കെ.എസ്.ശബരിനാഥൻ പോലീസ് സ്റ്റേഷനിൽ |ഫോട്ടോ:എസ്.ശ്രീകേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥനെ അറസ്റ്റ് ചെയ്തത് നാടകീയമായി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശബരിനാഥനെ മിനിറ്റുകള്‍ക്കകം തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
മുന്‍കൂര്‍ ജാമ്യം കോടതിയില്‍ പരിഗണിക്കുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു പോലീസിന്റെ നാടകീയ നീക്കം. ചോദ്യം ചെയ്യലിനായി രാവിലെ 10.28-നാണ് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്പാകെ ശബരിനാഥ് എത്തുന്നത്. ഇതിനിടയില്‍ അദ്ദേഹം മാധ്യമങ്ങളെ കാണുകയുണ്ടായി. പതിനൊന്ന് മണിക്ക് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിക്ക് മുമ്പാകെ പരിഗണനക്ക് എത്തി. ഹര്‍ജി തീര്‍പ്പാക്കും വരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പാടില്ലെന്ന് ഹര്‍ജി പരിഗണിച്ച ഉടന്‍ ജഡ്ജി സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചു. എന്നാല്‍ പിന്നീട് ശബരിനാഥന് ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്ന് ഗവ.പ്ലീഡര്‍ കോടതിയോട് പറഞ്ഞു. എപ്പോള്‍ അറസ്റ്റ് ചെയ്തെന്നും നടപടികള്‍ പാടില്ലെന്ന് അറിയിച്ചതല്ലേയെന്നും ജഡ്ജി ചോദിക്കുകയുണ്ടായി. കോടതി ചേരും മുമ്പ് തന്നെ 10.50-ഓടെ അറസ്റ്റിലായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍ ഹാജരാക്കണമെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്കി. കോടതി ഉച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ട സമയത്ത് ഒന്നും പറയാതിരുന്ന സര്‍ക്കാര്‍ അഭിഭാഷകന് 11.45-നാണ് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ആരോപിച്ചു. കോടതി നടപടി ഉണ്ടായ ശേഷം കേസ് പോലെ തന്നെ വ്യാജമായിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീരുത്വമാണ് ഇത് തെളിയിക്കുന്നത്. കരിങ്കൊടി കാണിക്കണമെന്ന് ഒരാള്‍ പറയുന്നതിന്റെ പേരില്‍ ഒരാളെ എങ്ങനെയാണ് അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
ഒരു കരിങ്കൊടി പ്രതിഷേധം പോലും നേരിടാനുള്ള ആര്‍ജ്ജവമില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭീരുത്വം വിളിച്ചോതുന്ന അറസ്റ്റാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..