനാട് മുടക്കുഴ പറയൻചാലിൽ അഭിജിത്ത് (27), സഹോദരൻ അഖിൽജിത്ത് (26), അടിമാലി കുന്നത്ത് കമലാദേവി (55), അടിമാലി ചാലിയൻപാറ അൻവർഷാ (23).

അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നു

ധർമഗിരി ആശുപത്രിയിൽ ചികിത്സ തേടിയവർ

തോക്കുപാറ വലിയപറമ്പിൽ റംല (41), തോക്കുപാറ മേക്കോത്തിൽ റെജി ജോസഫ് (46), ആനച്ചാൽ തെക്കേടത്ത് ലിസി തോമസ് (33), ഇരുമ്പുപാലം പുത്തൻ പുരയ്ക്കൽ ആര്യ (24), വെള്ളത്തൂവൽ പാറയ്ക്കൽ അനൂപ് (36), വാളറ മങ്ങാട്ട് തോമസ് (79), കോഴിക്കോട് വെളക്കത്ത് സോമിൻ (26), ആനച്ചാൽ തേക്കുംകാട്ടിൽ തോമസ് (52), തോക്കുപാറ വലിയപറമ്പിൽ ഷെഫീക്ക് (22), പത്താംമൈൽ വലിയറ അഫീസ് (32).

Content Highlights: KSRTC bus accident near Neriyamangalam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented