.
തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ലാപ്ടോപ്പ് ചിട്ടി പദ്ധതിയായ 'വിദ്യാകിരണ'ത്തിന് തിരിച്ചടി. ഉപഭോക്താക്കള്‍ ഉപേക്ഷിച്ച വിദ്യാശ്രീ ലാപ്ടോപ്പുകള് കിട്ടുന്ന വിലയ്ക്ക് കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്ക് വില്ക്കാന് സര്‍ക്കാര്‍ അനുമതി നല്കി.
കെ.എസ്.എഫ്.ഇ. ശാഖകളില്‍ സൂക്ഷിച്ചിട്ടുള്ള 4097 ലാപ്ടോപ്പുകള് കേടാകാന്‍ സാധ്യതയുണ്ടെന്ന എം.ഡി.യുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. കെ.എസ്.എഫ്.ഇ.ക്ക് വേണമെങ്കില്‍ ലാപ്ടോപ്പുകള് സ്വന്തം ആവശ്യത്തിന് എടുക്കുകയോ ജീവനക്കാര്‍ക്ക് വില്ക്കുകയോ ചെയ്യാം.
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാന്‍ ലാപ്ടോപ്പുകള് നല്കാന് കെ.എസ്.എഫ്.ഇ.യും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് പാളിയത്.
2020-ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്. 1.44 ലക്ഷം ലാപ്ടോപ്പുകള് വിതരണംചെയ്യാന്‍ ലക്ഷ്യമിട്ടു. ഇതുവരെ പതിനായിരത്തില്‍ത്താഴെ ലാപ്ടോപ്പുകളാണ് നല്‍കിയത്.
500 രൂപയുടെ 30 മാസത്തെ ചിട്ടി മൂന്നുമാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് ലാപ്ടോപ്പിന് അര്‍ഹതയുണ്ട്. 61,981 പേര് ലാപ്ടോപ്പിനായി കാത്തിരുന്നെങ്കിലും നല്‍കാനായില്ല.
വാഗ്ദാനംചെയ്ത സമയത്ത് കിട്ടാതായതോടെ ചിട്ടിയില്‍ ചേര്‍ന്നവരില്‍ ഭൂരിഭാഗവും ലാപ്ടോപ്പ് വേണ്ടെന്നുെവച്ചു. കൊക്കോണിക്സ് വിതരണംചെയ്ത ലാപ്ടോപ്പുകള് കേടായതും പദ്ധതിയുടെ സ്വീകാര്യതയെ ബാധിച്ചു. കോവിഡ് കാരണം കംപ്യൂട്ടര്‍ ഘടകങ്ങള്‍ക്ക് ക്ഷാമം നേരിട്ടതിനാല്‍ മറ്റു കമ്പനികളുടെ ലാപ്ടോപ്പുകളും കൃത്യസമയത്ത് നല്‍കാനായില്ല.
2021 ഓഗസ്റ്റില്‍ സര്‍ക്കാര്‍ പദ്ധതി പുനഃക്രമീകരിച്ചു. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പൊതുവിപണിയില്‍നിന്ന് ലാപ്ടോപ്പും ടാബും വാങ്ങാന്‍ അനുവാദം നല്കി. ഇതിന്റെ ബില്‍ ഹാജരാക്കിയാല്‍ 20,000 രൂപ നല്‍കാനും തീരുമാനിച്ചു. ഈ സമയം 68,498 പേര് ലാപ്ടോപ്പിനുവേണ്ടി കാത്തിരിപ്പുണ്ടായിരുന്നു.
ഓര്‍ഡര്‍ ചെയ്ത ലാപ്ടോപ്പുകള് കമ്പനികള്‍ എത്തിച്ചപ്പോഴേക്കും ഉപഭോക്താക്കള്‍ അവ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. 45,260 ലാപ്ടോപ്പുകള് ഇങ്ങനെ കെ.എസ്.എഫ്.ഇ.യുടെ കൈവശമായി. തുടര്‍ന്ന് ഇവയില്‍ ഭൂരിഭാഗവും കൈറ്റിന്റെ വിദ്യാകിരണം പദ്ധതിക്കു കൈമാറി. എന്നിട്ടും അധികംവന്ന ലാപ്ടോപ്പുകളാണ് ഇപ്പോള്‍ വില്ക്കാന് തീരുമാനിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..