വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: ഭീമമായ നഷ്ടത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത സര്‍ക്കാരിന്റെ റെസലൂഷന്‍ പ്ലാനിന് എതിരെ കെ.എസ്.ഇ.ബി. കൊച്ചിയിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (NCLT) അംഗീകാരം നല്‍കിയ റെസലൂഷന്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി അപ്പീല്‍ നല്‍കി. ചെന്നൈയിലെ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണലില്‍ (NCLAT) ആണ് അപ്പീല്‍ നല്‍കിയത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് തങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക സംബന്ധിച്ച് പരാമര്‍ശിക്കാത്ത റെസലൂഷന്‍ പ്ലാന്‍ റദ്ദാക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.
കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎല്‍) എന്ന കമ്പനി രൂപീകരിച്ചാണ് കേന്ദ്രം വില്‍പ്പനയ്ക്കുവെച്ച ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. 145 കോടി രൂപയ്ക്കാണ് കേരള വ്യവസായ സൗകര്യ വികസന കോര്‍പറേഷന്‍ (കിന്‍ഫ്ര) ഏറ്റെടുത്തത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് വായ്പ നല്‍കിയിരുന്ന ആറ് ധനകാര്യ സ്ഥാപനങ്ങളും കിന്‍ഫ്ര സമര്‍പ്പിച്ച റെസലൂഷന്‍ പ്ലാനിനോട് യോജിച്ചിരുന്നു. തുടര്‍ന്നാണ് റെസലൂഷന്‍ പ്ലാനിന് കൊച്ചിയിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്.
ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി ചെന്നൈയിലെ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണലില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് തങ്ങള്‍ക്ക് 12.75 കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടെന്നും ഇത് നല്‍കുന്നത് സംബന്ധിച്ച് റെസലൂഷന്‍ പ്ലാനില്‍ വിശദീകരിച്ചിട്ടില്ലെന്നുമാണ് അപ്പീലില്‍ ആരോപിച്ചിരിക്കുന്നത്. തങ്ങള്‍ നല്‍കിയ വൈദ്യുതി കമ്പനിയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പുറമെ ന്യൂസ് പ്രിന്റിന്റെ ഉത്പാദനത്തിനും ഉപയോഗിച്ചിരുന്നു. അതിനാല്‍ കുടിശ്ശിക എഴുതിത്തള്ളുന്നത് 2003-ലെ വൈദ്യുതി നിയമത്തിന് എതിരാണെന്നും കെ.എസ്.ഇ.ബി ആരോപിക്കുന്നു. റെസലൂഷന്‍ പ്ലാന്‍ തയ്യാറാക്കിയവര്‍ക്ക് നിയമപരമായ നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ചപറ്റിയതായും കെ.എസ്.ഇ.ബി അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തങ്ങള്‍ക്ക് ലഭിക്കാനുള്ള തുക ഒറ്റ ഗഡുവായി ലഭിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപെടുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ റെസലൂഷന്‍ പ്ലാനില്‍ ഇല്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.എസ്.ഇ.ബി അവകാശപ്പെടുന്നതിന്റെ 16.3 ശതമാനം മാത്രമാണ് ഇതുവരെ കൈമാറിയിട്ടുള്ളത്. വെള്ളൂരിലെ ഫാക്ടറി അടച്ചുപൂട്ടിയതിന് ശേഷം ലേലനടപടികള്‍ നടന്ന കാലഘട്ടത്തിലെ വൈദ്യുതി ചാർജും തങ്ങള്‍ക്ക് നല്‍കണമെന്നും കെ.എസ്.ഇ.ബി അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത നടപടിയെ പൊതുമേഖല വ്യവസായ രംഗത്തെ ഇടത് സര്‍ക്കാരിന്റെ പുതിയ ചരിത്രം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഈ ഏറ്റെടുക്കല്‍ നടപടിയുടെ ഏറ്റവും നിര്‍ണ്ണായകമായ റെസലൂഷന്‍ പ്ലാനിനെതിരായാണ് സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബി നീക്കം നടത്തുന്നത്.
Content Highlights: kseb, velloor news print
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..