കല്‍പ്പറ്റ: വയനാട്ടില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ വന്‍ ക്രമക്കേട്. പദ്ധതിയുടെ മറവില്‍ മലമുകളിലെ റിസോര്‍ട്ടുകളില്‍ സൗജന്യമായി വൈദ്യുതി എത്തിച്ചു. മുന്‍ ഊര്‍ജസെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്കും ഇങ്ങനെ വൈദ്യുതി എത്തിച്ചു. 

മേപ്പാടി സെക്ഷനിലെ അംബേദ്കര്‍ കോളനിയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ മറവില്‍ മലമുകളിലെ റിസോര്‍ട്ടിനടുത്തുവരെ വൈദ്യുതി ലൈന്‍ വലിച്ചിട്ടുണ്ട്.  നിരവധി റിസോര്‍ട്ടുകളുള്ള തൊള്ളായിരം മലയില്‍ ഒരു വീടിന് മാത്രമാണ് പദ്ധതി പ്രകാരം സൗജന്യ വൈദ്യുതി കണക്ഷന് അര്‍ഹതയുണ്ടായിരുന്നത്.  അവിടെനിന്ന് 30 ല്‍ അധികം പോസ്റ്റുകള്‍ സൗജന്യമായി സ്ഥാപിച്ച് മലമുകളിലേക്ക് വൈദ്യുതി എത്തിച്ചു. ഈ ലൈന്‍ അവസാനിക്കുന്നത് ദേജാവു എന്ന റിസോര്‍ട്ടിലാണ്. 

ഈ റിസോര്‍ട്ടിന്റെ കണക്ഷന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന തരത്തിലുള്ളതാണ്. മുന്‍ ഊര്‍ജ സെക്രട്ടറി ബി. അശോക്‌ ഐഎഎസിന്റേതാണ് ഈ റിസോര്‍ട്ട്. മലപ്പുറം സ്വദേശികളായ ചിലരാണ് ലീസിനെടുത്ത് റിസോര്‍ട്ട് നടത്തുന്നത്‌.

കഴിഞ്ഞ പ്രളയത്തിന്റെ സമയത്ത് തകര്‍ന്ന പോസ്റ്റുകള്‍ക്ക് പകരം യുദ്ധകാലാടിസ്ഥാനത്തില്‍ മെറ്റല്‍ പോള്‍ പോസ്റ്റുകളെത്തിച്ച് ശരിയാക്കിയാണ് വൈദ്യുതി എത്തിച്ചത്. 

12,800 രൂപയാണ് ഡോ. ബി. അശോക്‌ ഈ കെട്ടിടത്തിന് കണക്ഷന്‍ ലഭിക്കാനായി കെ.എസ്.ഇ.ബിക്ക് അടച്ചിരിക്കുന്നത്. അതായത് കെട്ടിടത്തിന്റെ സമീപത്തുള്ള വൈദ്യുത പോസ്റ്റിനും കണക്ഷനും മാത്രമുള്ള തുക. 

ബാക്കിയുള്ള 30 പോസ്റ്റുകള്‍ക്ക് ആരും പണമടച്ചതായി കെ.എസ്.ഇ.ബിയില്‍ രേഖകളില്ല. പദ്ധതിയുടെ ഭാഗമായാണ് പോസ്റ്റുകള്‍ സ്ഥാപിച്ചതെന്നും രേഖപ്പെടുത്തിയിട്ടില്ല.  ഇത്രയും പോസ്റ്റുകള്‍ സ്ഥാപിച്ച് റിസോര്‍ട്ടിലേക്ക് വൈദ്യുതി എത്തിക്കണമെങ്കില്‍ ലക്ഷങ്ങള്‍ കെ.എസ്.ഇ.ബിക്ക് അടയ്‌ക്കേണ്ടതുണ്ട്. കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്ന സമയത്ത് ഊര്‍ജ സെക്രട്ടറി ആയിരുന്നു ഡോ. ബി. അശോക്‌. 

എന്നാല്‍ ഇപ്പോഴും ഗാര്‍ഹിക കണക്ഷന്‍ എന്ന രീതിയിലാണ് ഇവിടുത്തെ വൈദ്യുത കണക്ഷന്‍. 

അത് റിസോര്‍ട്ടല്ല,  വീട്, ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതം

അതേസമയം വാര്‍ത്തകള്‍ നിഷേധിച്ച് ബി. അശോക് രംഗത്ത് വന്നു. ആരോപണങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നാണ് ഇദ്ദേഹം പറയുന്നത്. 

അവിടെയുള്ളത് റിസോര്‍ട്ടല്ല തന്റെ വീടാണെന്നാണ് അശോക് പറയുന്നത്. 2011 മുതല്‍ 2015വരെയുള്ള കാലത്ത് താന്‍ വായ്പയെടുത്തും മറ്റും ചെറിയൊരു വീട് അവിടെ നിര്‍മിച്ചിരുന്നു. ഒരു ഹോംസ്‌റ്റേ പ്രോപ്പര്‍ട്ടിയുടെ സ്ഥലം വാങ്ങിയാണ് വീട് നിര്‍മിച്ചത്. ഇതുരണ്ടുംകൂടിയുണ്ടാക്കിയ ആശയക്കുഴപ്പമാകാം തെറ്റിധാരണയ്ക്ക് കാരണം. 

തനിക്ക് വീട് വെച്ചുതന്ന കരാറുകാരന്‍ തന്നെയാണ് വൈദ്യുതി കണക്ഷനും എടുത്ത് നല്‍കിയത്. 

മേപ്പാടിയിലെ വൈദ്യുതീകരണത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും അവിടെ വൈദ്യുതി ലഭിച്ചിരുന്നു. അക്കൂട്ടത്തിലാണ് തന്റെ വീടിനും കണക്ഷന്‍ ലഭിച്ചത്. 

അവിടെയുള്ള റിസോര്‍ട്ടിന് സമീപമാണ് തന്റെ വീടുമുള്ളത്. രണ്ടും വേറെയാണ്. രണ്ടും കൂട്ടിക്കുഴച്ച് പറയുകയാണ് ചെയ്യുന്നതെന്നും അശോക് പറയുന്നു.

Content Highlights: KSEB irregularities in electricity connection