തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ്  നേതാവ് കെ ശിവദാസൻ നായരുടെ സസ്പെൻഷൻ കെപിസിസി പിൻവലിച്ചു. അച്ചടക്കലംഘനത്തിന് നൽകിയ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ പിൻവലിക്കുന്നതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. 

കോൺഗ്രസിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരിലാണ് ശിവദാസൻ നായർക്കെതിരെ നടപടിയെടുത്തത്. ഇതിന് പിന്നാലെ കെപിസിസി അദ്ദേഹത്തിന് നോട്ടീസ് നൽകുകയും പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. 

പാർട്ടി നൽകിയ നോട്ടീസിന് അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ സസ്പെൻഷൻ പിൻവലിച്ച് പാർട്ടിയിൽ തിരികെ എടുക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ കെ സുധാകരൻ വ്യക്തമാക്കി.

മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസിൽ നിന്ന് നേതാക്കൾ സിപിഎമ്മിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് കെ ശിവദാസൻ നായരുടെ സസ്പെൻഷനും പിൻവലിച്ചത്. 

നേതാക്കൾ പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ കെ സുധാകരനെ കണ്ട് ആശങ്ക അറിയിച്ചിരുന്നു. ബെന്നി ബെഹനാൻ പരസ്യമായിത്തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. 

കോൺഗ്രസിൽ നിന്ന് രാജിവെച്ച എവി ഗോപിനാഥുമായി ചർച്ച ചെയ്യാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Content Highlights: KPCC withdraw Sivadasan nair's suspension