തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കെ.പി.എം.ജിയെ മുഖ്യ ഉപദേശക ചുമതലക്കാരായി നിയമിക്കും. മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. വിഭവ സമാഹരണത്തിനും അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്താനും പ്രത്യേകം കമ്മറ്റികള്‍ നിയോഗിക്കും. 

നവകേരള നിര്‍മ്മാണം പ്രത്യേക അജണ്ടയായി എടുത്താണ് ഇന്നത്തെ മന്ത്രിസഭാ യോഗം ചേര്‍ന്നത്. റീബില്‍ഡിങ്ങ് കേരള എന്ന തലക്കെട്ടോടുകൂടിയുള്ള 15 പേജുള്ള നോട്ടാണ് മന്ത്രിസഭ ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഈ യോഗത്തിന്റെ തീരുമാനമായാണ് പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കെ.പി.എം.ജിയെ മുഖ്യ ഉപദേശക ചുമതലക്കാരായി നിയമിക്കാനുള്ള തീരുമാനം.

നിലവില്‍ നവകേരള നിര്‍മ്മാണം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തില്‍ പഠനം നടത്താനായിരുന്നു കെ.പി.എം.ജിയെ നിയമിച്ചിരുന്നത്. ഇതൊരു സ്ഥിരം സംവിധാനം അല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇവര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഒരുത്തരവ് പുറത്തിറക്കുകയായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നും കടന്ന് നവകേരള നിര്‍മ്മാണത്തിന്റെ പൂര്‍ണ ഉപദേശക ചുമതല കെ.പി.എം.ജിക്ക് നല്‍കിയിരിക്കയാണ്. നവകേരള നിര്‍മ്മാണത്തിന്റെ പ്ലാനുകളും മറ്റും തയ്യാറാക്കുന്നത് കെ.പി.എം.ജി ആയിരിക്കും. 

നികുതി സംബന്ധമായ കേസുകള്‍ ഉള്ളതിനാല്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഇവരെ ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കെ.പി.എം.ജി.യുടെ വിശ്വാസ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മന്ത്രി ഇ.പി. ജയരാജന് കത്ത് നല്‍കിയിരുന്നു.