തിരുവനന്തപുരം: ക്രമക്കേട് ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ മുഴുവന്‍ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനൊരുങ്ങി കെ.എസ്.എഫ്.ഇ. കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കും. 

വിജിലന്‍സ് പരിശോധന നടത്തിയ 36 യൂണിറ്റുകളില്‍ കഴിഞ്ഞദിവസം കെ.എസ്.എഫ്.ഇ ആഭ്യന്തര ഓഡിറ്റ് നടത്തിയിരുന്നു. യൂണിറ്റുകളിലെ സാമ്പത്തിക ഇടപാടുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ല. തുടര്‍ന്നാണ് ശേഷിക്കുന്ന 577 ശാഖകകളിലും ഇന്നുമുതല്‍ ആഭ്യന്തര ഓഡിറ്റിങ് ആരംഭിക്കാന്‍ കെ.എസ്.എഫ്.ഇ തീരുമാനിച്ചിരിക്കുന്നത്. 

വിജിലന്‍സ് വിഭാഗം ചൂണ്ടിക്കാട്ടിയ പൊള്ളച്ചിട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്. ചിട്ടി സെക്യൂരിറ്റി ട്രഷറിയില്‍ നിക്ഷേപിക്കുന്നില്ലെന്ന ആക്ഷേപവും വിജിലന്‍സ് ഉയര്‍ത്തിയിരുന്നു. സെക്യൂരിറ്റിയുടെ മൂല്യനിര്‍ണയം സംബന്ധിച്ചുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് മാനോജര്‍മാരുടെ ഒരു സമിതി രൂപീകരിക്കാനും കെ.എസ്.എഫ്.ഇ തീരുമാനിച്ചിച്ചിട്ടുണ്ട്. 

ക്രമക്കേടെന്ന് പേരില്‍ അനൗദ്യോഗികമായി വിജിലന്‍സ് പുറത്തുവിട്ട കാര്യങ്ങളുടെ വസ്തുത ഉറപ്പിക്കാനും തെറ്റാണെന്ന് സ്ഥാപിക്കാനുമാണ് ഓഡിറ്റ് നടത്താന്‍ ഒരുങ്ങുന്നത്. കെ.എസ്.എഫ്.ഇ മാനേജ്‌മെന്റിനെ അറിയിക്കാതെ നടത്തിയ റെയ്ഡില്‍ ഒറിജിനല്‍ രേഖകള്‍ ഒന്നും വിജിലന്‍സ് പിടിച്ചെടുത്തിട്ടില്ല. എന്നാല്‍ വിവിധ ശാഖകളില്‍ നിനായി ചിട്ടി രജിസ്റ്റര്‍, തലവരിയോല, മിനിട്ട്‌സ് എന്നിവയുടെ പകര്‍പ്പ് ശേഖരിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഒരു വിശദീകരണവും വിജിലന്‍സ് കെ.എസ്.എഫ്.ഇ മാനേജ്‌മെന്റിനോട് ചോദിച്ചിട്ടില്ല.  ക്രമക്കേടുണ്ടെന്ന് പറയുന്നവയെ വസ്തുത നിരത്തി നേരിടുകയാണ് ലക്ഷ്യം

Content Highlights: KSFE to start Internal audit in 377 branches