കെ.എസ്.ആര്‍.ടി.സി 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടിയിലേക്ക്; ജോലിക്കിടയില്‍ വിശ്രമം അനുവദിക്കും


പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ബസുകള്‍ കുറയ്ക്കും. ഈ സമയം ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ വിശ്രമം അനുവദിക്കും.

പ്രതീകാത്മകചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: തൊഴിലാളിസംഘടനകള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി നടപ്പാക്കും. ചര്‍ച്ചയില്‍ എതിര്‍ത്തെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെന്നും തൊഴിലാളിസംഘടനകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചെലവുചുരുക്കലിന്റെ ഭാഗമായി 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിര്‍വചനത്തില്‍ സിംഗിള്‍ഡ്യൂട്ടി എന്നത് 12 മണിക്കൂര്‍ സമയത്തിനുള്ളിലെ എട്ടുമണിക്കൂര്‍ ജോലിയാണ്. ചര്‍ച്ചകള്‍ തുടരുകയും ഒക്ടോബര്‍മുതല്‍ നടപ്പാക്കുകയും ചെയ്യുമെന്ന സൂചനയാണ് സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്.

യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളില്‍ പരമാവധി ബസുകള്‍ ഓടിക്കും. തിരക്കുകുറയുന്ന പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ബസുകള്‍ കുറയ്ക്കും. ഈ സമയം ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ വിശ്രമം അനുവദിക്കും.

ഉച്ചയ്ക്ക് തുടങ്ങി അടുത്തദിവസം അവസാനിക്കുന്ന 'നൂണ്‍ ടു നൂണ്‍' ഡ്യൂട്ടികളുമുണ്ടാകുമെന്നാണ് സൂചന. തുടര്‍ച്ചയായ ദിവസങ്ങളില്‍ 12 മണിക്കൂര്‍ ജോലിചെയ്യേണ്ടിവരുന്നതുകൊണ്ട് ജീവനക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഡ്യൂട്ടി ക്രമീകരണം ഉണ്ടാകും.

ഒരുദിവസം പുലര്‍ച്ചെയുള്ള ഡ്യൂട്ടിയാണെങ്കില്‍ അടുത്തദിവസം വൈകി ആരംഭിക്കുന്ന ഡ്യൂട്ടിയായിരിക്കും. ഇങ്ങനെ ക്രമീകരിക്കുന്നതിലൂടെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ജോലിക്കെത്തുന്നതിലെ ബുദ്ധിമുട്ട് കുറയ്ക്കാനാകും.

സിംഗിള്‍ഡ്യൂട്ടി: 800 ബസുകള്‍കൂടി നിരത്തിലിറക്കാം -മുഖ്യമന്ത്രി

തിരുവനന്തപുരം: 12 മണിക്കൂര്‍നീളുന്ന സിംഗിള്‍ ഡ്യൂട്ടി സംവിധാനം ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതുവഴി അധികംവരുന്ന ജീവനക്കാരെക്കൊണ്ട് 800 ബസുകള്‍വരെ ഓടിക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു.

50 ശതമാനം ബസുകളില്‍ പുതിയ ഡ്യൂട്ടി സംവിധാനം നടപ്പാക്കാം. നിയോഗിക്കുന്ന ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ആക്കുന്നതും പരിഗണിക്കും. ഇതുവഴി ഏകദേശം 20 മുതല്‍ 25 കോടി രൂപവരെ പ്രതിമാസം അധികവരുമാനം ഉണ്ടാകും.

ബസ്ജീവനക്കാരുടെ അനുപാതം സുശീല്‍ഖന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതുപോലെ കുറയ്ക്കാനാകും. എട്ടുമണിക്കൂര്‍മാത്രം ജോലി ചെയ്താല്‍മതി. നാലുമണിക്കൂര്‍ വിശ്രമം ലഭിക്കും. ദീര്‍ഘദൂരം വാഹനം ഓടിക്കേണ്ടിവരുന്നതുകാരണമുള്ള അപകടങ്ങളും കുറയും. ഒക്ടോബറില്‍ ആരംഭിക്കുന്ന പരിഷ്‌കരണനടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെടും. -മുഖ്യമന്ത്രി പറഞ്ഞു.

ശമ്പളക്കുടിശ്ശിക തീര്‍ക്കും; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക ഓണത്തിനുമുമ്പ് തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജൂലായിലെ 75 ശതമാനം ശമ്പളം തിങ്കളാഴ്ച രാവിലെ നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപയും കെ.എസ്.ആര്‍.ടി.സി.യുടെ ഏഴുകോടി രൂപയും കൊണ്ടായിരുന്നു ശമ്പളവിതരണം. ഇതിന്റെ ബാക്കിയും ഓഗസ്റ്റിലെ ശമ്പളവുമാണ് നല്‍കേണ്ടത്. ഏകദേശം 103 കോടി രൂപ വേണ്ടിവരും. ഈ തുക സര്‍ക്കാര്‍ അനുവദിക്കും.

ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുള്ള ദിവസവേതനക്കാരെ തിരിച്ചെടുക്കും

സിംഗിള്‍ഡ്യൂട്ടിസമ്പ്രദായം നടപ്പാക്കുമെന്നും റൊട്ടേഷന്‍ വ്യവസ്ഥയില്‍ സോണല്‍ അടിസ്ഥാനത്തിലായിരിക്കും ഡ്യൂട്ടി നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാമാസവും അഞ്ചിനുള്ളില്‍ ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് മാനേജ്മെന്റിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുള്ള ദിവസവേതനക്കാരെ തിരിച്ചെടുക്കും. ഒഴിവുകള്‍ അനുസരിച്ച് സ്വിഫ്റ്റിലും കെ.എസ്.ആര്‍.ടി.സി.യിലുമായിരിക്കും നിയമനം. മെക്കാനിക്കല്‍ ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ തുടങ്ങിയവരെ പുനര്‍വിന്യസിക്കും. ഇത് പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് താത്കാലിക മെക്കാനിക്കല്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കും.

ഇനി ഉപദേശകസമിതിയും

കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉപദേശകസമിതി രൂപവത്കരിക്കും. തൊഴിലാളി പ്രതിനിധികള്‍, രാഷ്ട്രീയകക്ഷിപ്രതിനിധികള്‍, യാത്രക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ സമിതിയിലുണ്ടാകും. കെ.എസ്.ആര്‍.ടി.സി. ഭരണസമിതിയില്‍ തൊഴിലാളിപ്രാതിനിധ്യം ഇല്ലാത്തതുകൊണ്ടാണ് പുതിയസംവിധാനം. കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവര്‍ക്കുള്ള ബാറ്റ, ഇന്‍സെന്റീവ് തുടങ്ങിയവ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതത് ദിവസം നല്‍കും. ഇതിനായി എല്ലാ യൂണിറ്റുകളിലും അധികാരികളുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കും.

മന്ത്രി ആന്റണി രാജു, കെ.എസ്.ആര്‍.ടി.സി. മേധാവി ബിജു പ്രഭാകര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

12 മണിക്കൂര്‍ ഡ്യൂട്ടി എതിര്‍ക്കും -ടി.ഡി.എഫ്.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ നിയമാനുസൃതമായ എട്ടുമണിക്കൂര്‍ ഡ്യൂട്ടി മാത്രമേ അംഗീകരിക്കാന്‍ കഴിയൂവെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്.) സെക്രട്ടറി എം. വിന്‍സെന്റ് എം.എല്‍.എ. പറഞ്ഞു. 12 മണിക്കൂര്‍ ഡ്യൂട്ടിയോട് വിയോജിപ്പുള്ളത് ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സിംഗിള്‍ ഡ്യൂട്ടി അസൗകര്യമില്ലാത്ത വിധത്തില്‍ -ആനത്തലവട്ടം

ജീവനക്കാര്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധത്തിലാകും സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിലേക്ക് മാറുകയെന്ന് കെ.എസ്.ആര്‍.ടി.ഇ.എ.-സി.ഐ.ടി.യു. സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ശമ്പളക്കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ ചീഫ് ഓഫീസിന് മുന്നില്‍ 89 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കും. 6000 എംപാനല്‍ ജീവനക്കാര്‍ക്കാണ് ഉപജീവനത്തിന് വഴിതുറക്കുക. സ്വിഫ്റ്റ് രൂപവത്കരിച്ച സമയത്ത് എം. പാനല്‍ ജീവനക്കാരെയായിരുന്നു നിയമിക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും അട്ടിമറിക്കുകയായിരുന്നു. ഇതില്‍ മാറ്റമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പരിഹാരമുണ്ടാവണം -എംപ്ലോയീസ് സംഘ്

കെ.എസ്.ആര്‍.ടി.സി.യിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എംപ്ലോയീസ് സംഘ് ബി.എം.എസ്. ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് ആവശ്യപ്പെട്ടു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കാനാവില്ല. ഡ്യൂട്ടിപരിഷ്‌കാരങ്ങള്‍ തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ച് മാത്രമാകും നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും രാജേഷ് പറഞ്ഞു.

Content Highlights: KSRTC 12 hrs single duty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented