വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകണം - കൃഷ്ണകുമാര്‍


വിഷ്ണു കോട്ടാങ്ങല്‍

'ഈ തുറമുഖം വന്നില്ലെങ്കില്‍ കൊളംബോയിലെ ഹംബന്‍തോട്ട തുറമുഖത്തിനാണ് അതിന്റെ ഗുണം ലഭിക്കുക. അതിന്റെ പിന്നില്‍ ആരാണ്, ചൈനയാണ്. വിഴിഞ്ഞം പൂര്‍ത്തിയായാല്‍ ഇതിന് പുറമെ സിങ്കപ്പൂരിനേയും പ്രതികൂലമായി ബാധിക്കും. വിഴിഞ്ഞം ഇന്ത്യയ്ക്ക് വികസനത്തിന് കുതിപ്പേകുന്നതാണ്'

INTERVIEW

കൃഷ്ണകുമാർ | ഫോട്ടോ: മാതൃഭൂമി

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരവും സമരക്കാര്‍ക്കെതിരെ ബദല്‍ സമരവും ഇടതടവില്ലാതെ മുന്നോട്ടുപോകുന്നതിനിടെ സമരത്തിന് പരിഹാരം കാണാന്‍ ഇടപെടുമെന്ന് നടനും ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍. വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെയും സംസ്ഥാന സര്‍ക്കാരിനെയും അദാനിയെയും സമരക്കാരെയുമെല്ലാം ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിക്കാന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്താന്‍ തയ്യാറാണെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. വികസനം രാജ്യത്തിന് അത്യാവശ്യമാണ്. പക്ഷെ, വികസനം വരുമ്പോള്‍ ഒരുവിഭാഗം ആളുകള്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നതെങ്കില്‍ അത് പരിഹരിച്ചുവേണം മുന്നോട്ടുപോകാനെന്നും അദ്ദേഹം പറയുന്നു.

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. ഈയൊരു തുറമുഖം വന്നാല്‍ ഉണ്ടായേക്കാവുന്ന പ്രയോജനങ്ങളെന്തൊക്കെയാണെന്നാണ് കരുതുന്നത്?ഞാനൊക്കെ ചെറുപ്രായം മുതല്‍ കേള്‍ക്കുന്നതാണ് വിഴിഞ്ഞം തുറമുഖത്തെപ്പറ്റി. എന്നാല്‍ അതിനേപ്പറ്റി വിശദമായി നമുക്ക് അന്നറിയില്ല. എന്നാല്‍ ഇപ്പോള്‍ വിഷയങ്ങള്‍ വന്നസമയത്താണ് അറിയുന്നത് ഏതാണ്ട് 60 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ തുറമുഖത്തിനായി തറക്കല്ലിട്ടിരുന്നുവെന്നത്. ഞാനൊന്നും അന്ന് ജനിച്ചിട്ടുപോലുമില്ല. അവിടെ നിന്ന് ആറ് ദശകങ്ങളാണ് കടന്നുപോയത്. ഇത്രയും വലിയ വികസനത്തെ പലകാരണങ്ങളാല്‍ തടസ്സപ്പെടുത്തുകയുണ്ടായി. കേരളം ഒരു വ്യാവസായിക സംസ്ഥാനമല്ല എന്ന പേരും കിടക്കുകയാണ്. അത് മാറ്റിയെടുക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല പദ്ധതിയാണ് ഈ വിഴിഞ്ഞം തുറമുഖം.

ഭൂമിശാസ്ത്രപരമായും പ്രകൃത്യാതന്നെയും ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇവിടെയുള്ളത്. ഇത്രയും നല്ലൊരു സ്ഥലം തുറമുഖത്തിന് അനുയോജ്യമായത് ലോകത്ത് തന്നെ കാണുമോയെന്ന് സംശയിക്കണം. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കോടീശ്വരന്‍ അദാനി, ഗുജറാത്തുകാരന്‍, ഇവിടെ വന്ന് തുറമുഖം പണിയാന്‍ തുടങ്ങി. 7,000 കോടിയോളം ഇതിനായി മുടക്കി. ഇനി ആറുമാസം മുതല്‍ ഒരുവര്‍ഷത്തിനകം തുറമുഖം ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്.

തുറമുഖം വന്നുകഴിയുമ്പോഴേക്കും ഹോട്ടല്‍ വ്യവസായത്തിന്റെ രൂപത്തിലും ചുറ്റിലുമുള്ളവര്‍ക്ക് ജോലിയുടെ രൂപത്തിലും നമുക്ക് ചിന്തിക്കുന്നതിലും അപ്പുറം പ്രയോജനകരമായ തുറമുഖമായി ഇത് മാറും. ദുബായ്, സിങ്കപ്പുര്‍, ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖങ്ങളെയെല്ലാം വെല്ലുന്ന രീതിയിലുള്ളതാണ് വിഴിഞ്ഞത്തേത്. വന്നുകഴിഞ്ഞാല്‍ എല്ലാവര്‍ക്കും അഭിനമാനിക്കാന്‍ സാധിക്കുന്ന ഒന്നായി മാറും.

ഗൗതം അദാനിക്കൊപ്പം കൃഷ്ണകുമാര്‍

ഇതിനായി കേരളത്തില്‍ വന്ന് ഇത്രയധികം തുക മുടക്കിയ അദാനിക്ക് നന്ദിപറയുകയാണ്. അദ്ദേഹത്തെ അടുത്ത കാലത്ത് ഗുജറാത്തില്‍ വെച്ച് കാണാന്‍ സാധിച്ചിരുന്നു. അന്ന് തുറമുഖവുമായി ബന്ധപ്പെട്ട് വളരെയധികം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തതാണ്. സമരത്തിന്റെ പ്രശ്നങ്ങളും ഇവിടുത്തെ ജനങ്ങളുടെ പ്രയാസങ്ങളും എല്ലാം സംസാരിച്ചു. എല്ലാത്തിനും നമുക്ക് പരിഹാരമുണ്ടാക്കണമെന്നാണ് അപ്പൊഴൊക്കെയും അദ്ദേഹം സ്വീകരിച്ച നിലപാട്. എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന പരിഹാരം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. എത്രയും പെട്ടെന്ന് ഇതിന് ശാശ്വതമായ പരിഹാരം കാണുമെന്നാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അറിയാന്‍ കഴിഞ്ഞത്.

തുറമുഖത്തിനെതിരായ സമരത്തേപ്പറ്റി പറഞ്ഞു. അവിടെ തുറമുഖത്തിനെതിരായും, തുറമുഖത്തിനെതിരായ സമരത്തിനെതിരെയും സമരം നടക്കുകയാണ്. ഒപ്പം സര്‍ക്കാരും അദാനിയുമൊക്കെ വേറൊരു വശത്തും. ആര് പറയുന്നതാണ് ശരിയെന്നതാണ് താങ്കള്‍ക്ക് തോന്നുന്നത്?

ഇത് പറയുമ്പോള്‍ ജപ്പാനിലൊരു ചൊല്ലുണ്ട്, ആരുടെ ഭാഗത്താണ് ശരിയെന്നതിനേക്കാള്‍ എന്താണ് ശരിയെന്നാണ് നോക്കേണ്ടത്. വികസനം രാജ്യത്തിന്റെ അത്യാവശ്യമായ ഒരുസംഭവമാണ്. പക്ഷെ, വികസനം വരുമ്പോള്‍ ഒരുവിഭാഗം ആളുകള്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നതെങ്കില്‍ അത് പരിഹരിച്ചുവേണം മുന്നോട്ട് പോകാന്‍.

