കാലാവസ്ഥ അനുകൂലമായാലും പ്രതികൂലമായാലും പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ എത്തിച്ചേരുമെന്ന വിശ്വാസം ഉള്ളതിനാലാണ് ഒരു കാറ്റടിച്ചോ മരംവീണോ ഒന്ന് കറന്റ് പോയാല്‍ ആ പ്രദേശത്തെ ഓഫീസിലെ ഫോണിന് വിശ്രമമുണ്ടാകാത്തത്. നട്ടപ്പാതിരയ്ക്ക് കറന്റ് പോയാല്‍ പോലും കെഎസ്ഇബി ഓഫീസില്‍ വിളിച്ച് പരാതി പറയാന്‍ നമ്മള്‍ മടിക്കാത്തത് അങ്ങേത്തലയ്ക്കല്‍ കേള്‍ക്കുന്ന 'ഹലോ കെഎസ്ഇബി' എന്ന പ്രതികരണത്തിലെ ആത്മാര്‍ഥത നാമറിയുന്നത് കൊണ്ടാണ്. 

കേടായ ഒരു ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കുന്നത് കെഎസ്ഇബിയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ വാഹനസൗകര്യം പോലുമെത്താത്ത ദുര്‍ഘട ജനവാസ മേഖലയില്‍ ഭാരമേറിയ ട്രാന്‍സ്‌ഫോമര്‍ ചുമന്നെത്തിക്കുന്നത് കഠിനപ്രവൃത്തി തന്നെയാണ്. എന്നാല്‍ ഇടുക്കി കുമളിയിലെ മുല്ലയാറില്‍ കേടായ ട്രാന്‍സ്‌ഫോമര്‍ മാറ്റിസ്ഥാപിക്കുന്നതിനായി പുതിയ ഒരെണ്ണം എത്തിക്കാന്‍ ജീവനക്കാര്‍ നടത്തിയ ശ്രമം വാക്കുകളിലൊതുക്കാനാവില്ല. ട്രാന്‍സ്ഫോമര്‍ കേടായതിനെ തുടര്‍ന്ന് ആ ഭാഗത്തെ 25 ഓളം വീടുകളിലാണ് വൈദ്യുതി വിതരണം മുടങ്ങിയത്. 

കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത  ട്രാന്‍സ്ഫോമറുമായി നീങ്ങുന്ന ജീവനക്കാരുടെ കഠിനയാത്രയുടെ വീഡിയോ കണ്ടാല്‍ ജനസേവനത്തിനായി അവരെടുക്കാന്‍ തയ്യാറാകുന്ന റിസ്‌കിന്റെ തോത് കുറച്ചെങ്കിലും നമുക്ക് മനസിലാക്കാനാകും. ഔദ്യോഗിക കൃത്യനിര്‍ഹണത്തിനിടെ മിന്നലേറ്റും ഷോക്കേറ്റുമൊക്കെ ജീവന്‍ നഷ്ടമാകുന്നവരെ ആ വീഡിയോ കാണുമ്പോള്‍ നാമൊരു നിമിഷത്തേക്കെങ്കിലും ഓര്‍ത്തു പോകുമെന്നത് തീര്‍ച്ച. 

പാറകള്‍ നിറഞ്ഞ വഴികളിലൂടെ നീളമുള്ള മരക്കമ്പിൽ കെട്ടിത്തൂക്കിയാണ് ട്രാന്‍സ്‌ഫോമറുമായി കെഎസ്ഇബി ചേട്ടന്‍മാരുടെ യാത്ര. കുത്തനെയുള്ള വഴിയിലേക്ക് വടിയൊക്കെ കുത്തിപ്പിടിച്ചാണ് കയറ്റം. വളഞ്ഞും തിരിഞ്ഞുമൊക്കെ അവരങ്ങനെ നീങ്ങുകയാണ്. ഇടയ്ക്ക് ചിലര്‍ മാറുകയും മറ്റുള്ളവര്‍ ആ സ്ഥാനമേറ്റ് ചുമക്കാന്‍ കൂടുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് സഹായവുമായി നാട്ടുകാരുമുണ്ട്.