Screengrab: Mathrubhumi News
തിരുവനന്തപുരം: കോട്ടയത്തെ കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 50 ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ഥികള്‍ അറിയിച്ചത്. സമരം ഒത്തുതീര്‍ന്നതായി മന്ത്രി ആര്. ബിന്ദുവും പ്രതികരിച്ചു.
ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. അദ്ദേഹം കഴിഞ്ഞദിവസം രാജിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഡയറക്ടറെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കി. പുതിയ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഒഴിഞ്ഞുകിടക്കുന്ന സംവരണസീറ്റുകള്‍ നികത്തും. കെ.ജയകുമാര്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡയറക്ടറെ മാറ്റുകയെന്ന ആവശ്യം കൂടാതെ തങ്ങള്‍ ഉന്നയിച്ച ബാക്കി 14 ആവശ്യങ്ങള്‍ക്കും മന്ത്രിയില്‍നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികളുടെ പ്രതിനിധിയായ ശ്രീദേവ് സുപ്രകാശും വ്യക്തമാക്കി. മാധ്യമങ്ങള്‍, ഭക്ഷണം നല്കിയ നാട്ടുകാര്‍ തുടങ്ങിയ സമരവുമായി സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണനുമായി ഇനി സഹകരിക്കില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയല്ലെന്നും അതിനാല്‍ ഇനി സഹകരിക്കില്ലെന്നും വിദ്യാര്‍ഥി പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണകള്‍...
ഡയറക്ടറെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നിയമനനടപടികള്‍ ത്വരിതപ്പെടുത്തും.
ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകള്‍ നികത്താന്‍ നടപടിയെടുക്കും.
അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ സംവരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ പ്രോസ്പെക്ടസില്‍ വ്യക്തമാക്കും.
ഡയറക്ടറുടെ വസതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന പ്രവണത ആവര്‍ത്തിക്കില്ല എന്ന് ഉറപ്പാക്കും
വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരംസംവിധാനം എന്ന നിലയില്‍ വിദ്യാര്‍ത്ഥി ക്ഷേമസമിതി രൂപവത്കരിക്കും. ഈ സമിതിയുടെ ചെയര്മാന് സ്വീകാര്യതയുള്ള ഒരു സീനിയര്‍ ഫാക്കല്‍റ്റി അംഗമായിരിക്കും.
പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തിലും മറ്റ് അരികുവത്കൃത വിഭാഗങ്ങളിലുംപെട്ട വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പരാതികള്‍ യഥാസമയം പരിശോധിച്ച് പരിഹരിക്കാനും ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി രൂപവത്കരിക്കും.
അക്കാദമിക് പരാതികള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കും
കോഴ്സിന്റെ ദൈര്‍ഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ അക്കാദമിക് വിഷയങ്ങളില്‍ വിദഗ്ധരായവരുടെ സമിതി രൂപവത്കരിക്കും
കോഴ്സ് ഫീ സംബന്ധിച്ച വിഷയവും വര്ക്ഷോപ്പുകള്, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്കുള്ള പരാതികളും കമ്മിറ്റി പരിശോധിക്കും.
ഡിപ്ലോമകള്‍ സമയബന്ധിതമായി നല്കാന് നടപടി സ്വീകരിക്കും; ഇതിനകം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം മാര്‍ച്ച് 31 ന് മുമ്പ് ഡിപ്ലോമ നല്‍കും.
പ്രധാന അധികാരസമിതികളില്‍ വിദ്യാര്‍ഥിപ്രാതിനിധ്യം കൊണ്ടുവരും.
വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളില്‍ കേസുകള്‍ രമ്യമായി പരിഹരിക്കാന്‍ സംവിധാനമൊരുക്കും.
നിര്‍വ്വാഹകസമിതി യോഗങ്ങള്‍ കൃത്യമായി ചേരുന്നുണ്ടെന്ന് ഉറപ്പാക്കും.
കമ്മീഷന് റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും
വിദ്യാര്‍ഥികള്‍ പ്രശ്നങ്ങള്‍ ഉന്നയിച്ച ബൈലോയിലെയും ബോണ്ടിലെയും വിഷയങ്ങള്‍ പരിശോധിക്കും
Content Highlights: kr narayanan institute students strike revoked
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..