ലയാളികളുടെ പ്രിയഗായിക കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യത്തിന്റെ ആദരം. പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമെന്ന് ചിത്ര മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. അപ്രതീക്ഷിതമായി ഒരു സന്തോഷം കിട്ടിയതു പോലെയാണിതെന്നും അവര്‍ പറഞ്ഞു.

ഗവണ്‍മെന്റിനും പ്രോത്സാഹനം നല്‍കിയവര്‍ക്കും സംഗീതപ്രേമികള്‍ക്കും നന്ദിയെന്നും അവര്‍ പറഞ്ഞു. സിനിമയില്‍ പാടിപ്പിച്ചവരും പ്രോത്സാഹനം തന്നവരുമായ പ്രൊഡ്യൂസേഴ്‌സ്, ഡയറക്ടര്‍മാര്‍, മ്യൂസിക് ഡയറക്ടര്‍മാര്‍, ഗാനരചയിതാക്കള്‍, റെക്കോഡിസ്റ്റ് വരെ എല്ലാവര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നെന്നും ചിത്ര പറഞ്ഞു.

എനിക്ക് പുരസ്‌ക്കാരം ലഭിച്ചു എന്നതു പോലെ തന്നെ മനസ്സിനു സന്തോഷം നല്‍കുന്ന കാര്യമാണ് എസ്.പി.ബി. സാറിനും കൈതപ്രം തിരുമേനിക്കും രാജ്യത്തിന്റെ ആദരം ലഭിച്ചു എന്നത്. ഈ അവസരത്തില്‍ സന്തോഷം നേരിട്ടറിയാക്കാന്‍, ഏറ്റുവാങ്ങാന്‍ എസ്.പി.ബി സാര്‍ നമുക്കൊപ്പമില്ലല്ലോ എന്നതില്‍  വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു.

കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ചിത്ര, തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇതിനു പുറമേ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണ ലഭിച്ച ചിത്രക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2005-ല്‍ ചിത്രയ്ക്ക് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

content highlights: ks chithra padmabhushan award