ഞാനൊക്കെ മത്സ്യം ധാരാളം കഴിക്കുന്ന ആളാണ്. ചെറുപ്രായം മുതല്‍ തന്നെ, എന്റെ വീട്ടില്‍ മത്സ്യം കൊണ്ടുതരുന്നവരുണ്ട്. സ്റ്റെല്ല, വിമല അങ്ങനെ എന്റെ കുടുംബത്തിലെ അംഗങ്ങളേപ്പോലെയാണ് അവരെയൊക്കെ കണ്ടിരുന്നത്. ഇവരുടെയൊക്കെ വീടുകളില്‍ ഇപ്പോഴും പോകുന്നുമുണ്ട്. പക്ഷെ ഇവിടെയൊക്കെ പോകുമ്പോള്‍ കാണുന്നത് ഇവരുടെ ദുരിതം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്തുകൊണ്ട് ഒരു ശാശ്വത പരിഹാരം കണ്ടെത്തിയില്ല. കുട്ടിക്കാലത്ത് നമ്മള്‍ പോകുമ്പോള്‍ തീരത്തുനിന്ന് അരക്കിലോമീറ്ററോളം പോകണം കടലിലേക്ക് എത്താന്‍. അവിടെയാണ് ഇവര്‍ വല ഉണക്കാനിടുന്നതും വള്ളങ്ങള്‍ കയറ്റിവെക്കുന്നതും മത്സ്യങ്ങള്‍ ഉണക്കാനിടുന്നതുമൊക്കെ. കഴിഞ്ഞ 30 മുതല്‍ 40 വര്‍ഷത്തനിടെ തീരശോഷണം മൂലം കടല്‍തീരം ചെറുതായി ചെറുതായി ഇല്ലാതായി. ശംഖുമുഖം കടപ്പുറത്ത് ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ പോയിരിക്കുമായിരുന്നു. ഇപ്പോള്‍ ആ കടപ്പുറമില്ല. 2005ല്‍ വളരെയെധികം വിഷയമുണ്ടായതാണ്. അതിന് ശേഷം തീരമുണ്ടാകുന്നത് കുറഞ്ഞു.

അപ്പോള്‍ എവിടെയാണിതിന്റെ പ്രശ്നം. ഇവരെ പുനരധിവസിപ്പിക്കാന്‍ തീരം തന്നെ വേണം, അവിടെ ജീവിച്ചാലെ ഇവര്‍ക്ക് തൊഴിലെടുത്ത് ജീവിക്കാന്‍ സാധിക്കു എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു. ആഗോളതാപനം മൂലം ലോകം മുഴുവന്‍ തീരശോഷണം സംഭവിക്കുകയാണ്. വികസിത രാജ്യങ്ങളിലൊക്കെ മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് ഒരുകിലോമീറ്റര്‍ മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് മാറ്റി താമസിക്കാനുള്ള സൗകര്യങ്ങള്‍ കൊടുക്കുന്നു. എന്നിട്ട് തീരത്തിനോട് ചേര്‍ന്ന് ചെറിയ മത്സ്യബന്ധന ഹാര്‍ബര്‍ നിര്‍മിച്ച് നല്‍കും.

അതുപോലെ ഇവിടെയും മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ സൂക്ഷിക്കാനും സുരക്ഷിതമായി താമസിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കികൊടുക്കണം. ഇതെല്ലാം മുന്നില്‍ കണ്ട് തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ ഒരു നിവേദനം കൊടുത്തിരുന്നു. വലിയ തുറയില്‍ മിനി ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കുന്നതിന് വേണ്ടി ആയിരുന്നു അത്. പ്രധാനമന്ത്രി ഉടനടി നടപടിയെടുക്കുകയും തുടര്‍ പ്രവര്‍ത്തനത്തിനായി രണ്ട് കേന്ദ്രമന്ത്രിമാര്‍ വലിയതുറ സന്ദര്‍ശിക്കുകയും ചെയ്തു..

അന്ന് കേന്ദ്ര സഹമന്ത്രിയായിരുന്ന മുരുകന്‍ജി വളരെ വിശാലമായൊരു പദ്ധതി ഇവിടെ വെച്ച് ആവിഷ്‌കരിക്കുകയും അത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുകയും ചെയ്തു. പക്ഷെ, ഇപ്പോഴും അതിന് താഴേത്തട്ടില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. ഇത് മത്സ്യത്തൊഴിലാളികള്‍ മനസിലാക്കണം. നിങ്ങളെന്നും ഈ കഷ്ടപ്പാടില്‍ കഴിയേണ്ടവരല്ല. നിങ്ങള്‍ക്കും നല്ലരീതിയില്‍ ജീവിക്കാന്‍ കഴിയണം. നമ്മളെല്ലാമൊരു കുടുംബമാണ്. അതുകൊണ്ട് എല്ലാവര്‍ക്കും പരിക്കുകളില്ലാതെ, എന്നാല്‍ കുറച്ച് വിട്ടുവീഴ്ചകള്‍ ചെയ്ത് എല്ലാ കക്ഷികളും ഒന്നിക്കണം. അതില്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും, അദാനിയും, സമരത്തെ എതിര്‍ക്കുന്ന അതിരൂപതയും, അവരെ എതിര്‍ക്കുന്ന ജനകീയ കൂട്ടായ്മയുമൊക്കെ വേണം.