ശങ്കർ മോഹൻ | ഫോട്ടോ: യു.എൻ.ഐ
കോട്ടയം: തെക്കുംതല കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ കമ്മിഷന് ശരിയായ പഠനം നടത്തിയില്ലെന്ന് രാജിവെച്ച ഡയറക്ടര്‍ ശങ്കര്‍ മോഹന്‍. കമ്മിഷന് കളക്ടറേറ്റിലേക്ക് ആളുകളെ വിളിപ്പിച്ചെങ്കിലും ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായം തേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനാലാണ് ചുമതലയേറ്റത്. താന്‍ ഡല്‍ഹിക്ക് മടങ്ങുകയാണെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.
സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2010-ല്‍ സമരംനടന്നപ്പോള് താനാണ് അന്വേഷിച്ചത്. 210 പേജ് റിപ്പോര്‍ട്ടും നല്കി. ഇവിടെയും വിശദപഠനം വേണമായിരുന്നു. ഇവിടെ ജാതി, മാര്‍ക്കറ്റിങ് ഉപകരണമാക്കി. വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്നില്ല. മികച്ച കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പക്ഷേ, അവരെ ചില ജീവനക്കാര്‍ പ്രയോജനപ്പെടുത്തി. ഫയല്‍ വൈകിച്ചതിന് കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ച ആളും പുറത്താക്കിയ സുരക്ഷാ ജീവനക്കാരനുമാണ് ഇതിനുപിന്നില്‍.
താന്‍ ജാതിപറയുകയോ, ആ രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, സ്ഥാപനത്തില്‍ അച്ചടക്കം കൊണ്ടുവന്നു. ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തി. പഠനം ചിട്ടയാക്കി. ഇതെല്ലാം ഇഷ്ടപ്പെടാത്തവര്‍ക്ക് താന്‍ വെറുക്കപ്പെട്ടവനായി. മാധ്യമങ്ങളെയും അവര്‍ ഉപയോഗിച്ചു. സംവരണത്തെ പൂര്‍ണമായും അംഗീകരിക്കുന്ന ആളാണ് താന്‍. എല്ലാ മാനദണ്ഡങ്ങളും പാലിച്ചു. തന്റെ ഭാഗത്തുനിന്ന് ഒരിക്കലും ജാതിവിവേചനം ഉണ്ടായിട്ടില്ല,-അദ്ദേഹം പറഞ്ഞു.
ക്ലാസുകള്‍ തുടങ്ങി; അധ്യാപകരില്ലാത്തത് പ്രശ്നം
വിദ്യാര്‍ഥിസമരം അവസാനിച്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസുകള്‍ തുടങ്ങി. എന്നാല്‍, ഡീനും അധ്യാപകരും രാജിവെച്ചത് പഠനത്തെ ബാധിക്കും.
ഡയറക്ടര്‍ക്ക് പിന്തുണ അറിയിച്ച് ഡീന്‍ എസ്.ചന്ദ്രമോഹന് നായര്‍, സിനിമറ്റോഗ്രഫി വിഭാഗം മേധാവി ഫൗസിയ ഫാത്തിമ, ഓഡിയോ വിഭാഗം മേധാവി പി.എസ്. വിനോദ്, സിനിമറ്റോഗ്രഫി അസോസിയേറ്റ് പ്രൊഫ. നന്ദകുമാര്‍ ടി.മേനോന്, അഡ്മിനിസ്ട്രേഷന് ഓഫീസര്‍ അനില്‍കുമാര്‍ നായര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. പുതിയ അധ്യാപകരെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സമരം കഴിഞ്ഞതിനാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവര്‍ പറഞ്ഞു.
Content Highlights: kr narayanan institute issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..