പ്രതീകാത്മക ചിത്രം | AP
കൊച്ചി: വൈദ്യുതി നിരക്കുയര്‍ത്താന്‍ വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച രേഖയിലും ബോര്‍ഡിന്റെ ബജറ്റിലും വൈരുധ്യമുള്ള കണക്കുകള്‍. 2022-23 ബജറ്റില്‍ രേഖകളിലുള്ളത് 496.20 കോടി രൂപ ലാഭമുണ്ടാകുമെന്നാണ്. എന്നാല്‍, വൈദ്യുതി നിരക്കുയര്‍ത്താന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് മുമ്പില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത് 2,852.58 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ്. വൈദ്യുതോത്പാദന ചെലവിനെക്കുറിച്ചുള്ള കണക്കുകളിലും വൈരുധ്യമുണ്ട്.
ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ലഭ്യമായ 2022-23-ലെ ബജറ്റും 2021-22-ലെ പുനഃക്രമീകരിച്ച ബജറ്റ് എസ്റ്റിമേറ്റുമടക്കമുള്ള രേഖ പ്രകാരം 2022-23-ല്‍ 496.20 കോടിരൂപ ലാഭമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വില്‍പ്പനയിലൂടെയും താരിഫ് ഇതര വരുമാനത്തിലൂടെയും 18,081.52 കോടി വരുമാനമുണ്ടാകുമെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു.
വൈദ്യുതി വാങ്ങല്‍, ശമ്പളമടക്കമുള്ള കാര്യങ്ങള്‍ എന്നിവയ്ക്കായി 17,585.32 കോടി ചെലവും കണക്കാക്കിയിട്ടുണ്ട്. 2021-22-ലെ പുനഃക്രമീകരിച്ച എസ്റ്റിമേറ്റില്‍ 171.77 കോടി രൂപയുടെ ലാഭമാണ് കാണിച്ചിരിക്കുന്നത്.
എന്നാല്‍, നിരക്കുവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന അഗ്രിഗേറ്റ് റവന്യൂ റിക്വയര്‍മെന്റില്‍ (എ.ആര്‍.ആര്‍.) 202223ല്‍ വരുമാനം 15,976.98 കോടിയും ചെലവ് 18,829.56 കോടി രൂപയുമായിരിക്കുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 2,852.58 കോടിരൂപ നഷ്ടം.
2022-23-ല്‍ വൈദ്യുതി വാങ്ങുന്നതിന് 9,854.32 കോടി രൂപയാണ് ബജറ്റില്‍ കാണിച്ചിരിക്കുന്നത്. ഇത് കമ്മിഷന് മുന്നിലെത്തിയപ്പോള്‍ 10,012.35 കോടി രൂപയായി. ബജറ്റില്‍ തേയ്മാന ചെലവായി കണക്കാക്കിയിരിക്കുന്നത് 1,115.71 കോടിയാണ്. ഇത് കമ്മിഷന് മുന്നിലെത്തിയപ്പോള്‍ 742.89 കോടിയായി.
2021-22-ല്‍ ജലവൈദ്യുതി ഉത്പാദനലക്ഷ്യം 7,270.50 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാല്‍, 2022 മാര്‍ച്ച് ആയപ്പോഴേക്കും 9,859.38 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 2,588.88 ദശലക്ഷം യൂണിറ്റിനുമുകളില്‍ അധിക ഉത്പാദനം. യൂണിറ്റിന് നാലുരൂപ കണക്കാക്കിയാല്‍പോലും 1,036 കോടിരൂപ അധികമായി ലഭിക്കും.
ഇതാണ് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ കഴിഞ്ഞദിവസം ആയിരംകോടി രൂപയുടെ അധിക വൈദ്യുതി പുറത്തുവിറ്റു എന്ന് പ്രഖ്യാപിച്ചത്. ഈ രീതിയിലുള്ള അപ്രതീക്ഷിത ലാഭവും വൈദ്യുതി ബോര്‍ഡിന് ലഭിക്കുന്നുണ്ട്.
നിരക്കുയര്‍ത്താന്‍ കണക്കുകള്‍ പെരുപ്പിച്ചുകാണിക്കുന്നു
നിരക്ക് കുറയ്ക്കാവുന്ന സാഹചര്യമുള്ളപ്പോള്‍ അതുയര്‍ത്താന്‍ ബോര്‍ഡ് കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുകയാണ്. ഞങ്ങളുടെ കണക്കുപ്രകാരവും ബോര്‍ഡ് ലാഭത്തിലാണ്. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പൊതുജനാഭിപ്രായംതേടി പാലക്കാട് 13-ന് നടക്കുന്ന ഹിയറിങ്ങില്‍ ഈ കണക്കുകള്‍ സമര്‍പ്പിക്കും. സര്‍ക്കാര്‍ വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ മിച്ച വൈദ്യുതി സംസ്ഥാനത്തിനകത്തെ വ്യവസായങ്ങള്‍ക്ക് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചാല്‍ പുതിയ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കും.
-എ.ആര്‍. സതീഷ്, പ്രസിഡന്റ്, കേരള ഹൈടെന്‍ഷന്‍ ആന്‍ഡ് എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍
Content Highlights: KSEB profit loss
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..