കൊച്ചി: എറണാകുളം മുൻ ജില്ലാ കലക്ടറും ഔഷധി ചെയർമാനുമായ കെ ആർ വിശ്വംഭരൻ ഐ എ എസ് (70) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സിയിലായിരുന്നു.

ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഔഷധി ചെയർമാൻ, കെ ബി പി എസ് എം ഡി,പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ സമര സേനാനിയും കെപിസിസി അംഗവുമായിരുന്ന കെ.വി അച്യുതന്റേയും കെ.എസ് തങ്കമ്മയുടേയും മകനായി മാവേലിക്കരക്ക് സമീപം കുന്നം ഗ്രാമത്തിലായിരുന്നു ജനനം. സ്‌കൂള്‍ പഠനം കുന്നം ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പ്രീഡിഗ്രി മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജിലുമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഡിഗ്രിയും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും പി.ജിയും എറണാകുളം ലാ കോളേജില്‍ നിയമ പഠനവും പൂര്‍ത്തിയാക്കി. അലഹബാദ് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പിന്നീട് പി.എച്ച്ഡിയെടുത്തു. 

യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലം മുതല്‍ ഇടത് സഹയാത്രികനായിരുന്നു. ലോ കോളേജിലെ മാഗസിന്‍ എഡിറ്ററായി എസ്.എഫ്.ഐ പാനലില്‍ മത്സരിച്ചു തോറ്റു. അവസാനവര്‍ഷ നിയമ പഠന വിദ്യാര്‍ഥിയായിരിക്കെ കാനറ ബാങ്കില്‍ ജോലി ലഭിച്ചു. നാലര വര്‍ഷത്തിന് ശേഷം സംസ്ഥാന റവന്യൂ സര്‍വ്വീസില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടറായി. ഐ.എ.എസ് ലഭിച്ച് ജില്ലാ കളക്ടറായി. അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലാ കളകടറായിരിക്കെ കടലാസ്സിലായിരുന്ന ഗോശ്രീ പാലത്തി നായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 

ഭാര്യ പി.എം. കോമളം. മക്കള്‍ അഭിരാമന്‍, അഖില

 Content Highlights:KR Viswambharan IAS passed away