തിരുവനന്തപുരം: ഡാം തുറന്നു വിട്ടതില്‍ വീഴ്ച്ച പറ്റിയിട്ടില്ലെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. നൂറു ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ബാണാസുര സാഗര്‍ ഡാം തുറന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കെ എസ് ഇ ബിയുടെ പക്കലുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. 

ഇടുക്കി ഇടമലയാര്‍ ഡാമുകളാണ് കേരളം മുഴുവന്‍ ഉറ്റുനോക്കിക്കെണ്ടിരിക്കുന്നത്. ഈ ഡാമുകള്‍ തുറക്കുന്നതിനു മുമ്പായി എഞ്ചിനീയര്‍മാരുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയിലെത്തി. അലര്‍ട്ട് ലെവലുകള്‍ തയ്യാറാക്കി അതാതു സമയങ്ങളില്‍ ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണസേനയെയും അറിയിച്ചിരുന്നു. അങ്ങനെയാണ് ഈ രണ്ടു ഡാമുകളും തുറന്നു വിട്ടതിനു പിന്നാലെ ഉണ്ടാകാനിടയുണ്ടായിരുന്ന ഇതിലും വലിയൊരു ദുരന്തമൊഴിവാക്കിയത്.

ബാണാസുര സാഗര്‍ ഡാമിനെക്കുറിച്ചുയര്‍ന്ന പരാമര്‍ശങ്ങളും സത്യത്തിനു നിരക്കാത്തതാണ്. ജൂലൈ 15നു ഇടുക്കി ഡാം ലെവല്‍ തീരുമാനിക്കുന്നതിനു മുമ്പു തന്നെ ബാണാസുര സാഗര്‍ ഡാമിന്റ റിസര്‍വോയര്‍ നിറഞ്ഞതിനെത്തുടര്‍ന്ന് സ്പില്‍ ചെയ്തു തുടങ്ങിയതാണ്.

ഈ വിവരങ്ങളും ഡാമിന്റെ ചാര്‍ജുള്ള അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അധികൃതര്‍ക്ക് കൈമാറിയതാണ്. പ്രളയമുണ്ടാകുന്നതു മുന്‍കൂട്ടി അറിയാന്‍ കെ എസ് ഇ ബിക്കു കഴിയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും ജനങ്ങളെ രക്ഷപ്പെടുത്തുമായിരുന്നുവെന്നും എന്‍ എസ് പിള്ള പറയുന്നു. ഐ എം ഡിയെ ആശ്രയിക്കാനല്ലേ കെ എസ് ഇ ബിക്കു പറ്റുവെന്നും അദ്ദേഹം ചോദിക്കുന്നു.