ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ പേരില്‍ എ.കെ ആന്റണിയേയും കെ.സി വേണുഗോപാലിനേയും കുറ്റപ്പെടുത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ ഏബ്രഹാം. രാഷ്ട്രീയ വിശുദ്ധിയുടെയും,ധാര്‍മ്മികതയുടെയും,സത്യസന്ധതയുടെയും ദേശീയ രാഷ്ട്രീയത്തിലെ വിളക്കുമരമാണ് എ.കെ ആന്റണി. ആ റോള്‍ മോഡല്‍ ദേശീയ രാഷ്ട്രീയത്തിലെ സമവാക്യങ്ങളില്‍ എന്നും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ്.
എ.ഐ.സി.സി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിശ്വസ്തത ആര്‍ജ്ജിക്കുകയും ചെയ്ത കെ.സി വേണുഗോപാലിനെതിരെയും സമാനമായ ആക്രമണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഴിച്ചു വിട്ടിരിക്കുന്നു.
പതിനാറാം ലോക്‌സഭയില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരോടൊപ്പം മുന്‍നിര പോരാട്ടക്കാരനായി സംഘ പരിവാര്‍ രാഷ്ട്രീയത്തിനെതിരെ കഴിവ് തെളിയിച്ചപ്പോള്‍ മുതലാണ് കെ.സി യെയും ലക്ഷ്യമിട്ട് തുടങ്ങിയത്. പാര്‍ട്ടി അഭിമുഖീകരിക്കുന്ന നിര്‍ണ്ണായക പ്രതിസന്ധിയില്‍ രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ ഉപകരണങ്ങളായി ജീര്‍ണ്ണതയുടെ രാഷ്ട്രീയം പേറുന്ന, കര്‍ട്ടന്റെ പിറകില്‍ നില്‍ക്കുന്ന വിഡ്ഢികളുടെ ലോകത്തു ജീവിക്കുന്ന ഇത്തരം 'പഴം തീനി വവ്വാലുകള്‍' ക്കെതിരെതികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു
ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത പരാജയം നേരിടേണ്ടി വന്നു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതു സംബന്ധിച്ച് അനശ്ചിതാവസ്ഥ നിലനില്ക്കുന്നു. ഈ അവസരം ഉപയോഗിച്ചുകൊണ്ട് പാര്‍ട്ടിയുടെ സ്‌നേഹിതന്‍മാരും അഭ്യൂദയകാംക്ഷികളും ആണെന്ന വ്യാജേന പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിരാശയും അന്യതാ ബോധവും വളര്‍ത്താനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ അധിക്ഷേപിക്കുന്നതിനും ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളെ അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ വിശുദ്ധിയുടെയും,ധാര്‍മ്മികതയുടെയും,സത്യസന്ധതയുടെയും ദേശീയ രാഷ്ട്രീയത്തിലെ വിളക്കുമരമാണ് എ.കെ ആന്റണി.
രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യ ബോധമുള്ള വിദ്യാഭ്യാസം നല്‍കുന്ന പാഠ്യപദ്ധതിയാണ് ആന്റണിയുടെ സുതാര്യമായ ജീവിതം.
മാനവികതയുടെയും അഴിമതി രഹിത രാഷ്ട്രീയത്തിന്റയും സൂര്യന്‍ ആന്റണിയുടെ വഴികളില്‍ എന്നും ജ്വലിച്ചു നിന്നിട്ടുണ്ട്.
എ.കെ ആന്റണി എന്ന റോള്‍ മോഡല്‍ ദേശീയ രാഷ്ട്രീയത്തിലെ സമവാക്യങ്ങളില്‍ എന്നും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ്.
അദ്ദേഹത്തിന്റെ വ്യക്തിത്വത്തെപറ്റിയുള്ള സൂഷ്മമായ വിലയിരുത്തലാണ്-അദ്ദേഹം വച്ചുപുലര്‍ത്തുന്ന ലാളിത്യവും, ജീവിത വിശുദ്ധിയും,സത്യസന്ധതയും,മാന്യതയും.
എ.കെ ആന്റണി തുറന്നുവിട്ട ചിന്താധാരകള്‍ ലക്ഷക്കണക്കിന് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ദിശാബോധവും ആദര്‍ശത്തിന്റെ വഴിത്താരകളും സൃഷ്ടിച്ചിട്ടുണ്ട്.
മതനിരപേക്ഷത,ബഹുസ്വരത,സഹിഷ്ണുത എന്നീ ഗാന്ധിയന്‍,നെഹ്‌റുവിയന്‍ ജനാധിപത്യ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെ കാലിക പ്രസക്തി തന്റെ ജീവിതത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത് എ.കെ ആന്റണിയാണ്.
എ.ഐ.സി.സി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിശ്വസ്തത ആര്‍ജ്ജിക്കുകയും ചെയ്ത കെ.സി വേണുഗോപാലിനെതിരെയും സമാനമായ ആക്രമണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഴിച്ചു വിട്ടിരിക്കുന്നു.
യുവജന,വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയ നേരിന്റേയും നെറിയുടെയും സമരോല്‍സുകതയുടെയും ഉല്‍പ്പന്നമാണ് കെ.സി
പതിനാറാം ലോക്‌സഭയില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരോടൊപ്പം മുന്‍നിര പോരാട്ടക്കാരനായി സംഘ പരിവാര്‍ രാഷ്ട്രീയത്തിനെതിരെ കഴിവ് തെളിയിച്ചപ്പോള്‍ മുതലാണ് കെ.സി യെയും ലക്ഷ്യമിട്ട് തുടങ്ങിയത്.
ഇന്ത്യ എന്ന ആശയവും,മതനിരപേക്ഷ സങ്കല്പങ്ങളും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും കൂടുതല്‍ അപകടത്തിലായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിശ്വസ്തതയും, പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന എ.കെ ആന്റണിയുടെയും കെ.സി യുടെയും നേതൃത്വം അത്യന്താപേക്ഷിതവും അനിവാര്യമാണ് ഇവര്‍ക്കെതിരെ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ശക്തിയായി അപലപിക്കുന്നു.
പാര്‍ട്ടി അഭിമുഖീകരിക്കുന്ന നിര്‍ണ്ണായക പ്രതിസന്ധിയില്‍ രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ ഉപകരണങ്ങളായി ജീര്‍ണ്ണതയുടെ രാഷ്ട്രീയം പേറുന്ന, കര്‍ട്ടന്റെ പിറകില്‍ നില്‍ക്കുന്ന വിഡ്ഢികളുടെ ലോകത്തു ജീവിക്കുന്ന ഇത്തരം 'പഴം തീനി വവ്വാലുകള്‍' ക്കെതിരെതികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Content Highlights: Kpcc treasurer johnson abraham facebook post, A K Antony, k c venugopal