പ്രതീകാത്മകചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: കെ.എസ്.ഇ.ബി. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ 4,060 കോടിയുടെ കടമെടുപ്പിന് കേന്ദ്രം തടയിട്ടേക്കും. കേന്ദ്രം നിര്‍ദേശിച്ച ഏജന്‍സിയെ പദ്ധതി ഏല്‍പ്പിക്കുന്നതിനെ കെ.എസ്.ഇ.ബി. യൂണിയനുകള്‍ എതിര്‍ക്കുന്നതിനാല്‍ കരാര്‍ യാഥാര്‍ഥ്യമായിട്ടില്ല. അതിനാല്‍ കേന്ദ്ര ഗ്രാന്റായ 10,469 കോടിരൂപ നഷ്ടപ്പെടുമെന്നാണ് വൈദ്യുതിവകുപ്പ് വിലയിരുത്തല്‍. ബോര്‍ഡ് വിഷയത്തില്‍ ഉഴപ്പു കാണിക്കുന്നതില്‍ സര്‍ക്കാരിന് അതൃപ്തിയുമുണ്ട്.
തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ മുന്നോട്ടു പോകാന്‍ കഴിയാത്തത്. 0.45 ശതമാനം കടമെടുപ്പ് അനുവദിച്ച കേന്ദ്രത്തിന്റെ പ്രധാന ഉപാധികളിലൊന്ന് സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കണം എന്നതായിരുന്നു. അതിലൂടെ ഈ സാമ്പത്തികവര്‍ഷം കേരളത്തിന് 4060 കോടി രൂപ സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള അനുമതി ലഭിക്കുമായിരുന്നു. എന്നാല്‍ കേന്ദ്രം നിര്‍ദേശിച്ച മാതൃകയില്‍ അവര്‍ നിര്‍ദേശിച്ച ഏജന്‍സിയായ ആര്‍.ഇ.സി.പി.ഡി.സി.എല്ലിലൂടെ നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം സാധ്യമാകാത്തതോടെ അടുത്ത സാമ്പത്തികവര്‍ഷം കേരളത്തിന് 4060 കോടി അധികമായി കടമെടുക്കാനുള്ള അവസരം നഷ്ടമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കഴിഞ്ഞമാസം വിഷയത്തില്‍ ചര്‍ച്ച നടത്താനുള്ള തീരുമാനം എടുത്തിരുന്നു. ഇടതു യൂണിയനുകള്‍ അടക്കം ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ അവരുമായി ചര്‍ച്ച ചെയ്ത് കരാറിലേക്ക് എത്താന്‍ ബോര്‍ഡിനെ വൈദ്യുതി മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് മെല്ലെപ്പോക്ക് ഉണ്ടാകുന്നുവെന്നാണ് വൈദ്യുതി വകുപ്പ് വിലയിരുത്തല്‍.
വിഷയത്തിലെ മെല്ലപ്പോക്ക് അടുത്ത കൊല്ലത്തെ കടമെടുപ്പിനെ ബാധിക്കുമെന്ന് മാത്രമല്ല, ആധുനികവത്കരണത്തിനു മറ്റുമായി കേന്ദ്രം ഇതിനകം നല്‍കിയിട്ടുള്ള 1100 കോടിരൂപ തിരികെ നല്‍കേണ്ടി വരും. മാത്രമല്ല, വിതരണ നഷ്ടം ഒഴിവാക്കാനായി അനുവദിച്ച 2480 കോടി, സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ അനുവദിച്ച 1389 കോടി, ആധുനികവത്കരണത്തിന് നല്‍കിയ 6600 കോടിരൂപ എന്നിവ ഉള്‍പ്പെടെ തിരിച്ചു നല്‍കേണ്ടി വരും. ഇത്തരത്തില്‍ വരുന്ന നഷ്ടം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്.
സ്വകാര്യവത്കരണത്തിന് വഴിതുറക്കാത്ത വിധം സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കണമെന്നാണ് തൊഴിലാളി യൂണിയനുകുകളുടെ ആവശ്യം. അല്ലാത്തപക്ഷം ഉപഭോക്താക്കളുടെ മേല്‍ ഓരോ ബില്ലിനും 200 രൂപ വീതം അധികമായി വരുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം പറഞ്ഞാണ് ഇവര്‍ എതിര്‍പ്പ് ഉന്നയിക്കുന്നതും.
Content Highlights: kseb smart meter programme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..